പ്രതിഷേധമായി ജില്ലയിലെ ഹര്‍ത്താല്‍
കല്‍പ്പറ്റ: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് യു.ഡി.എഫും എല്‍.ഡി.എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം.
വയനാട്ടിലെ പ്രധാന ടൗണുകളിലെല്ലാം തന്നെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഏതാനം സ്വകാര്യവാഹനങ്ങളൊഴിച്ച് ഭൂരിഭാഗം വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കെ.എസ്.ആര്‍.ടി സിയും സ്വകാര്യബസുകളും ജില്ലയില്‍ സര്‍വിസുകളൊന്നും നടത്തിയില്ല. ജില്ലയില്‍ ഹര്‍ത്താല്‍ തീര്‍ത്തും സമാധാനപരമായിരുന്നു. ഇരുചക്രവാഹനങ്ങളും ഇത്തവണ നിരത്തിലിറങ്ങിയത് കുറവായിരുന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില തീരെ കുറവായിരുന്നു. ജില്ലയിലെ പ്രധാന ടൗണുകളായ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളിലും മീനങ്ങാടി, പനമരം, പടിഞ്ഞാറത്തറ, മേപ്പാടി, പുല്‍പ്പള്ളി, കമ്പളക്കാട് തുടങ്ങി ജില്ലയുടെ മുക്കിലും മൂലയിലും ഹര്‍ത്താല്‍ പ്രതിധ്വനിച്ചു. സാധാരണ ഹര്‍ത്താല്‍ ദിവസം തുറക്കാറുള്ള പെട്ടിക്കടകള്‍ പോലും ഭൂരിഭാഗവും അടഞ്ഞുകിടന്നു. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ വാഹനങ്ങള്‍ അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ടു.
ഇന്ധനവിലവര്‍ധനവ് രൂക്ഷമായ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന ഹര്‍ത്താലില്‍ എല്ലാവരും ഒരുപോലെ പിന്തുണച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ ജില്ലയിലെ ടൗണുകളില്‍ രാവിലെ പ്രകടനം നടത്തി.
സുല്‍ത്താന്‍ ബത്തേരിയില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെത്തുന്ന വാഹനങ്ങളെയും പത്രം, പാല്‍ എന്നിവയെയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."