പൊതുതെരഞ്ഞെടുപ്പ്: സ്വീഡനില്‍ തൂക്കുസര്‍ക്കാര്‍; നേട്ടംകൊയ്ത് വലതുപക്ഷ പാര്‍ട്ടി
സ്റ്റോക്ക്‌ഹോം: കുടിയേറ്റ വിരുദ്ധ പ്രചാരണം മുഖ്യവിഷയമായ സ്വീഡന്‍ പൊതു തെരഞ്ഞെടുപ്പില്‍ തൂക്കുസര്‍ക്കാര്‍ ഭരണം നടത്തും. 99 ശതമാനം വോട്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ ആര്‍ക്കും സ്വന്തമായി ഭരിക്കാനുള്ള 175 സീറ്റുകള്‍ നേടാനായില്ല. പ്രവാസികളുടെ വോട്ടുകള്‍ എണ്ണാനുള്ളതിനാല്‍ അന്തിമ ഫലം ബുധനാഴ്ചയോടെ പുറത്തുവിട്ടേക്കും.
144 സീറ്റുകള്‍ നേടിയ ഭരണകക്ഷിയായ സോഷ്യല്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയാണ് മുന്നിലുള്ളത്. 40.6 ശതമാനം വോട്ടുകളാണ് ഇവര്‍ നേടിയത്. 40.3 ശതമാനം വോട്ടുകള്‍ നേടി 142 സീറ്റുകള്‍ കരസ്ഥമാക്കിയ സെന്റര്‍ റൈറ്റ് പാര്‍ട്ടിയാണ് തൊട്ടുപിറകിലുള്ളത്. നിയോ നാസുകളുമായി ബന്ധം പുലര്‍ത്തുന്ന സ്വീഡന്‍ ഡമോക്രാറ്റിക് (എസ്.ഡി) പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത്. 17.6 ശതമാനം വോട്ടുകള്‍ നേടി 63 സീറ്റുകളാണ് എസ്.ഡിക്ക് ലഭിച്ചത്. 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് 49 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 12.9 ശതമാനം വോട്ടുകള്‍.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ സോഷ്യല്‍ ഡമോക്രാറ്റിക്ക്, സെന്റര്‍ റൈറ്റ് പാര്‍ട്ടികള്‍ ആരംഭിച്ചു. എന്നാല്‍ വലതുപക്ഷമായ എസ്.ഡിയുമായി ചേര്‍ന്നുള്ള ഭരണത്തിനില്ലെന്നും മറ്റു പാര്‍ട്ടികളുമായി ചര്‍ച്ചക്ക് തയാറാണെന്നും ഇരുപാര്‍ട്ടികളും അറിയിച്ചു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറാണെന്ന് നിലവിലെ പ്രധാനമന്ത്രി ലോഫ്‌വെന്‍ പറഞ്ഞു. സാഹചര്യം അനുസരിച്ച് ഏത് പാര്‍ട്ടികളുമായും ചര്‍ച്ചക്ക് തയാറാണെന്നും എന്നാല്‍ നാസികളുമായി യാതൊരു ഒത്തുതീര്‍പ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് ധാര്‍മിക ഉത്തരവാദിത്വമുണ്ട്. എല്ലാ നന്മയുടെ ശക്തികളെയും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഭയാര്‍ഥി പ്രശ്‌നമായിരുന്നു ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം. എസ്.ഡി പാര്‍ട്ടിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേട്ടം കൊയ്യാനായത് ഇക്കാരണത്താലാണ്. 2015ല്‍ 1,63000 അഭയാര്‍ഥികളെയാണ് സ്വീഡന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ജനസംഖ്യാനുപാതികമായി യൂറോപ്യന്‍ യൂനിയനില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിച്ചത് സ്വീഡനായിരുന്നു. എസ്.ഡി അഭയാര്‍ഥി വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."