സൂപ്പര്‍ ദ്യോകോവിച്ച്; കിരീട നേട്ടത്തില്‍ പീറ്റ് സാംപ്രാസിനൊപ്പം
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ച് കിരീടം ചൂടി. ഫൈനലില്‍ അര്‍ജന്റീനന്‍ താരവും മുന്‍ ചാംപ്യനുമായ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ദ്യോകോവിച്ച് കിരീടം ചൂടിയത്.
ദ്യോകോവിച്ചിന്റെ കരിയറിലെ 14മത്തെ ഗ്രാന്റ്‌സ്‌ലാം കിരീടമാണ് ഇത്. 6-3, 7-6, 6-3 എന്ന സ്‌കോറിനായിരുന്നു ദ്യോകോവിച്ചിന്റെ ജയം. ഈ വര്‍ഷം ദ്യോകോവിച്ച് നേടുന്ന രണ്ടാമത്തെ ഗ്രാന്റ്‌സ്‌ലാം കിരീടം കൂടിയാണിത്. ജൂലൈയില്‍ നടന്ന വിംബിള്‍ഡനിലും ദ്യോകോവിച്ച് കിരീടം സ്വന്തമാക്കിയിരുന്നു. 31 കാരനായ താരം മൂന്നാം തവണയാണ് യു.എസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കുന്നത്.
ആദ്യ സെറ്റില്‍ മോശം പ്രകടനം പുറത്തെടുത്ത ഡെല്‍പൊട്രോക്ക് രണ്ടാം സെറ്റില്‍ തിരിച്ചു വരാനുള്ള അവസരങ്ങള്‍ ലഭിച്ചുവെങ്കിലും താരത്തിന് അവസരം മുതലാക്കാനായില്ല. രണ്ടാം തവണയാണ് ഡെല്‍പൊട്രോ യു.എസ് ഓപ്പണിന്റെ ഫൈനലിലെത്തുന്നത്. 2009ല്‍ ഡെല്‍പൊട്രോ ഫെഡററുമായി ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ കിരീടം സ്വന്തമാക്കിയിരുന്നു.
യു.എസ് ഓപ്പണിലെ വിജയത്തോടെ അമേരിക്കന്‍ ഇതിഹാസം പീറ്റ് സാംപ്രാസിന്റെ റെക്കോര്‍ഡിനൊപ്പം ദ്യോകോവിച്ച് എത്തി. സാംപ്രാസിന്റെ 14 ഗ്രാന്റ്‌സ്‌ലാം കിരീടമെന്ന നേട്ടത്തിനൊപ്പമാണ് ദ്യോകോവിച്ച് എത്തിയത്. 20 ഗ്രാന്റ്‌സ്‌ലാമുമായി സ്വിസ് താരം റോജര്‍ ഫെഡററും 17 ഗ്രാന്റ്‌സ്‌ലാമുമായി സ്പാനിഷ് താരം റാഫേല്‍ നദാലുമാണ് ഇനി ദ്രോകോവിച്ചിന് മുന്നിലുള്ളത്.
യു.എസ് ഓപ്പണിലെ വിജയത്തോടെ താരത്തിന്റെ റാങ്കിലും മുന്നേറ്റമുണ്ടാകും. നിലവില്‍ ഫെഡററുമായി 1000 പോയിന്റിന്റെ മാറ്റമായിരുന്നു ദ്യോകോവിച്ചിനുണ്ടായിരുന്നത്. ഇത് വലിയ രീതിയില്‍ കുറയുമെന്നാണ് പ്രതീക്ഷ.
വനിതാ ഡബിള്‍സില്‍ ബാര്‍ട്ടി സഖ്യം
യു.എസ് ഓപ്പണിന്റെ വനിതാ ഡബിള്‍സില്‍ ആസ്‌ത്രേലിയയുടെ ആശ്‌ലി ബാര്‍ട്ടി, അമേരിക്കന്‍ താരം കോകോ വാന്‍ഡേവ് സഖ്യം കിരീടം സ്വന്തമാക്കി. ക്രിസ്റ്റിന മ്ലാഡനോവിക്-തിമിയ ബാബോസ് സഖ്യത്തേയാണ് പരാജയപ്പെടുത്തിയത്. 3-6, 7(7)-6(2), 7(8)-6(6) എന്ന സ്‌കോറിനായിരുന്നു ബാര്‍ട്ടി സഖ്യത്തിന്റെ ജയം.
ആദ്യ സെറ്റ് ബാര്‍ട്ടി സഖ്യത്തിന് നഷ്ടമായെങ്കിലും രണ്ടാം സെറ്റും മൂന്നാം സെറ്റും പെനാല്‍റ്റിയിലൂടെ തിരിച്ചുപിടിക്കുകയായിരുന്നു ഇരുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."