മരുന്നുകളുടെ ഗുണനിലവാരം; ആക്ഷേപമുയരുന്ന കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് മന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകളുടെയും ഉപകരണങ്ങളുടെയും ഗുണനിലവാരം സംബന്ധിച്ച് ആക്ഷേപങ്ങളില്ലെന്നും അത്തരം ആക്ഷേപമുയരുന്ന കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ നിയമസഭയെ അറിയിച്ചു.
അത്തരം മരുന്നുകളുടെയും ഉപകരണങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാണ് കേരള മെഡിക്കല്‍ സര്‍വിസ് കോര്പറേഷന് ലിമിറ്റഡ് (കെ.എം.എസ്.സി.എല്‍) ഇവ വിതരണം ചെയ്യുന്നത്. നാളിതുവരെ കെ.എം.എസ്.സി.എല്‍ വിതരണം ചെയ്യുന്ന മരുന്നുകളെ സംബന്ധിച്ച് ആക്ഷേപമുണ്ടായിട്ടില്ല. കെ.എം.എസ്.സി.എല്‍ വിശ്വസ്ത സ്ഥാപനമാണ്. പരിഹരിക്കാവുന്ന വിഷയമാണെങ്കില്‍ അവരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ചികിത്സാപദ്ധതികളൊന്നും തന്നെ ഇടതുസര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടില്ല. കേരളത്തിനുകൂടി അനുയോജ്യമായ മാതൃകയില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി പുനഃക്രമീകരണം നടത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട ശേഷമാണ് പദ്ധതിയില്‍ സംസ്ഥാനം ഒപ്പുവച്ചത്.
കേരളത്തില്‍ വിവിധ സര്‍ക്കാരുകള്‍ നടപ്പിലാക്കിയ പദ്ധതികള്‍ മുഖേന 40 ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് ചികിത്സാസഹായം ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വരാനിരിക്കുന്ന സീസണ് പകര്‍ച്ചവ്യാധികളുടെ കാലമാണെന്നും കരുതിയിരിക്കണമെന്നും മന്ത്രി പറഞ്ഞു. ഡെങ്കിപ്പനി, എച്ച്വണ് എന്‍വണ്‍ പോലുള്ളവ നേരിടാന്‍ ആരോഗ്യവകുപ്പ് സുസജ്ജമാണെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."