2024ല്‍ ലക്ഷ്യം 333 സീറ്റുകള്‍; ദക്ഷിണേന്ത്യയിലും ചുവടുറപ്പിക്കാന്‍ ബി.ജെ.പി നീക്കം
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എതിരാളികളുടെ ശക്തികുറക്കാനായതിന്റെ ചുവടുപിടിച്ച് 2024ലേക്ക് കണ്ണയച്ച് ബി.ജെ.പി. അഞ്ചുവര്‍ഷത്തെ ഭരണത്തിനുശേഷം വരുന്ന 2024ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത് 333 സീറ്റുകളാണ്. ബി.ജെ.പി ദേശീയ സെക്രട്ടറിയും ആന്ധ്രാപ്രദേശ്, ത്രിപുര സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാവുമായ സുനില്‍ ദിയോധര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
2014ലെ തെരഞ്ഞെടുപ്പില്‍ 282 സീറ്റുകളും 2019ല്‍ 303 സീറ്റുകളുമാണ് പാര്‍ട്ടി നേടിയത്. എന്നാല്‍ ഇത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം മതിയായ അംഗസംഖ്യയല്ല. അതുകൊണ്ട് 333 സീറ്റുകളാണ് 2024ല്‍ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി അടുത്തതായി ലക്ഷ്യം വയ്ക്കുന്നത് പ.ബംഗാളും ദക്ഷിണേന്ത്യയുമാണ്. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കുള്ള ശക്തി ദക്ഷിണേന്ത്യയിലും ബംഗാളിലും ഉണ്ടാക്കാനായിട്ടില്ല. ഇത്തവണ ബംഗാളില്‍ 18 സീറ്റുകളില്‍ പാര്‍ട്ടിക്ക് വിജയിക്കാനായി. അടുത്ത തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും പിടിക്കുകയെന്നതാണ് ലക്ഷ്യം. അതേപോലെ ദക്ഷിണേന്ത്യയും തങ്ങള്‍ ലക്ഷ്യം വയ്ക്കുകയാണെന്നും ദിയോധര്‍ പറഞ്ഞു.
കര്‍ണാടകയിലെ 28 സീറ്റുകളില്‍ 25ും തെലങ്കാനയിലെ 17 സീറ്റുകളില്‍ നാലെണ്ണവും ഇത്തവണ ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ തമിഴ്നാട്, ആന്ധ്ര, കേരളം എന്നിവിടങ്ങളില്‍ ഒരു സീറ്റുപോലും നേടാനായിട്ടില്ല. ഇതേതുടര്‍ന്നാണ് അടുത്ത തെരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങളില്‍കൂടി ചുവടുറപ്പിക്കാന്‍ ബി.ജെ.പി തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."