ഭയം കൊണ്ടാണ് നേരത്തേ പറയാത്തത്: വത്തിക്കാന്‍ സ്ഥാനപതിക്കയച്ച കത്തില്‍ കന്യാസ്ത്രീ
ന്യൂഡല്‍ഹി: നീതി തേടി ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് കത്തയച്ച് പീഡനത്തിനിരയായ കന്യാസ്ത്രീ. നേരത്തെ പീഡിപ്പിക്കപ്പെട്ടപ്പോള്‍ പറയാതിരുന്നത്, ഭയം കൊണ്ടും മാനക്കേടും കൊണ്ടാണെന്ന് അവര്‍ കത്തില്‍ വ്യക്തമാക്കുന്നു.
തന്റെ പശ്ചാത്തലം വിവരിച്ചു കൊണ്ടാണ് കന്യാസ്ത്രീയുടെ കത്ത് തുടങ്ങുന്നത്. ലൈംഗിക പീഡന ഇരയെന്ന നിലയില്‍ നീതി തേടിയാണ് ഈ കത്ത് അയക്കുന്നത്. കത്തോലിക്ക സഭയില്‍ വൈദികര്‍ക്കും ബിഷപ്പുമാര്‍ക്കും മാത്രമേ പരിഗണനയുള്ളൂ. കന്യാസ്ത്രീകള്‍ക്ക് യാതൊരു പരിഗണനയുമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. സഭയില്‍ അധികാരമുള്ള പലരില്‍ നിന്നും കന്യാസ്ത്രീകള്‍ക്കും സ്ത്രീകള്‍ക്കും ലൈംഗിക അധിക്ഷേപം ഉണ്ടാകാറുണ്ട്.
സഭയില്‍ നിന്ന് തനിക്ക് നീതി കിട്ടിയിട്ടില്ല. ബിഷപ്പ് ഫ്രാങ്കോ ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ചു കൊണ്ട് തങ്ങളെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നു. കൂടാതെ, കേസ് അട്ടിമറിച്ച് മുന്നോട്ടു പോകാനുള്ള ശ്രമങ്ങളാണ് ബിഷപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ഏഴു പേജുള്ള കത്താണ് വത്തിക്കാന്‍ സ്ഥാനപതിക്ക് അവര്‍ അയച്ചിരിക്കുന്നത്. വത്തിക്കാന്‍ സ്ഥാനപതിയെ കൂടാതെ, ബിഷപ്പുമാര്‍ക്കും സി.ബി.സി.ഐ പ്രസിഡന്റിനും ബിഷപ്പുമാര്‍ക്കും വിവിധ സഭ മേലധികാരികള്‍ക്കും കത്ത് അയച്ചിട്ടുണ്ട്.
താന്‍ പരാതിപ്പെട്ടപ്പോള്‍ 13 തവണ പീഡിപ്പിക്കപ്പെട്ടപ്പോള്‍ എന്തുകൊണ്ട് പറഞ്ഞില്ല എന്ന ചോദ്യമാണ് സഭയില്‍ നിന്ന് ഉണ്ടായത്. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് പറയാന്‍ തനിക്ക് ഭയവും മാനക്കേടും ഉണ്ടായിരുന്നു. സന്യാസിനി സമൂഹത്തെയും തന്റെ കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭയപ്പെട്ടിരുന്നു. ബിഷപ്പ് ഫ്രാങ്കോയില്‍ നിന്ന് 2014 മുതല്‍ 2016 വരെ നേരിട്ട പീഡനങ്ങളെക്കുറിച്ചും തുടര്‍ന്ന് സഭയില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ചതിനെക്കുറിച്ചും പിന്നീട് ആ തീരുമാനം പിന്‍വലിച്ചതിനെക്കുറിച്ചും കത്തില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."