ലണ്ടന്‍ ഒരുങ്ങി
ലണ്ടന്‍: നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പുതിയ ക്രിക്കറ്റ് രാജാക്കന്‍മാര്‍ ആരാണെന്ന് അറിയാന്‍ ക്രിക്കറ്റ് ലോകം ഇന്ന് മുതല്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കും. 12മത് ലോകകപ്പ് ക്രിക്കറ്റിന് തിരശ്ലീല ഉയരുമ്പോള്‍ ഇനിയുള്ള ഒന്നര മാസക്കാലം ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ മുഴുവന്‍ ലോകക്രിക്കറ്റിന്റെ തറവാടായ ഇംഗ്ലണ്ടിലേക്കും തറവാട്ട് മുറ്റമായ ലോഡ്‌സിലേക്കുമായിരിക്കും. അഫ്ഗാനിസ്ഥാന്‍, ആസ്‌ത്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്താന്‍, ദക്ഷിണാഫിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളാണ് കിരീടം തേടി ഇന്നു മുതല്‍ വിവിധ മൈതനത്ത് ഇറങ്ങുന്നത്. അഞ്ച് തവണ ക്രിക്കറ്റ് ലോകകപ്പില്‍ മുത്തമിട്ട ആസ്‌ത്രേലിയ ആറാം കിരീടം തേടിയാണ് ഇംഗ്ലണ്ടിലെത്തിയിട്ടുള്ളത്. മൂന്നാം കിരീട മോഹവുമായി ഇന്ത്യ, രണ്ടാം കിരീടം ലക്ഷ്യമിട്ട് പാകിസ്താന്‍, മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന വെസ്റ്റ് ഇന്‍ഡീസ്, രണ്ടാം കിരീടം തേടി ഇറങ്ങുന്ന ശ്രീലങ്ക ഇവര്‍ക്കെല്ലാം ഒപ്പം ആദ്യ ലോകകപ്പെന്ന മോഹവുമായി അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരും കൂടുന്നതോടെ ലോകകപ്പ് പോരാട്ടങ്ങള്‍ യുദ്ധപ്രതീതി കൈവരും. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകിരീടം സ്വന്തമാക്കാന്‍ ഇംഗ്ലണ്ട് ഏറ്റവും മികച്ച നിരയെയാണ് രംഗത്തിറക്കിയിട്ടുള്ളത്. 1979, 1987, 1992 വര്‍ഷങ്ങളില്‍ നിര്‍ഭാഗ്യം കൊണ്ട് നഷ്ടപ്പെട്ട ലോക കിരീടം ഇത്തവണ എന്ത് വിലകൊടുത്തും ഇംഗ്ലണ്ട് തറവാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. അതിനുവേണ്ടിയുടെ ഒരുക്കങ്ങള്‍ ഇംഗ്ലണ്ട് വേദിയായി പ്രഖ്യാപിച്ചത് മുതല്‍ തുടങ്ങിയതാണ്. ഇതിനായി ബാക് ടു ഹോം എന്ന മുദ്രാവാക്യവും ഇംഗ്ലീഷുകാര്‍ ഉയര്‍ത്തിത്തുടങ്ങിയിട്ടുണ്ട്.
ഇംഗ്ലണ്ട് - ദക്ഷിണാഫ്രിക്ക
വൈകിട്ട് മൂന്നിന്
ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ഈ ലോകകപ്പിലെ ഫേവിറിറ്റുകളായ ടീമുകള്‍ രണ്ടും കിരീട പ്രതീക്ഷയിലാണ്. ക്രിക്കറ്റ് പിറവിയെടുത്തത് ഇംഗ്ല@ിലാണെങ്കിലും ഇതുവരെ ഒരു ലോകകിരീടം പോലും ഇല്ലെന്ന ചീത്തപ്പേര് മായ്ച്ചു കളയാനാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇംഗ്ലണ്ട് ഇറങ്ങുക. മറുഭാഗത്ത് ദക്ഷിണാഫ്രിക്കയുടെ സ്ഥിതിയും വ്യത്യസ്തമല്ല. എല്ലാ ലോകകപ്പുകള്‍ക്കും മികച്ച ടീമായി എത്തുന്ന ദക്ഷിണാഫ്രിക്കന്‍ ടീം പടിയ്ക്കല്‍ കലമുടയ്ക്കുന്നവരെന്ന ചീത്തപേര് മാറ്റാനാകും ഇത്തവണ ലോര്‍ഡ്‌സിലേക്ക് ടിക്കറ്റെടുത്തത്. ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ബൗളര്‍ ഡെയല്‍ സ്റ്റൈന്‍ തോളെല്ലിനു പറ്റിയ പരുക്ക് കാരണം രണ്ടു മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് അവര്‍ക്ക് തിരിച്ചടിയാകും. ഇന്ന് വൈകിട്ട് മൂന്നിനാണ് മത്സരം.
ദക്ഷിണാഫ്രിക്ക
ലോകകപ്പിലെ മികച്ച പ്രകടനം
1992, 99, 2007, 2015- സെമിഫൈനലിസ്റ്റ്
കോച്ച്
ഓട്ടിസ് ഗിബ്‌സണ്‍
ക്യാപ്റ്റന്‍
ഫാഫ് ഡുപ്ലെസി
ഓപണിങ്
ഹാഷിം അംല- എയ്ഡന്‍ മര്‍ക്രം അല്ലെങ്കില്‍ ക്വിന്റന്‍ ഡികോക്ക്
മധ്യനിര
റാസിവാന്‍ ഡ്യൂസന്‍, ഡേവിഡ് മില്ലര്‍, ജെ.പി ഡുമിനി
ഓള്‍ റൗണ്ടര്‍മാര്‍
ജെ.പി ഡുമിനി, ക്രിസ് മോറിസ്
പേസ് ബൗളിങ്
ഡെയല്‍ സ്റ്റൈന്‍, കാസിഗോ റബാദ, ആന്റില്‍ ഫെലുക്വായോ, ലുങ്കി എന്‍ഗിഡി,
സ്പിന്‍
ഇമ്രാന്‍ താഹിര്‍, ടബ്രായിസ് ഷാമസി
ഫാഫ് ഡുപ്ലെസി
ക്യാപ്റ്റനെന്ന നിലയില്‍ ഇത്തവണ ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്രത്തില്‍ ആദ്യമായി കിരീടം നേടികൊടുക്കാമെന്ന പ്രതീക്ഷയാണ് ഡുപ്ലെസിയുടേത്. 360 ഡിഗ്രിയില്‍ ബാറ്റു വീശുന്ന ഡിവില്ലിയേഴ്‌സ് ഇല്ലാത്ത ടീമില്‍ ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഒരുപാട് ചെയ്യാനുണ്ട് അദ്ദേഹത്തിന്.
ഹാഷിം അംല
കളിമികവ് ആവോളമുള്ള ഈ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാനെ അധികം ആരും വാഴ്ത്തി പാടിയിട്ടില്ല. കോഹ്‌ലി റെക്കോര്‍ഡിടുമ്പോള്‍ കുന്നോളം പ്രശംസിക്കുന്നവര്‍ അതേ കോഹ്‌ലിയുടെ റെക്കോര്‍ഡുകള്‍ ഇദ്ദേഹം തിരുത്തുമ്പോള്‍ കുന്നിക്കുരുവോളം പോലും വാഴ്ത്താറില്ല. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് ഓപണ്‍ ചെയ്യുന്ന അംല ചിലപ്പോള്‍ ചില വ്യക്തികത റെക്കോര്‍ഡുകള്‍ തന്റെ പേരില്‍ ഈ ലോകകപ്പില്‍ കുറിച്ചേക്കാം.
ഡികോക്ക്
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍. ആക്രമ ശൈലിയില്‍ ബാറ്റു വീശുന്ന ഡികോക്കിനെ കരുതിയിരിക്കണം.
ജെ.പി ഡുമിനി
ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ ഡുമിനിക്കു കഴിയും. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങുന്ന താരം. ലോകകപ്പിലെ ഹാട്രിക്ക് വികറ്റിനുടമ കൂടിയാണ് ഡുമിനി. നിര്‍ണായക ഘട്ടത്തില്‍ സ്പിന്‍ ബൗളിങ്ങിലൂടെ ടീമിനെ തുണയ്ക്കും.
ഇമ്രാന്‍ താഹിര്‍
പ്രായം ഒരു പ്രശ്‌നമേയല്ല താഹിറിന്. പ്രായത്തെ വെറും നമ്പറില്‍ മാത്രമൊതുക്കി മികവുകൊണ്ട് ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കാന്‍ ഈ ലെഗ് ബ്രേക്ക് സ്പിന്‍ ബൗളര്‍ക്കാകും. ഈ ഐ.പി.എല്ലിലെ താഹിറിന്റെ പ്രകടനം കണ്ട എല്ലാവര്‍ക്കുമറിയാം ഇത്തവണത്തേത് ഒന്നൊന്നര വരവായിരിക്കുമെന്ന്. കറങ്ങി തിരിഞ്ഞു വരുന്ന താഹിറിന്റെ പന്തുകളെ ബാറ്റ്‌സ്മാന്‍മാര്‍ സൂക്ഷിക്കുക.
കാസിഗോ റബാദ
യോര്‍ക്കറുകളുമായി ബാറ്റ്‌സ്മാന് പേടി സ്വപ്നവുമായി റബാദ കൂടി എത്തുന്നതോടെ ടീം സജ്ജം.
ഇംഗ്ലണ്ട്
ലോകകപ്പിലെ മികച്ച പ്രകടനം
1979, 87, 92 ഫൈനലിസ്റ്റുകള്‍
കോച്ച്
ട്രെവര്‍ ബെയ്‌ലിസ്
ക്യാപ്റ്റന്‍
ഇയോന്‍ മോര്‍ഗന്‍-
മധ്യനിര
ജോ റൂട്ട്, ജോസ് ബട്‌ലര്‍, ജെയിംസ് വിന്‍സ്
ഓള്‍റൗണ്ടര്‍മാര്‍
ബെന്‍ സ്‌റ്റോക്‌സ്, മോയിന്‍ അലി, ക്രിസ് വോക്‌സ്
പേസ് ബൗളിങ്
ജോഫ്രാ ആര്‍ച്ചര്‍, ടോം കറന്‍, ലിയാം പ്ലങ്കറ്റ്
സ്പിന്‍
ആദില്‍ റാഷിദ്
ഇയോന്‍ മോര്‍ഗന്‍
അയര്‍ലന്‍ഡുകാരനായ ഇംഗ്ലണ്ട് ക്യാപ്റ്റന് ഈ ലോകകപ്പ് അഭിമാനത്തിന്റെ കൂടി പ്രശ്‌നമാണ്. മോര്‍ഗന്റെ നായകത്വത്തില്‍ ഇംഗ്ലണ്ട് കപ്പടിച്ചാല്‍ അത് ചരിത്രമാകും. മുന്‍പ് അയര്‍ലന്‍ഡിനു വേണ്ടി ലോകകപ്പ് കളിച്ചിട്ടുണ്ട് എന്നതും ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്.
ഓപണിങ്- ജേസണ്‍ റോയ്,
ജോണി ബെയര്‍സ്റ്റോ
ഓപണിങ്ങില്‍ ഇംഗ്ലണ്ടിന് ആശങ്കകളില്ല. പിച്ചില്‍ റണ്‍മഴ തീര്‍ക്കാന്‍ ജേസണ്‍ റോയ് - ബെയര്‍സ്റ്റോ സഖ്യമുണ്ട്. ഐ.പി.എല്ലില്‍ ബെയര്‍സ്റ്റോയുടെ തട്ടുപൊളിപ്പന്‍ കളി എല്ലാവരും കണ്ടതാണ്. അതേ മികവ് ഇവിടെയും അവര്‍ത്തിച്ചാല്‍ എതിര്‍ വശത്ത് ബൗളര്‍മാര്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനെതിരേ ടി-20 ശൈലിയി ല്‍ ബാറ്റു വീശിയ ജേസണ്‍ റോയിയേയും കരുതിയിരിക്കണം.
മികവ്
ജോ റൂട്ട്- പേരു പോലെ തന്നെ ക്രീസില്‍ വേരു പോലെ ഉറച്ചു നില്‍ക്കുന്നതാണ് ജോ റൂട്ടിന്റെ ശൈലി. നിര്‍ണായക ഘട്ടങ്ങളില്‍ ടീമിനെ മുന്നില്‍നിന്നു നയിക്കാന്‍ കഴിവുള്ള താരം.
കരുതിയിരിക്കണം മധ്യനിരയെ
ആദ്യത്തെ ഒന്നോ രണ്ടോ വിക്കറ്റുകള്‍ പോകുമ്പോള്‍ ആടിയുലയുന്നതല്ല ഇംഗ്ലണ്ട് ടീം. വിക്കറ്റുകള്‍ നേരത്തെ നഷ്ടമായാലും ടീമിനെ കരയ്‌ക്കെത്തിക്കാന്‍ നിരവധി വെടിക്കെട്ടു ബാറ്റ്‌സ്മാന്‍മാര്‍ അവരുടെ മധ്യനിരയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."