വിസ ഏജന്റിന്റെ ചതിയില്‍പ്പെട്ട പാലക്കാട് സ്വദേശി നാട്ടിലേക്ക് മടങ്ങി
റിയാദ്: വിസ ഏജന്റിന്റെ ചതിയില്‍ അകപ്പെട്ട് മരുഭൂമിയില്‍ ദുരിതജീവിതം അനുഭവിച്ച പ്രവാസി യുവാവ് മാസങ്ങള്‍നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ നാട്ടിലേക്ക് തിരിച്ചു. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി അന്‍ഷിഫ് (22) ആണ് പ്രവാസി ലീഗല്‍ സെല്‍ പ്ലീസ് ഇന്ത്യയുടെ സഹായത്തോടെ ദുരിതക്കടല്‍ കടന്ന് നാട്ടിലേക്ക് മടങ്ങിയത്.
ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തിയ അന്‍ഷിഫ് റിയാദില്‍ നിന്നുള്ള വിസ ഏജന്റിന്റെ ചതിയില്‍പ്പെട്ടാണ് സഊദിയുടെ കിഴക്കന്‍ പ്രദേശത്തെ മരുഭൂമിയില്‍ എത്തപ്പെട്ടത്. കിഴക്കന്‍ സഊദിയിലെ ദമാമില്‍നിന്നും അകലെയുള്ള ജുബൈല്‍ നഗരത്തില്‍നിന്നും 80 കിലോമീറ്റര്‍ ഉള്ളിലായി മരുഭൂമിയിലെ കൃഷി സ്ഥലത്താണ് യുവാവിനെ മലയാളിയായ വിസ ഏജന്റ് എത്തിച്ചത്. ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ഇല്ലാതെയാണ് രണ്ടരമാസക്കാലം ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ ദുരിതംപേറിയത്. ശമ്പളമായി 1500 റിയാല്‍ വാഗ്ദാനമുണ്ടായിരുന്നെങ്കിലും 1000 റിയാല്‍ മാത്രമാണ് ലഭിച്ചിരുന്നത്.
പ്ലീസ് ഇന്ത്യയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ദമാം ഘടകം പ്രവര്‍ത്തകരായ മുജീബ് ഏകലൂര്‍, സതീഷ് പാലക്കാട്, അനില്‍ കുമാര്‍ ആലപ്പുഴ തുടങ്ങിയവര്‍ അന്‍ഷിഫിനെ രക്ഷപ്പെടുത്തി ലേബര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. സ്‌പോണ്‍സറുമായി പലതവണ ബന്ധപ്പെട്ടെങ്കിലും അനുകൂല മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് എക്‌സിറ്റ് തരപ്പെടുത്തി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."