ചങ്കെടുത്തു കാണിച്ചാലും രണ്ടില
അങ്ങനെ ഉദ്വേഗജനകമായ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി പക്ഷം ഒരു ഇടതുപക്ഷ വിപ്ലവകക്ഷിയായി മാറുകയാണ്. പി.ജെ ജോസഫുമായി കലഹിച്ച് വഴിപിരിഞ്ഞതു മുതല്‍ എങ്ങനെയെങ്കിലും വിപ്ലവപാതയിലേക്ക് പ്രവേശിക്കാന്‍ കൊതിച്ചു കാത്തിരിക്കുകയായിരുന്നു ജോസ്. ഇടതുമുന്നണിയെ നയിക്കുന്ന, വിപ്ലവകേരളത്തിന്റെ കാവല്‍ക്കാരായ സി.പി.എമ്മിനാണെങ്കില്‍ വിപ്ലവപാതയില്‍ വരുന്നവരുടെ ഭൂതകാല കറകളോ ജാതകമോ ഒക്കെ നോക്കി ആരെയെങ്കിലും തടഞ്ഞുനിര്‍ത്തുന്ന ശീലവുമില്ല. സി.പി.എം സ്വാഗതം ചെയ്തതോടെ ജോസിന്റെ ആ സ്വപ്നം സഫലമാവുകയാണ്. ജോസും കൂട്ടരും 'ഇങ്കുലാബ് സിന്ദാബാദ്' വിളിക്കുന്നതു കാണാന്‍ ആറ്റുനോറ്റു കാത്തിരുന്ന വിപ്ലവകേരളത്തിന് ഇനി ആ മനോഹര കാഴ്ച കണ്ട് കണ്‍കുളിര്‍ക്കാം.
വിപ്ലവാവേശം മൂത്തുനില്‍ക്കുകയാണെങ്കിലും വിപ്ലവപാതയില്‍ പ്രവേശിക്കാന്‍ ജോസിനും കൂട്ടര്‍ക്കും ചില വ്യവസ്ഥകളൊക്കെയുണ്ടായിരുന്നു. കേരള കോണ്‍ഗ്രസിന്റെ തറവാട്ടു കാരണവരായിരുന്ന കെ.എം മാണിസാറിന്റെ പാര്‍ട്ടിയാണത്. പലരും തെന്നിത്തെറിച്ചു പോയിട്ടുണ്ടെങ്കിലും കേരള കോണ്‍ഗ്രസുകളുടെ തറവാടായി ഗണിക്കപ്പെടുന്ന ഇടം. സ്വന്തമായി നോട്ടെണ്ണല്‍ യന്ത്രം പോലുമുണ്ടെന്നു കേളികേട്ട ആ തറവാട്ടിലുള്ളവര്‍ക്ക് എവിടെയെങ്കിലും സംബന്ധമുണ്ടാക്കണമെങ്കില്‍ ചില മാനാഭിമാനങ്ങള്‍ നോക്കേണ്ടതുണ്ട്. തറവാട് മെലിഞ്ഞാലും തൊഴുത്താക്കാന്‍ പറ്റില്ലല്ലോ.
പാര്‍ട്ടിയുടെ ഏറ്റവും വലിയ അഭിമാനപ്രശ്‌നമാണ് മാണിയുടെ തട്ടകമായ പാലാ നിയമസഭാ മണ്ഡലം. വേറെന്തു നിധി കിട്ടിയാല്‍ പോലും പാലാ കിട്ടാതെ പാര്‍ട്ടിക്കു നില്‍ക്കാനാവില്ല. തറവാടികളുടെ ഇത്തരം ഹൃദയവികാരങ്ങള്‍ തറവാടിത്തത്തിന് ഒട്ടും കുറവില്ലാത്ത സി.പി.എമ്മിനും മനസിലാകുമല്ലോ. അതുകൊണ്ട് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ ജോസിനു തന്നെ വിട്ടുകൊടുക്കാമെന്ന് എ.കെ.ജി സെന്ററില്‍ നിന്ന് ഉറപ്പുകിട്ടിയതായാണ് വിവരം. എ.കെ.ജി സെന്ററിന്റെ ഉറപ്പ് പഴയ കേരള കോണ്‍ഗ്രസ് നേതാവ് നാരായണക്കുറുപ്പിന്റെ ഉറപ്പുപോലെയല്ലാത്തതിനാല്‍ അത് ജോസിനും കൂട്ടര്‍ക്കും വിശ്വസിക്കാം.
എന്നാല്‍, അതത്ര അനായാസം നടക്കുന്ന കാര്യമാണെന്ന് തോന്നുന്നില്ല. പാലാ ഇപ്പോള്‍ ഇടതുമുന്നണിയുടെ കൈയിലാണെങ്കിലും സി.പി.എമ്മിന്റേതല്ല. മുന്നണി ഘടകകക്ഷിയായ എന്‍.സി.പിയുടെ മാണി സി. കാപ്പനാണ് അവിടെ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത്. തുടര്‍ച്ചയായി മൂന്നു തവണ കെ.എം മാണിയോട് പാലായില്‍ മത്സരിച്ചു തോറ്റ ശേഷം നേടിയ വിജയമാണ്. ആ സീറ്റ് വിട്ടുകൊടുക്കാന്‍ കാപ്പന് മനസില്ല. പാലാ കേരള കോണ്‍ഗ്രസിന്റെ ഹൃദയഭൂമിയാണെന്ന് പറഞ്ഞപ്പോള്‍, മണ്ഡലം തന്റെ ചങ്കാണെന്നു പറഞ്ഞാണ് കാപ്പന്‍ അവകാശം പ്രഖ്യാപിച്ചത്. മണ്ഡലം വിട്ടുകൊടുക്കില്ലെന്നു തന്നെയാണ് കാപ്പന്റെ പാര്‍ട്ടിയും പറയുന്നത്.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും കാപ്പന്റെ അവകാശവാദം ഫലിക്കണമെന്നൊന്നുമില്ല. എല്‍.ഡി.എഫില്‍ അവിടെ ആരു മത്സരിക്കണമെന്ന് സി.പി.എം തീരുമാനിച്ചാല്‍ അതുതന്നെ നടക്കും. കാപ്പന്‍ എത്ര ചങ്കെടുത്തു കാണിച്ചാലും പാലായില്‍ ഈ തെരഞ്ഞെടുപ്പില്‍ ജോസ് പക്ഷത്തിന്റെ ചിഹ്നം രണ്ടില തന്നെയായി തുടരുകയാണെങ്കില്‍ ആ ചിഹ്നത്തില്‍ തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വരും. അല്ലെങ്കില്‍ അവര്‍ക്കു കിട്ടുന്നത് മറ്റൊരു ചിഹ്നമായാല്‍ അങ്ങനെ.
എന്നാല്‍ അതുകൊണ്ടൊന്നും കാപ്പനു നിരാശപ്പെടേണ്ടി വരുമെന്നു തോന്നുന്നില്ല. ഓതിരം കടകം പയറ്റും പിന്നെ വേണ്ടിവന്നാല്‍ പത്തൊമ്പതാമത്തെ അടവുമൊക്കെ സര്‍വസാധാരണമായ കേരള രാഷ്ട്രീയത്തില്‍ അതിജീവന സാധ്യതകള്‍ ഏറെയാണ്. വല്ലവിധേനയും പാലാ തിരിച്ചുപിടിക്കാന്‍ പറ്റിയ ചൂണ്ട തിരയുകയാണ് യു.ഡി.എഫ്. കാപ്പന്റെ പാര്‍ട്ടി യു.ഡി.എഫിലേക്കു മാറിയാല്‍ സീറ്റുറപ്പ്. കാപ്പന്റെ പാര്‍ട്ടി ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊപ്പമാണ്. അതുകൊണ്ട് മുന്നണി മാറാന്‍ കാര്യമായ ആദര്‍ശപ്രശ്‌നമൊന്നുമുണ്ടാവില്ല. അതു നടന്നില്ലെങ്കിലും കാപ്പനു വേണമെങ്കില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നും സീറ്റുറപ്പിക്കാം. ഒരു നാഷണലിസ്റ്റ് കോണ്‍ഗ്രസുകാരന്‍ സാദാ കോണ്‍ഗ്രസില്‍ ചേരുന്നതിലുമില്ല വലിയ ആദര്‍ശപ്രശ്‌നം. അല്ലെങ്കില്‍ തന്നെ അധികാര രാഷ്ട്രീയത്തില്‍ ആദര്‍ശമെന്നൊക്കെ പറയുന്നത് ഒരുതരം പുകയല്ലേ. അതുകൊണ്ടു തന്നെയാണല്ലോ ഒരുകാലത്ത് ബാര്‍കോഴക്കേസിന്റെ പേരില്‍ മാണിക്കെതിരേ സമരപുളകങ്ങള്‍ തന്‍ സിന്ദൂരമാലകള്‍ കോര്‍ത്ത ഇടതുമുന്നണിക്ക് ഇപ്പോള്‍ ജോസും കൂട്ടരും സ്വീകാര്യരാവുന്നത്.
സി.പി.ഐയുടെ രോഗമുക്തി
ഇങ്ങനെയൊക്കെയാണെങ്കിലും തുടക്കത്തില്‍ ജോസിന്റെ പ്രതീക്ഷകള്‍ക്ക് വിലങ്ങുതടി തീര്‍ത്ത മറ്റൊരു കൂട്ടരുണ്ട് ഇടതുമുന്നണിയില്‍. കേരളത്തിലെ ഉത്തരാധുനിക അധികാര രാഷ്ട്രീയത്തിലും ആദര്‍ശത്തിന്റെ അസുഖം വിട്ടുമാറാത്ത സി.പി.ഐക്കാര്‍. നേരത്തെ കെ.എം മാണി ജീവിച്ചിരുന്ന കാലത്തു തന്നെ അദ്ദേഹത്തിന്റെ പാര്‍ട്ടി എല്‍.ഡി.എഫിലേക്കു വരാനൊരുങ്ങിയപ്പോള്‍ ആദര്‍ശ രോഗത്തിന്റെ കാഠിന്യം മൂലം സി.പി.ഐ തടയിട്ടതാണ്. തൃശൂരില്‍ സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സെമിനാറില്‍ മാണി വേദിയിലിരിക്കുമ്പോള്‍ നാട്ടുകാര്‍ കേള്‍ക്കെ തള്ളിപ്പറഞ്ഞാണ് കാനം രാജേന്ദ്രന്‍ കേരള കോണ്‍ഗ്രസിനെ ഓടിച്ചുവിട്ടത്. അന്ന് ആ വേദിയില്‍ പ്രസംഗിക്കാന്‍ കരുതിവച്ചിരുന്ന അദ്ധ്വാനവര്‍ഗ സിദ്ധാന്തം പാതി മാത്രം പറഞ്ഞാണ് ഖിന്നനായ മാണിസാര്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്.
മാണിയുടെ വിയോഗവും പാര്‍ട്ടിയിലെ പിളര്‍പ്പുമൊക്കെ കഴിഞ്ഞ് ജോസ് പക്ഷം എല്‍.ഡി.എഫിലേക്കു വരാനൊരുങ്ങിയപ്പോഴും എം.എന്‍ സ്മാരകമന്ദിരം മുഖം കറുപ്പിച്ചു. പറഞ്ഞത് അഴിമതിവിരുദ്ധതയും മറ്റുമായിരുന്നെങ്കിലും എല്‍.ഡി.എഫില്‍ സി.പി.ഐ മത്സരിക്കുന്നതും ഇപ്പോള്‍ ജോസ് പക്ഷക്കാരന്‍ പ്രതിനിധീകരിക്കുന്നതുമായ കാഞ്ഞിരപ്പള്ളി സീറ്റ് അവര്‍ കൂടെ വന്നാല്‍ വിട്ടുകൊടുക്കേണ്ടിവരുമോ എന്ന ഭീതിയായിരുന്നത്രെ കാരണം.
ഏതായാലും ഇപ്പോള്‍ സി.പി.ഐയുടെ ആദര്‍ശരോഗം ശമിച്ചുതുടങ്ങിയെന്നാണ് അറിയുന്നത്. ജോസ് പക്ഷത്തെ കൂടെ കൂട്ടാന്‍ ഏറെക്കുറെ സമ്മതം പ്രകടിപ്പിച്ചിരിക്കുകയാണ് പാര്‍ട്ടി. എന്നാലും കാഞ്ഞിരപ്പള്ളി സീറ്റിനു വേണ്ടി ശരിക്കൊന്നു ബലംപിടിച്ചുനോക്കുമെന്നാണ് സി.പി.ഐക്കാര്‍ പറയുന്നത്. അതുകൊണ്ടൊന്നും കാര്യമില്ല. മുന്നണിയില്‍ നിന്ന് അവിടെ ആരു മത്സരിക്കണമെന്ന് വല്യേട്ടന്‍ തീരുമാനിച്ചാല്‍ അതുതന്നെ നടക്കും. ഒടുവില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകുമ്പോള്‍ 'കരയാതെ മക്കളേ കല്‍പ്പിച്ചു തമ്പുരാന്‍...' എന്ന് പാര്‍ട്ടിക്കാരോട് കാനത്തിനു പറയേണ്ടിവരും.
സി.പി.ഐയുടെ ആദര്‍ശരോഗം തല്‍ക്കാലം വഴിമാറിയത് അത്ര ഇഷ്ടമുണ്ടായിട്ടൊന്നുമല്ല. ഭരണം നയിച്ച വല്യേട്ടന്റെ കൈയിലിരിപ്പുകള്‍ സര്‍ക്കാരിനെതിരേ തരക്കേടില്ലാത്ത വിധത്തില്‍ ജനവികാരം സൃഷ്ടിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ക്ക് നന്നായറിയാം. നിയമസഭാ തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ കുറച്ചു വോട്ടുള്ള ആരെയെങ്കിലുമൊക്കെ ഇനിയും കൂടെക്കൂട്ടുകയല്ലാതെ വേറെ മാര്‍ഗമില്ല. ഏതു രോഗത്തെയും ശമിപ്പിക്കുന്ന ഒറ്റമൂലിയാണല്ലോ അധികാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."