ജോസിന് സി.പി.ഐയുടെ പച്ചക്കൊടി
തിരുവനന്തപുരം: ജോസ് കെ. മാണിയുടെ എല്‍.ഡി.എഫ് പ്രവേശനത്തില്‍ മുന്നണി എടുക്കുന്ന തീരുമാനത്തിനൊപ്പമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും നടത്തിയ സി.പി.എം - സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് കാനം നിലപാട് അറിയിച്ചത്.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സീറ്റുധാരണകള്‍ നിലവിലെ എല്‍.ഡി.എഫ് സംവിധാനത്തെ ബാധിക്കരുതെന്നും ചര്‍ച്ചയില്‍ കാനം പറഞ്ഞു. കാനം രാജേന്ദ്രന് എ.കെ.ജി സെന്ററിലെത്തിയാണ് കോടിയേരിയുമായും പിണറായിയുമായും കൂടിക്കാഴ്ച നടത്തിയത്. നേരത്തെ ജോസ് കെ. മാണിയെ എല്‍.ഡി.എഫില്‍ എടുക്കുന്നതില്‍ സി.പി.ഐക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ജോസ് കെ. മാണി എം.എന്‍ സ്മാരകത്തില്‍ പോയി കാനത്തെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് സി.പി.ഐ നിലപാട് തിരുത്തിയത്. വ്യാഴാഴ്ച ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ചുള്ള സി.പി.ഐ നിലപാട് അറിയിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റും കേരള കോണ്‍ഗ്രസ് എമ്മിനെ ഘടക കക്ഷിയാക്കാന്‍ തീരുമാനിച്ചതോടെ വ്യാഴാഴ്ച തന്നെ ജോസ് പക്ഷത്തിന്റെ ഇടതു മുന്നണി പ്രവേശന പ്രഖ്യാപനമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."