തദ്ദേശ ജയം; ജോസിന്റേയും ജോസഫിന്റേയും വിധിയെഴുത്ത്
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ ജയം കേരള കോണ്‍ഗ്രസ് (എം)
ജോസ് , ജോസഫ് വിഭാഗങ്ങള്‍ക്ക് നിര്‍ണായകം. രാഷ്ട്രീയ നിലനില്‍പിനൊപ്പം നിയമസഭയില്‍ കൂടുതല്‍ സീറ്റുകള്‍ പിടിച്ചുവാങ്ങണമെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ഇരുപക്ഷത്തിനും അനിവാര്യമാണ്.
കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നിട്ടും തദ്ദേശ, നിയമസഭകളിലേക്ക് മത്സരിച്ച എല്ലാ സീറ്റുകളിലും പി.ജെ ജോസഫ് അവകാശം ഉന്നയിച്ചു രംഗത്ത് എത്തിയത് കൂടുതല്‍ നിയമസഭ സീറ്റുകള്‍ ലക്ഷ്യമിട്ടാണ്.
ശക്തികേന്ദ്രങ്ങളില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനുള്ള നീക്കത്തിലാണ് ജോസ് കെ. മാണി പക്ഷവും. ഒന്നായി നിന്ന കേരള കോണ്‍ഗ്രസ് (എം) നിയമസഭയിലേക്ക് 15 സീറ്റിലാണ് മത്സരിച്ചത്. 11 സീറ്റില്‍ മാണി ഗ്രൂപ്പും നാല് ഇടത്ത് ജോസഫ് പക്ഷവും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രമായ കോട്ടയം ജില്ലയിലെ ഗ്രാമ, ബ്ലോക്ക്, ജില്ല, നഗരസഭകളിലായി 533 സീറ്റുകളിലായിരുന്നു യു.ഡി.എഫ് കേരള കോണ്‍ഗ്രസി (എം) ന് നല്‍കിയത്. ഇതില്‍ 292 സീറ്റുകളില്‍ ജയിച്ചു.
ജയിച്ചവരില്‍ ഭൂരിപക്ഷവും ജോസ് പക്ഷത്താണ്. എന്നാല്‍ ഇതുള്‍പ്പെടെ കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റുകളും വേണമെന്നാണ് ജോസഫ് യു.ഡി.എഫിനോട് ആവശ്യപ്പെടുന്നത്. ജോസ് പക്ഷം പോയെങ്കിലും ഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും തനിക്കൊപ്പമാണെന്നാണ് ജോസഫിന്റെ അവകാശവാദം. ജോസ് വിഭാഗം പോയതോടെ തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ടു കോണ്‍ഗ്രസ് നീക്കം നടത്തുന്നതിനിടെയാണ് അവകാശവാദവുമായി ജോസഫിന്റെ രംഗപ്രവേശം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ ജയിച്ച് ശക്തി തെളിയിക്കാനായാല്‍ നിയമസഭ സീറ്റുകളില്‍ വിട്ടുവീഴ്ച വേണ്ടി വരില്ലെന്ന കണക്കുകൂട്ടലിലാണ് ജോസഫിന്റെ നീക്കം.
എല്‍.ഡി.എഫ് സഹകരണം പ്രഖ്യാപിച്ച ജോസ് കെ. മാണി പക്ഷവും തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാനുള്ള നീക്കത്തിലാണ്. മധ്യകേരളത്തിലെ ശക്തികേന്ദ്രങ്ങളില്‍ അടക്കം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകള്‍ അവരും ലക്ഷ്യം വെയ്ക്കുന്നു. കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ ജോസ് പക്ഷത്തിന് പരമാവധി സീറ്റ് നല്‍കാന്‍ സി.പി.എമ്മും തയാറാണ്. 12 നിയമസഭ സീറ്റുകളാണ് സി.പി.എമ്മിന്റെ വാഗ്ദാനം.
ഇതു ഉറപ്പിക്കണമെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തിക്കാട്ടിയേ മതിയാവൂ. സി.പി.ഐയുടെ എതിര്‍പ്പ് ചില ജില്ലകളിലെങ്കിലും സി.പി.എമ്മിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. അതിനിടെ യു.ഡി.എഫ് നേതൃത്വം നാളെ പി.ജെ ജോസഫുമായി കോട്ടയത്ത് ഉഭയകക്ഷി ചര്‍ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."