ഫാം ഡിക്കാരും ഇനി ഡോക്ടര്‍മാര്‍
കോഴിക്കോട്: ഡോക്ടര്‍ ഓഫ് ഫാര്‍മസി (ഫാംഡി) ബിരുദം നേടിയവര്‍ക്ക് ഇനി പേരിനൊപ്പം ഡോക്ടര്‍ എന്നതിന്റെ 'ഡോ.' ചേര്‍ക്കാന്‍ അനുമതി. ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യത്തില്‍ സര്‍ക്കുലര്‍ ഇറക്കിയത്. ആരോഗ്യ മേഖലയില്‍ രോഗികളെ ചികിത്സിക്കാത്ത ഡോക്ടര്‍മാര്‍ എന്ന പദവിക്ക് ഇതോടെ ആറു വര്‍ഷത്തെ ഫാം ഡി കോഴ്സുകാര്‍ അര്‍ഹരാകും.
അംഗീകൃത സര്‍വകലാശാലകള്‍ നടത്തുന്ന ഫാം ഡി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പേരിനൊപ്പം 'ഡോ.' എന്നു ചേര്‍ക്കാമെന്നാണ് കഴിഞ്ഞ ദിവസം ഇറക്കിയ സര്കുലറില് ഫാര്‍മസി കൗണ്‍സില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഫാം ഡി കോഴ്സ് പൂര്‍ത്തിയാക്കി ബിരുദ സര്‍ട്ടിഫിക്കറ്റ് കാത്തിരിക്കുന്നവരെയും ഇനി ഡോ. എന്ന് ചേര്‍ത്ത് വിളിക്കണമെന്ന് ഫാര്‍മസി കൗണ്‍സില്‍ സര്‍വകലാശാലകള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. 2008 ലാണ് ഇന്ത്യയില്‍ ഫാം ഡി കോഴ്സ് തുടങ്ങിയത്. മഹാരാഷ്ട്രയിലായിരുന്നു ആദ്യ കോഴ്സ്.
രണ്ടു വര്‍ഷത്തെ ഡിപ്ലോമ കോഴ്സായ ഡി.ഫാം, നാലു വര്‍ഷത്തെ ബിരുദ കോഴ്സായ ബിഫാം, രണ്ടു വര്‍ഷത്തെ ബിരുദാനന്തര ബിരുദമായ എം. ഫാം എന്നിവക്കു ശേഷമാണ് ഡോക്ടര്‍ ഓഫ് ഫാര്‍മസി എന്ന ഫാം ഡി കോഴ്സ്. ആറു വര്‍ഷമാണ് കോഴ്സിന്റെ കാലാവധി.
2012 ലാണ് രാജ്യത്ത് ഈ കോഴ്സ് പൂര്‍ത്തിയാക്കി ആദ്യ ബാച്ച് ഇറങ്ങിയത്. രണ്ടാമത്തെ ബാച്ച് ഈ വര്‍ഷം പുറത്തിറങ്ങും.
ഇതുവരെ യൂനിവേഴ്സിറ്റികള്‍ നല്കുന്ന ബിരുദത്തിനൊപ്പം ഡോക്ടര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കാറില്ല. മഹാരാഷ്ട്രയിലെ ഡോക്ടര്‍ ഓഫ് ഫാര്‍മസി അസോസിയേഷനാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയെ സമീപിച്ചത്.
നേരത്തെയും പേരിനൊപ്പം ഡോക്ടര്‍ എന്നു ചേര്‍ക്കാമെന്ന് ഫാര്‍മസി കൗണ്‍സില്‍ വ്യക്തമാക്കിയെങ്കിലും സര്‍വകലാശാലകള്‍ക്ക് സര്കുലര് നല്‍കുന്നത് ഇതാദ്യമാണ്. ആറു വര്‍ഷത്തെ ഫാം ഡി കോഴ്സ് ആരോഗ്യ മേഖലയില്‍ ഡോക്ടര്‍ പദവിക്ക് തുല്യമാണെന്നും വിദേശ രാജ്യങ്ങളില്‍ ഫാം ഡിക്കാര് ഡോക്ടര്‍മാരായാണ് അറിയപ്പെടുന്നതെന്നും സംഘടന പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."