മുഖ്യപരാതിക്കാരന്‍ അടക്കം കൂറുമാറി; മുസഫര്‍ നഗര്‍ കലാപക്കേസില്‍ 11 പേരെ വെറുതെവിട്ടു
ലഖ്‌നോ: 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പായി ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസില്‍ 11 പേരെയും വെറുതെവിട്ടു. മതിയായ തെളിവുകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് പബ്ലിക് പ്രോസികൂട്ടര്‍ ദുശ്യന്ത് ത്യാഗി പറഞ്ഞു. മുസഫര്‍നഗര്‍ ജില്ലാ കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജീവ് കുമാര്‍ തിവാരിയുടെതാണ് നടപടി. കൊള്ള, കൊള്ളിവയ്പ്, നിയമവിരുദ്ധമായി സംഘംചേരല്‍, കലാപം തുടങ്ങിയ വകുപ്പുകള്‍ ചുമത്തപ്പെട്ടവരാണ് പ്രതികള്‍. കേസില്‍ മൂന്നുസാക്ഷികള്‍ കോടതിയില്‍ ഹാജരായെങ്കിലും ഇവര്‍ നേരത്തെ കൊടുത്ത മൊഴിമാറ്റുകയും ചെയ്തത് പ്രതികള്‍ക്ക് അനുഗ്രഹമായി. കേസിലെ മുഖ്യപരാതിക്കാരന്‍ മുഹമ്മദ് സുലൈമാനും മക്കളായ ഇസ്‌ലാം, അഅ്‌സം എന്നിവരാണ് മൊഴിമാറ്റിയത്.
കലാപവുമായ ിബന്ധപ്പെട്ട 38 കേസുകള്‍ പിന്‍വലിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചത് വിവാദമായിരുന്നു. 2013 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മുസഫര്‍നഗറിലും പരിസരപ്രദേശങ്ങളും നടന്ന വര്‍ഗീയ കലാപത്തില്‍ 60 പേരാണു കൊല്ലപ്പെട്ടത്. 40,000 പേര്‍ക്കു വീടൊഴിഞ്ഞുപോകേണ്ടിവന്നു. ബി.ജെ.പി എം.എല്‍.എയുള്‍പ്പെടെയുള്ളവര്‍ കലാപക്കേസിലെ പ്രതികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."