കുഞ്ഞുകൈകളിലൂടെ സഹായപ്രവാഹം നാടിനെ പുനര്‍നിര്‍മിക്കാന്‍ വിദ്യാര്‍ഥികളും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമേകി കുഞ്ഞുകൈളും. തിരുവനന്തപുരം ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സഹായം സഹകരണ-ടൂറിസം-ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിവിധ സ്‌കൂളുകളിലെത്തി ഏറ്റുവാങ്ങി. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ആദ്യഘട്ടമായി 50,000 രൂപ മന്ത്രിക്കു കൈമാറി.
ദുരിതബാധിതരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ നിര്‍ലോഭമായ സഹായമാണ് ലഭിക്കുന്നതെന്നും നാടിനെ പുനര്‍നിര്‍മിക്കാന്‍ എല്ലാവരും സഹായം നല്‍കണമെന്നും മന്ത്രി പറഞ്ഞു. എസ്.എം.സി ചെയര്‍മാന്‍ അരവിന്ദ് അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. ലളിതകുമാരി, പ്രിന്‍സിപ്പല്‍ കെ.എല്‍ പ്രീത, ഹെഡ്മാസ്റ്റര്‍മാരായ എ.ആര്‍ ജസീല, ജെ. രാജശ്രീ എന്നിവര്‍ പങ്കെടുത്തു.
പട്ടം ഗേള്‍സ് എച്ച്.എസ്.എസിലെ ധനസഹായ സമാഹരണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. 10,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികള്‍ കൈമാറി. പ്രിന്‍സിപ്പല്‍ എന്‍. രത്‌നകുമാര്‍, ഹെഡ്മാസ്റ്റര്‍ ജി. രവീന്ദ്, പി.ടി.എ. പ്രസിഡന്റ് കെ.ആര്‍ രാജീവ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ശ്യാംലാല്‍ എന്നിവര്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ സന്ദേശം സ്‌കൂള്‍ അസംബ്ലിയില്‍ വായിച്ചു. പ്രളയവുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ വിദ്യാര്‍ഥികളില്‍ നിന്നുള്ള ധനസമാഹരണം ഇന്നും തുടരും. ലഭിച്ച തുകയുടെ വിശദാംശങ്ങള്‍ നാളെ വൈകുന്നേരത്തിനകം സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയിഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകളും 'സമ്പൂര്‍ണ' പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വ്യാഴാഴ്ചയോടെ ശേഖരിച്ച തുക വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള എസ്.ബി.ഐയുടെ സംവിധാനം വഴി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. വിശദാംശങ്ങള്‍ www.education.kerala.gov.in ല്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."