അനധികൃത മത്സ്യബന്ധനം; ഏഴ് ബോട്ടുകള്‍ക്ക് രണ്ടരലക്ഷം പിഴ
ചവറ: അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകള്‍ക്കെതിരേ നടപടിയുമായി ഫിഷറീസ് വകുപ്പ്. ഏഴ് വള്ളങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ് രണ്ടരലക്ഷത്തോളം രൂപ പിഴ ചുമത്തി. മത്സ്യബന്ധന ബോട്ടുകളും യന്ത്രവല്‍കൃത വള്ളങ്ങളും തീരത്തോടടുത്ത് മത്സ്യ ബന്ധനം നടത്തുന്നത് കേരള മറൈന്‍ ഫിഷറീസ് ആക്റ്റ് പ്രകാരം കുറ്റകരമാണ്. പൊഴിയൂര്‍ മുതല്‍ മഞ്ചേശ്വരംവരെ 20 മീറ്റര്‍ ആഴമുള്ളിടത്തും കൊല്ലങ്കോട് മുതല്‍ പറവൂര്‍വരെ 30 മീറ്റര്‍ ആഴത്തിലും മത്സ്യബന്ധനം നടത്താനാണ് അനുമതി. എന്നാല്‍ ഇത് ലംഘിച്ച് തീരക്കടലില്‍ ഇവര്‍ മത്സ്യബന്ധനം നടത്തുന്നത് വ്യാപകമാണ്.
രണ്ട് ബോട്ടുകള്‍ സ്ഥിരമായി നടത്തുന്ന നികത്തിവലി എന്ന മത്സ്യബന്ധന രീതി കാരണം പലപ്പോഴും പരമ്പരാഗത മത്സ്യത്തൊഴിലാളികളുമായി സംഘര്‍ഷമുണ്ടാകുന്നത് പതിവാണ്. ഇത്തരത്തില്‍ അനധികൃത മത്സ്യബന്ധനം നടത്തിയാല്‍ പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ്, തീരദേശ പൊലിസ് അധികൃതര്‍ പറഞ്ഞു.യന്ത്രവല്‍കൃത ബോട്ടുകള്‍ തീരത്തോടടുത്ത് വലയെറിഞ്ഞതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ ചേരിതിരിഞ്ഞ് കൊല്ലം തീരത്ത് ഏറ്റുമുട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."