സൂക്ഷിക്കുക; മാലപൊട്ടിക്കുന്ന സംഘം പിന്നാലെയുണ്ട്
കോഴിക്കോട്: നഗരത്തില്‍ തനിച്ച് നടക്കുന്ന സ്ത്രീകള്‍ സൂക്ഷിക്കുക. ബൈക്കിലെത്തി മാലപൊട്ടിക്കുന്ന സംഘം പിന്നാലെയുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തസ്‌കര സംഘം നഗരം കീഴടക്കിയിരിക്കുകയാണ്. പൊലിസാകട്ടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനുള്ള ഓട്ടത്തിലാണ്. നഗരത്തിലെ മുക്കിലും മൂലയിലും ഇരുചക്ര വാഹനക്കാരെ പെറ്റികേസ് അടിപ്പിച്ച് പണം പിരിക്കലാണ് പൊലിസിന്റെ മുഖ്യപണിയിപ്പോള്‍. ഇതിന്റെ മറവിലാണ് ബൈക്കിലെത്തി മാലപൊട്ടിക്കുന്ന സംഘം വിലസുന്നതും.
നഗരത്തിന്റെ വിവിധ പൊലിസ് സ്‌റ്റേഷന്‍ പരിധികളിലായി മാലപൊട്ടിക്കല്‍ കേസുകള്‍ ഒരിടവേളക്ക് ശേഷം കൂടിയിരിക്കുകയാണിപ്പോള്‍. പ്രായമായ സ്ത്രീകളെ കേന്ദ്രീകരിച്ചാണ് പിടിച്ചുപറി അധികവും നടക്കുന്നത്. നഗരപരിധിയില്‍ കഴിഞ്ഞ ആഴ്ച മാത്രം അഞ്ച് കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ മൂന്നു കേസുകളും ഒരു ദിവസമാണ് രജിസ്റ്റര്‍ ചെയ്തത്. രാപ്പകല്‍ ഭേദമന്യേയാണ് പിടിച്ചുപറി സംഘം ഇപ്പോള്‍ നഗരത്തില്‍ വിലസുന്നത്. ഇടവഴികളും ആളൊഴിഞ്ഞ സ്ഥലവുമാണ് ഇത്തരത്തിലുള്ള സംഘം പിടിച്ചുപറി നടത്താനായി തെരഞ്ഞെടുക്കുന്നത്.
കേസുകള്‍ വര്‍ധിച്ചതോടെ പകല്‍ സമയത്തും പട്രോളിങ് ശക്തമാക്കുമെന്ന് പൊലിസ് പറയുന്നുണ്ടെങ്കിലും ഇരുചക്രവാഹനയാത്രക്കാരെ തടഞ്ഞുനിര്‍ത്തി പെറ്റി അടിക്കലാണ് പതിവ്. പിടിച്ചുപറി ഉള്‍പ്പെടെ ഈ വര്‍ഷം ജൂലൈ വരെ 84 കേസുകളാണ് സിറ്റി പൊലിസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 106 ആയിരുന്നു. വാഹനമോഷണവുമായി ബന്ധപ്പെട്ട് 47 കേസുകളും കളവ് കേസുമായി ബന്ധപ്പെട്ട് 131 കേസുകളും വീട് കുത്തിത്തുറന്നതിന് 80 കേസുകളും കവര്‍ച്ചയുമായി ബന്ധപ്പെട്ട് 40 കേസുകളും ഏഴു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."