ബിഷപ്പിനെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യാനൊരുങ്ങി പൊലിസ്; ഇന്നു തന്നെ നോട്ടിസയക്കും
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഇക്കാര്യം കാണിച്ച് ഇന്നു തന്നെ ബിഷപ്പിന് നോട്ടിസ് നല്‍കുമെന്ന് വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ഏറ്റുമാനൂരില്‍ വെച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൊച്ചിയില്‍ ഇന്ന് ഐ.ജിയുടെ അവലോകന യോഗം നടക്കുന്നുണ്ട്.
ഒരാഴ്ച മുമ്പ് കൊച്ചിയില്‍ നടന്ന അവലോകന യോഗത്തില്‍ ഐ.ജി ചില നിര്‍ദ്ദേശങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള അന്വേഷണം കൂടി പൂര്‍ത്തിയാക്കിയതോടെയാണ് ബിഷപ്പിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്.
വ്യാഴാഴ്ച പഞ്ചാബ് പൊലിസ് മുഖേന ബിഷപ്പിന് നോട്ടിസ് നല്‍കാനാണ് ശ്രമിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കുക. ഏറ്റുമാനൂരില്‍ വെച്ച് ചോദ്യം ചെയ്യല്‍ നടത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം കോട്ടയത്ത് എസ്.പിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. തെളിവുകളും മൊഴിയിലെ പൊരുത്തക്കേടുകളും പരിശോധിച്ച ശേഷമാണ് ഇപ്പോള്‍ ബിഷപ്പിനെ വിളിച്ച് വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വീണ്ടും ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായാല്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
അതിനിടെ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധി പേരാണ് കൊച്ചിയിലെ സമരപന്തലിലേക്ക് എത്തുന്നത്. വിവിധ മഹിളാ സംഘടനകളും സാംസ്‌കാരിക പ്രവര്‍ത്തകരും ഇന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമര പന്തലില്‍ എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."