ബഹ്റൈനില്‍ സന്ദര്‍ശനത്തിലുള്ളവര്‍ക്ക് സന്തോഷവാര്‍ത്ത! വിസിറ്റ് വിസകളുടെ കാലാവധി മൂന്നുമാസം കൂടി സൗജന്യമാക്കി
മനാമ: ബഹ്റൈനിൽ സന്ദർശക വിസകളില്‍ കഴിയുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. വിസിറ്റ് വിസകളുടെ കാലാവധി മൂന്നു മാസത്തേക്കുകൂടി സൗജന്യമായി നീട്ടി നല്‍കുമെന്ന് ബഹ്റൈന്‍ നാഷനാലിറ്റി, പാസ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) വിഭാഗം അറിയിച്ചു. ബഹ്റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിലുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ചാണ് എൻ.പി.ആർ.എയുടെ പ്രഖ്യാപനം. ഇതിന് പ്രത്യേക അപേക്ഷകളൊന്നും നല്‍കേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ജൂലൈയിൽ നീട്ടിനൽകിയ മൂന്നു മാസത്തെ കാലാവധി ഒക്ടോബർ 21ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ മൂന്നു മാസത്തേക്ക് കൂടി വീണ്ടും കാലാവധി നീട്ടി നല്‍കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.
ഇതോടെ ബഹ്റൈനില്‍ സന്ദർശക വിസയിൽ എത്തിയവർക്കെല്ലാം ജനുവരി 21 വരെ രാജ്യത്ത് നിയമ നടപടികളില്ലാതെ കഴിയാം.
കോവിഡ് വ്യാപനത്തെത്തുടർന്ന് വിമാന സർവിസുകൾ നിർത്തിവെച്ചതോടെയാണ് രാജ്യത്ത് സന്ദർശക വിസകളുടെ കാലാവധി സൗജന്യമായി നീട്ടിനൽകാന്‍ തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."