HOME
DETAILS
MAL
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താല്‍ക്കാലിക ജീവനക്കാരെ ജനറല്‍ ബോഡി യോഗ പ്രമേയത്തിലൂടെ സ്ഥിരമാക്കാന്‍ നീക്കം
backup
October 19 2020 | 01:10 AM
കോഴിക്കോട്: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനായി ജനറല്‍ ബോഡിയില്‍ പ്രമേയം കൊണ്ടുവരാന്‍ നീക്കം. ചൊവ്വാഴ്ചയാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേര്‍ണിങ് ബോഡിയുടെ ജനറല്‍ ബോഡി യോഗം.
നിശ്ചിത യോഗ്യതയില്ലാത്തവരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിപ്പിച്ചെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് നിലനില്‍ക്കുമ്പോഴാണ് 2017ല്‍ താല്‍ക്കാലിക നിയമനത്തിനായി നടത്തിയ പരീക്ഷ പി.എസ്.സിക്കു തുല്യമാണെന്നു കാണിച്ച് ജനറല്‍ ബോഡിയില്‍ പ്രമേയം പാസാക്കാന്‍ നീക്കം നടക്കുന്നത്.
2018ലെ ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ഉത്തരവ് പ്രകാരം വിജ്ഞാന മുദ്രണം പ്രസില്‍ 62, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ തസ്തികകളിലായി 71 ഉള്‍പ്പെടെ 133 തസ്തികകളാണുള്ളത്. ഇതില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നവരടക്കം 35 പേര്‍ മാത്രമാണ് ഇവിടെ സ്ഥിരം ജീവനക്കാര്‍. ബാക്കിയെല്ലാം താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിക്കു കയറിയവരാണ്. ഇവരില്‍ പലരെയും യോഗ്യതാ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചും സാമ്പത്തിക അച്ചടക്കം പാലിക്കാതെയുമാണ് നിയമിച്ചതെന്ന കാര്യം 2017ല്‍ പ്രസിദ്ധീകരിച്ച ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ലോക്കല്‍ ഫണ്ട് ബോര്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം തെളിഞ്ഞതാണ്. ഇവരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് അണിയറയില്‍ പുരോഗമിക്കുന്നത്.
റിസര്‍ച്ച് ഓഫിസര്‍, എഡിറ്റോറിയല്‍ അസിസ്റ്റന്റ്, സബ് എഡിറ്റര്‍മാര്‍, എല്‍.ഡി ബൈന്‍ഡര്‍, കമ്പ്യൂട്ടര്‍, പ്രൂഫ് റീഡര്‍ ഗ്രേഡ് 2 എന്നീ തസ്തികകളിലുള്ള താല്‍ക്കാലികക്കാരെയാണ് ഇപ്പോള്‍ സ്ഥിരപ്പെടുത്തുന്നത്. 2017ലെ പ്രത്യേക വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ആറ് ഉദ്യോഗാര്‍ത്ഥികളെ റിസര്‍ച്ച് ഓഫിസര്‍മാരായി താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ചിരുന്നു. ഇതില്‍ നിശ്ചിത യോഗ്യതയില്ലാത്ത രണ്ടു പേര്‍ക്ക് നിയമന ഉത്തരവ് നല്‍കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഈ തസ്തികയില്‍ നിശ്ചിത യോഗ്യതയില്ലാത്ത ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചത് ചട്ടവിരുദ്ധമായ നടപടിയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ അവശ്യ യോഗ്യതകളും ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെ സബ് എഡിറ്ററായി പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിരുന്നപ്പോഴാണ് യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്‍കിയതെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
1999ലെ ഉത്തരവു പ്രകാരം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുഴുവന്‍ നിയമനങ്ങളും പി.എസ്.സി വഴിയാണ് നടത്തേണ്ടത്. 2000ത്തില്‍ പ്രത്യേക കോടതിവിധിയെ തുടര്‍ന്ന് എല്ലാ ഒഴിവുകളും പി.എസ്.സിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അടിയന്തിര സാഹചര്യത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ഒഴിവുകള്‍ നികത്തണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവുകളെല്ലാം കാറ്റില്‍ പറത്തിയാണ് അനധികൃത നിയമനവും സ്വജനപക്ഷപാതവുമായി അധികൃതര്‍ മുന്നോട്ടുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."