തിരുവനന്തപുരം സ്വര്‍ണക്കടത്ത്: സി.ബി.ഐ അന്വേഷണം തുടങ്ങി
തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ സി.ബി.ഐ കേസെടുത്ത് അന്വേഷണം തുടങ്ങി. ഡി.ആര്‍.ഐ അറസ്റ്റ് ചെയ്ത വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടായിരുന്ന പി.ടി.പി നഗര്‍ സ്വദേശി രാധാകൃഷ്ണനെതിരേയാണ് സി.ബി.ഐ കേസെടുത്തത്. അഴിമതി നിരോധന നിയമ പ്രകാരമാണ് കേസ്.
അഴിമതി കേസുകള്‍ അന്വേഷിക്കുന്ന സി.ബി.ഐ കൊച്ചി യൂനിറ്റിനാണ് അന്വേഷണ ചുമതല. കേസിന്റെ തുടക്കം മുതല്‍ സി.ബി.ഐയും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും രഹസ്യ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഐ കസ്റ്റംസ് സൂപ്രണ്ടിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതോടെയാണ് നിയമോപദേശത്തിനൊടുവില്‍ സി.ബി.ഐ കേസെടുക്കാന്‍ തയാറായത്.
അന്വേഷണത്തിന്റെ ഭാഗമായി, റിമാന്‍ഡില്‍ കഴിയുന്ന രാധാകൃഷ്ണനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സംഘം ഉടന്‍ കോടതിയെ സമീപിക്കും. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷം മറ്റു ജീവനക്കാര്‍ക്ക് പങ്കുള്ളതായി വ്യക്തമായാല്‍ അവരെയും സിബി.ഐ കേസില്‍ പ്രതിചേര്‍ക്കും.
കൂടുതല്‍ അറസ്റ്റ് ഉടന്‍
തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ പിടിയിലാകും. സംഭവത്തില്‍ കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് സംഘം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ മിക്കപ്പോഴും അഞ്ച് അംഗ കസ്റ്റംസ് സംഘമായിരുന്നു ഡ്യൂട്ടിയില്‍ ഉണ്ടാവുക. അഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും മൊബൈല്‍ ഫോണ്‍, സെറീന സ്വര്‍ണവുമായി പിടിയിലായപ്പോള്‍ ഡി.ആര്‍.ഐ പിടിച്ചെടുത്തിരുന്നു.
ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസുകാരുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്. മൊബൈല്‍ ഫോണുകള്‍ വിശദ അന്വേഷണത്തിന് സിഡാക്കിനു കൈമാറി. അതില്‍ നിന്നു കിട്ടുന്ന വിവരങ്ങള്‍ കൂടി പരിശോധിച്ച ശേഷം രണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാരെ കൂടി പിടികൂടാന്‍ ഡി.ആര്‍.ഐ നീക്കം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ കേസില്‍ ഉള്‍പ്പെടുത്തുന്നതിനെതിരേ ഡി.ആര്‍.ഐ.ക്ക് മേല്‍ വന്‍ സമ്മര്‍ദമുണ്ടെന്നാണ് വിവരം. ഇവരെയും ഒന്നിലേറെ തവണ ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."