മാതാവിനെയും വെറുതെ വിട്ടില്ല ഈ നരാധമന്
കൊല്ലം: സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കൊടുംക്രൂരത പുറത്ത്. മറവിരോഗം ബാധിച്ച് എഴുന്നേല്‍ക്കാല്‍ പോലുമാകാതെ കിടപ്പില്‍ കഴിയുന്ന മാതാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കൊലക്കേസ് പ്രതിയും ലഹരിക്ക് അടിമയുമായ മകന് പിടിയിലായി. അഞ്ചാലുമ്മൂട് സ്വദേശിനിയായ 65 കാരിയെയാണ് മൂത്തമകന് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പലപ്പോഴായി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കഞ്ചാവിന്റെ ലഹരിയില്‍ കഴിയുന്ന 45കാരനായ പ്രതി മാതാവ് തനിച്ചാകുന്ന വേളയിലാണ് അതിക്രമം കാട്ടിയിരുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പകല്‍ പിതാവ് സംഭവം നേരിട്ട് കാണാന്‍ ഇടയായതിനെ തുടര്‍ന്നാണ് മകന് പിടിയിലാകുന്നത്.
പുറത്തുപോയി വന്ന പിതാവ് ഭാര്യയെ പരിചരിക്കാന്‍ മുറിയിലേക്ക് കയറിയപ്പോഴാണ് പ്രതി മാതാവിനെ ശാരീരികമായി പീഡിപ്പിക്കുന്നത് കണ്ടത്. പീഡനം പുറത്തറിയിച്ചാല്‍ കൊലപ്പെടുത്തുമെന്ന് പിതാവിനെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. കഞ്ചാവിന്റെ ലഹരിയില്‍ പ്രതി മര്‍ദിക്കുന്നത് പതിവായതിനാല്‍ ഭയന്ന പിതാവ് സമീപത്തെ ഒരു പൊതുപ്രവര്‍ത്തകനെ വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹം വനിതാകമ്മിഷനംഗം ഷാഹിദ കമാലിനെ ഫോണില്‍ വിളിച്ച് സംഭവം അറിയിച്ചു. തുടര്‍ന്ന് ഷാഹിദ കമാല്‍ കൊല്ലം സിറ്റിപൊലിസ് കമ്മിഷണറുമായി ബന്ധപ്പെട്ടതോടെ ് ഇന്നലെ പ്രതിയെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ മകനെതിരേ പിതാവ് അഞ്ചാലുമ്മൂട് പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. ഇവരുടെ രണ്ട് പെണ്മക്കള് വിവാഹിതരായി വേറേയാണ് താമസം.
അവിവാഹിതനായ പ്രതിയും പിതാവും മാതാവും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. വല്ലപ്പോഴും കൂലിപ്പണിക്ക് പോകാറുള്ള പ്രകൃതമാണ് പ്രതിയുടേത്. ജോലിക്ക് പോകാത്ത ദിവസങ്ങളിലാണ് പ്രതി മാതാവിനോട് അതിക്രമം കാണിച്ചിരുന്നത്. സുഹൃത്തിന്റെ കാമുകിയെ സുഹൃത്തുമായി ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതിയുമാണ് ഇയാള്‍. തന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ ഇപ്പോള്‍ വിചാരണ നടക്കുകയാണ്. മറവിരോഗമുള്ളതിനാല് മാതാവിന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലിസിന് സാധിച്ചില്ല. മാതാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."