വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി
എന്‍.ഡി.എ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി രണ്ടാം തവണയും നരേന്ദ്രമോദി ഇന്നലെ വൈകീട്ട് ഏഴു മണിക്ക് അധികാരമേറ്റെടുത്തിരിക്കുകയാണ്. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട ആറായിരം അതിഥികളെ സാക്ഷിനിര്‍ത്തിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞാവാചകം മോദി ഏറ്റു ചൊല്ലിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം ബി.ജെ.പി ആസ്ഥാനത്തു വിളിച്ചുകൂട്ടിയ പാര്‍ട്ടി എം.പിമാരുടെയും നേതാക്കളുടെയും യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു ന്യൂനപക്ഷങ്ങളെയും ഒപ്പംകൂട്ടി വേണം മുന്നോട്ട് പോകാനെന്നത്.
നേരത്തേ സബ്കാ സാത്ത്, സബ്കാ വികാസ് എന്ന മുദ്രാവാക്യം മാത്രമേ അദ്ദേഹം ഉയര്‍ത്തിയിരുന്നുള്ളൂ. എന്നാല്‍, ഇത്തവണ അതോടൊപ്പം സബ്കാ വിശ്വാസ് എന്നൊരു വാക്കുകൂടി അതില്‍ ചേര്‍ത്തിരിക്കുകയാണ്. എല്ലാവരെയും ഉള്‍ക്കൊണ്ട് എല്ലാവരുടെയും വിശ്വാസം ആര്‍ജിച്ച് വികസന വഴിയില്‍ മുന്നേറാമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം കേള്‍ക്കാന്‍ ഇമ്പമുള്ള വാചകം തന്നെയാണ്. ഇത് ഉള്‍ക്കൊണ്ടുള്ള സര്‍ക്കാരാണ് ഇന്ന് മുതല്‍ ഇന്ത്യ ഭരിക്കുന്നതെങ്കില്‍ അത് ആശാവഹം തന്നെ. പക്ഷെ, ഇന്നലെ ക്ഷണിക്കപ്പെട്ട പ്രധാന കക്ഷിനേതാക്കളില്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനെ ഒഴിവാക്കിയത് പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് വിരുദ്ധവുമാണ്.
ഇന്ത്യയിലൊരുകാലത്തും ഉണ്ടാകാത്ത വംശീയ, വര്‍ഗീയ ചേരിതിരിവാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എന്‍.ഡി.എ ഭരണം ഇന്ത്യക്കു നല്‍കിയത്. വര്‍ഗീയ ധ്രുവീകരണം ഇത്രമേല്‍ ശക്തമായൊരു കാലം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനത വിഭജിക്കപ്പെട്ടു. അതിന്റെ തുടര്‍ച്ച ഇനിയുള്ള അഞ്ചു വര്‍ഷങ്ങളില്‍ ഉണ്ടാവില്ലെന്നാണല്ലോ മോദിയുടെ വാക്കുകളില്‍നിന്ന് മനസ്സിലാക്കേണ്ടത്
ആര്‍.എസ്.എസിന്റെ ഉപകരണമായ ബി.ജെ.പി മതേതര രാഷ്ട്രമായ ഇന്ത്യ ഭരിക്കുന്നത് മതേതര ജനാധിപത്യ ഇന്ത്യയെയും ഭരണഘടനയെയും എക്കാലവും നിലനിര്‍ത്താനല്ല എന്ന വസ്തുതയും ഇതിനിടയില്‍ ഓര്‍ക്കപ്പെടേണ്ടതുണ്ട്. ആര്‍.എസ്.എസിന്റെ ആത്യന്തിക ലക്ഷ്യം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്നതാണ്. സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ ഈ ലക്ഷ്യം മുന്നില്‍വച്ചാണ് അവര്‍ പ്രവര്‍ത്തിച്ചുപോരുന്നത്. ഇതിനിടയില്‍ കിട്ടുന്ന ഭരണം ആ യാത്രയിലെ പാഥേയം മാത്രമാണ്. ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിന് നിലമൊരുക്കാനുള്ള വേദി മാത്രമാണ് ജനാധിപത്യ മതേതര ഇന്ത്യയുടെ ഭരണം എന്നിരിക്കെ, എങ്ങനെയാണ് മോദി പറയുന്ന, ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്ന, അവരുടെ വിശ്വാസം നേടിയെടുക്കുന്ന രണ്ടാം എന്‍.ഡി.എ ഭരണം സാധ്യമാവുക അങ്ങനെ ഉണ്ടാവുകയാണെങ്കില്‍ ചരിത്രം മോദിയെ രേഖപ്പെടുത്തുക, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടൈം മാഗസിന്‍ വിശേഷിപ്പിച്ച ജനതയെ ഒന്നിപ്പിച്ച നേതാവ് എന്ന നിലയില്‍ തന്നെയായിരിക്കും. ഭിന്നിപ്പിന്റെ മേധാവി എന്ന നിലയിലായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് ടൈം മാഗസിന്‍ മോദിയെ വിശേഷിപ്പിച്ചത്.
പശുവിന്റെ പേരില്‍ എത്രയോ മുസ്‌ലിംകളും ദലിതരും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിത്യസംഭവങ്ങളായി. ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. സ്വതന്ത്രചിന്തകരും നിര്‍ഭയരായ പത്രപ്രവര്‍ത്തകരും വധിക്കപ്പെട്ടു. വാക്കാണ് സത്യമെങ്കില്‍ അത് തെളിയിക്കാനുള്ള അഞ്ചു വര്‍ഷമാണ് ജനങ്ങള്‍ മോദിക്കു നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന അപവല്‍ക്കരണത്തിന് അറുതിവരുത്തി രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ അവരെക്കൂടി വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞാല്‍ മോദിയുടെ ഭൂതകാല പ്രവര്‍ത്തനങ്ങളുടെ കറകളെല്ലാം അതുവഴി മായ്ക്കപ്പെട്ടേക്കാം. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യത്തിന്റെ സൗന്ദര്യം നിലകൊള്ളുന്നത് എതിരഭിപ്രായങ്ങള്‍ക്കും കൂടി ഇടം നല്‍കുന്നതിലാണ്.
ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവാക്കള്‍ തൊഴിലിനു വേണ്ടി അലയുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയില്‍ അവര്‍ക്കു കാര്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. കോര്‍പറേറ്റുകളെ നിര്‍ലോഭം സഹായിക്കുന്ന നിലപാട് രണ്ടാം എന്‍.ഡി.എ സര്‍ക്കാരും തുടരുമെന്നു തന്നെയാണ് കരുതേണ്ടത്. അതിനിടയില്‍ തൊഴിലിനു വേണ്ടി ഉഴറുന്ന ചെറുപ്പക്കാരെയുംകൂടി മോദി സര്‍ക്കാര്‍ ഓര്‍ക്കണം. മോദി സര്‍ക്കാരിന്റെ ഒന്നാമൂഴത്തില്‍ ഏറ്റവുമധികം പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നേരിടേണ്ടിവന്നത് കര്‍ഷകരില്‍ നിന്നായിരുന്നു. കടക്കെണിയില്‍പെട്ട കര്‍ഷകരുടെ ആത്മഹത്യകള്‍ ഇപ്പോഴും തുടരുന്നുണ്ട്. അവരുടെ കടങ്ങള്‍ എഴുതിത്തള്ളാനും നഷ്ടപ്പെട്ടുപോയ അവരുടെ ശുഭാപ്തി വിശ്വാസം വീണ്ടെടുക്കാനും വര്‍ധിതവീര്യത്തോടെ അധികാരമേറ്റ രണ്ടാം എന്‍.ഡി.എ സര്‍ക്കാരിനു സാധിക്കേണ്ടതുണ്ട്.
ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ ശൗചാലയങ്ങള്‍ പണിതും ദരിദ്രര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനും വൈദ്യുതിയും നല്‍കിയുമാണ് ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ അതു കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. അതിലപ്പുറമായിരുന്നു പുല്‍വാമ. അക്രമോത്സുകമായ ദേശീയതയാണ് ഇതുവഴി പ്രചരിപ്പിക്കപ്പെട്ടത്. ഇത്തരം പ്രചാരണങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക, ദലിത് വിഭാഗങ്ങള്‍ക്കും എതിരേ പ്രയോഗിക്കാനുള്ള ആയുധവുമായി. ഇതുപോലുള്ള പ്രചാരണങ്ങള്‍ ഉപേക്ഷിക്കാന്‍ മോദിയുടെ സബ്കാ വിശ്വാസ് മുദ്രാവാക്യത്തിനു കഴിയേണ്ടതുണ്ട്.മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന വാഗ്ദാനവും നടപ്പിലാക്കണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളെ ബി.ജെ.പി സര്‍ക്കാര്‍ ദുരുപയോഗം ചെയ്തു. അത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് പുതിയ സര്‍ക്കാര്‍ മാറിനില്‍ക്കണം. ഇപ്രാവശ്യത്തെ വിജയാഘോഷത്തിന് മോദി തുടക്കംകുറിച്ചത് ഭരണഘടനയ്ക്കു മുന്നില്‍ തലകുനിച്ചായിരുന്നെന്നോര്‍ക്കുക. അതൊരു നാടകമല്ലായിരുന്നെങ്കില്‍ ഭരണഘടനയുടെ അന്തഃസത്ത മുറുകെപിടിച്ചായിരിക്കണം ഭരണത്തുടര്‍ച്ച അദ്ദേഹം നിര്‍വഹിക്കേണ്ടത്. തന്റെ വാക്ചാതുരിയും ഊര്‍ജവും ഇതിനുംകൂടി അദ്ദേഹം വിനിയോഗിക്കണം.മൃഗീയ ഭൂരിപക്ഷമാണ് രണ്ടാമൂഴത്തില്‍ മോദിക്കു ലഭിച്ചിരിക്കുന്നത്. അതിനനുസൃതമായ ചുമതലാബോധവും ഉത്തരവാദിത്തബോധവും ജനങ്ങള്‍ അദ്ദേഹത്തില്‍നിന്ന് പ്രതീക്ഷിക്കുന്നു. സുശക്തമായ ഒരു ഇന്ത്യയ്ക്കു വേണ്ടത് ജാതിമത ഭേദമന്യെയുള്ള ജനതയുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ്. മഹത്തായ ഈ കര്‍ത്തവ്യം തന്റെ സബ്കാ വിശ്വാസ് മുദ്രാവാക്യം പ്രവൃത്തിപഥത്തിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിയണം. ഊര്‍ജസ്വലനായ പ്രധാനമന്ത്രി ഇതിനായി കഠിനാധ്വാനം ചെയ്യുമെന്നും അതുവഴി ഇന്ത്യക്കു നഷ്ടപ്പെട്ട മതസഹിഷ്ണുത തിരികെ ലഭിക്കുമെന്നും പ്രത്യാശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."