ജനങ്ങളെ കൊള്ളയടിക്കുന്ന എസ്.ബി.ഐ നടപടി പിന്‍വലിക്കണം: കോണ്‍ഗ്രസ്
ആലപ്പുഴ: രാജ്യത്ത് ഡിജിറ്റല്‍ ഇന്ത്യ പ്രഖ്യാപനം നടത്തുകയും മറു വഴിയിലൂടെ ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്ന ജനദ്രോഹ നിലപാടില്‍ നിന്നും എസ്.ബി ഐയെ പിന്‍തിരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡി.സി.സി ഭാരവാഹികളുടേയും മണ്ഡലം ചുമതലക്കാരുടേയും യോഗം ആവശ്യപ്പെട്ടു.
സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളും ലപ്‌സം ഗ്രാന്റ് പോലും വിതരണം ചെയ്യുന്നതിനു നിലവിലുണ്ടായിരുന്ന സൗജന്യ സേവനങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കി ഓരോ ഇടപാടുകാരനില്‍ നിന്നും പണം കൊള്ളയടിക്കുവാന്‍ എസ്.ബി.ഐ ഇറക്കിയിട്ടുള്ള പുതിയ സര്‍ക്കുലര്‍ രാജ്യത്തെ ജനകീയ ബാങ്കിങ് സംവിധാനത്തെ തന്നെ വെല്ലുവിളിക്കുന്നതാണ്. ബാങ്ക് ദേശസാല്‍കരണത്തിലൂടെ നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കി കുത്തകകളുടെ സ്വകാര്യ ബാങ്കുകള്‍ക്ക് രാജ്യത്തെ ബാങ്കിങ് സംവിധാനം തീറെഴുതി കൊടുക്കുന്നതിനാണ് ഇത്തരം കരിനിയമങ്ങളും, സര്‍ക്കുലറുകളും ഉണ്ടാക്കുന്നത്.
ഈ ജനദ്രോഹ നടപടിയില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ടു കൊണ്ട് 15-ാം തിയതി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ എസ്.ബി.ഐ ബാങ്കുകള്‍ക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുവാന്‍ തിരുമാനിച്ചു. ആലപ്പുഴയുടെ തീരദേശ മേഖലയോട് ഈ സര്‍ക്കാര്‍ കാട്ടുന്നത് കടുത്ത അവഗണനയാണെന്ന് യോഗം കുറ്റപ്പെടുത്തി. അതിരൂക്ഷമായ കടലാക്രമണം ഉണ്ടായിട്ടും കടല്‍ ഭിത്തി നിര്‍മാണത്തിന് തുക അനുവദിക്കില്ല എന്ന പിടിവാശിയിലാണ് സര്‍ക്കാര്‍.
കടല്‍ ഭിത്തി നിര്‍മാണം അടക്കമുള്ള തീരദേശവാസികളുടെ വിവധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആലപ്പുഴ കളക്ടറേറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തുവാനും യോഗം തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി ശ്രീകുമാര്‍, കെ.ആര്‍ മുരളീധരന്‍, വേലന്‍ചിറ സുകുമാരന്‍, യു.മുഹമ്മദ്, കെ.വി മേഘനാദന്‍, ജോണ്‍ തോമസ്, ടി.സുബ്രഹ്മണ്യദാസ്, പി.ഉണ്ണികൃഷ്ണന്‍, ജി.സഞ്ജീവ് ഭട്ട്, പ്രതാപന്‍ പറവേലി, ടി.വി.രാജന്‍, ജി.മനോജ്കുമാര്‍, റീഗോരാജു, പി.ബി.വിശ്വേശ്വരപണിക്കര്‍, വി.ഷുക്കൂര്‍, ശ്രീദേവി രാജന്‍, രാജലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."