നഗരസഭാ കൗണ്‍സിലിലും ചര്‍ച്ചയായി ബീഫ്
കോഴിക്കോട്: ആധുനിക അറവുശാലയോ അറവുമാടുകളെ പരിശോധിക്കാന്‍ വെറ്ററിനറി സര്‍ജ്ജനോ ഇല്ലാത്ത നഗരത്തില്‍ ബീഫ് കടകള്‍ക്ക് ഏകപക്ഷീയമായി നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസറുടെ നിര്‍ദേശം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി.
രണ്ടുമണിക്ക് ശേഷം ഇറച്ചികടകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. സി.പി.എമ്മിലെ പി.പി ബീരാന്‍കോയയാണ് വിഷയം കൗണ്‍സിലിന്റെ ശ്രദ്ധ ക്ഷണിച്ചത്. ജനങ്ങള്‍ക്ക് ശുദ്ധമായ മാംസം ലഭ്യമാക്കണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ റമദാന്‍ വ്രതം വരുന്ന സാഹചര്യത്തില്‍ കടകള്‍ രണ്ടുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാവു എന്ന നിര്‍ദേശം പ്രായോഗികമല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് സി. അബ്ദുറഹിമാന്‍ പറഞ്ഞു.
ആടുമാടുകളെ അറക്കുന്നത് പുലര്‍ച്ചെ നാലുമണിക്കാണെന്നും അങ്ങനെയുള്ള മാംസം രണ്ടുമണി കഴിഞ്ഞ് വില്‍പന നടത്തുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നുമായിരുന്നു ഹെല്‍ത്ത് ഓഫിസറുടെ വിശദീകരണം. മാടുകളെ അറക്കുന്ന സമയം നേരത്തെയാക്കി പ്രശ്‌നം പരിഹരിക്കുന്നതിന് പകരം രണ്ടുമണിക്ക് കടകള്‍ അടക്കണമെന്ന് പറയുന്നത് ശരിയല്ലെന്ന് സി. അബ്ദുറഹിമാന്‍ പറഞ്ഞു.
കടകള്‍ അടക്കാന്‍ കര്‍ശന നിര്‍ദേശം കൊടുത്തിട്ടില്ലെന്നും നാലുമണിക്ക് മൃഗങ്ങളെ അറക്കുന്ന കാര്യം കടക്കാര്‍ തന്നെയാണ് പറഞ്ഞതെന്നും ഹെല്‍ത്ത് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."