ഒരു മണിക്കൂര്‍ ജീവിച്ചിരിക്കില്ലെന്ന് വിധിയെഴുതിയിട്ടും സേബി ആരോഗ്യത്തോടെ വീട്ടിലേക്ക്
വാഷിങ്ടണ്‍: ജനിച്ചപ്പോള്‍ കേവലം ആപ്പിളിന്റെ തൂക്കം മാത്രമുള്ളതിനാല്‍ (245ഗ്രാം) ഒരു മണിക്കൂറു മാത്രമേ ജീവിച്ചിരിക്കുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ സേബി വീട്ടിലേക്ക് മടങ്ങുന്നത് ആരോഗ്യവതിയായി.
കാലിഫോര്‍ണിയയിലെ ഷാപ്പ് മേരി ബിര്‍ച്ച് ആശുപത്രിയില്‍ നിന്നാണ് ലോകത്തിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്ന സേബി കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങിയത്. ഒരു ദിവസത്തെ ആയുസ് വിധിക്കലില്‍ നിന്ന് 23 ആഴ്ചയും മൂന്ന് ദിവസവും പിന്നിട്ടാണ് വീട്ടിലേക്കുള്ള മടക്കം. ജനിച്ചതിന് ശേഷം പിതാവിനോട് ഡോക്ടര്‍മാര്‍ ആയുസ് വിധിച്ചത് ഒരു മണിക്കൂര്‍ മാത്രം.
എന്നാല്‍ ആ ഒരു മണിക്കൂര്‍ രണ്ട് മണിക്കൂറായെന്നും പിന്നീട് ദിവസവും ആഴ്ചകളും അവള്‍ പിന്നിട്ടെന്നും ആശുപത്രി അധികൃതര്‍ പുറത്തുവിട്ട വിഡിയോയില്‍ മാതാവ് പറഞ്ഞു. മാതാപിതാക്കളുടെ സ്വകാര്യത മുന്‍ നിര്‍ത്തിയാണ് ഈ വാര്‍ത്ത നേരത്തെ പുറത്തുവിടാതിരുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡിസംബര്‍ 23ന് ആണ് ശസ്ത്രക്രിയയിലൂടെ സേബിയെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.
അമ്മയ്ക്കുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് ഗര്‍ഭത്തിന്റെ 23 ആഴ്ചയായപ്പോള്‍ സിസേറിയനിലൂടെ സേബിയെ പുറത്തെടുക്കുകയായിരുന്നു. രക്തസമ്മര്‍ദം പെട്ടെന്നുയര്‍ന്ന സേബിയുടെ അമ്മയുടെ ജീവന് ഭീഷണിയായതു കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്. അങ്ങനെ 245 ഗ്രാം മാത്രം ഭാരമുള്ള ശിശുവിനെ പുറത്തെടുത്തു. ഭാരം കുറഞ്ഞ, ഗര്‍ഭകാലം പൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വൈഷമ്യങ്ങളൊന്നും സേബിക്കുണ്ടാകാത്തത് അവളുടെ അതിജീവനം കൂടുതല്‍ എളുപ്പമാക്കുകയായിരുന്നു. ആന്തരാവയവങ്ങള്‍ക്കുള്ളിലെ രക്തസ്രാവമോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ കുഞ്ഞിനുണ്ടായില്ല. മറ്റു പ്രശ്‌നങ്ങളൊന്നും പ്രകടിപ്പിക്കാതെ 2.2 കിലോഗ്രാം ഭാരവുമായി മെയ് പകുതിയോടെ സേബി വീട്ടിലെത്തി
അവളൊരു അത്ഭുതമാണെന്ന് സേബിയെ പരിചരിച്ച നഴ്‌സുമാരില്‍ ഒരാളായ കിം നോര്‍ബി പറഞ്ഞു. അല്ലെങ്കില്‍ ഇത്രയും ഭാരക്കുറവുണ്ടായിട്ടും അവള്‍ അതിജീവിക്കുകയില്ലായിരുന്നെന്ന് കി ംപറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."