ഉംറ; മൂന്നാം ഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് രണ്ടര ലക്ഷം തീർഥാടകർ എത്തും
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തിൽ പടിപടിയായി ഉംറ തീർഥാടനവും സിയാറത്തും പുനരാരംഭിക്കാനുള്ള പദ്ധതിയുടെ ഭാഗമായി മൂന്നാം ഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് രണ്ടര ലക്ഷം തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹജ്, ഉംറ ദേശീയ കമ്മിറ്റി അംഗം ഹാനി അലി അൽഉമൈരി പറഞ്ഞു. വിദേശ ഉംറ തീർഥാടകരെ സ്വീകരിച്ച് സേവനങ്ങൾ നൽകാൻ 531 ഉംറ സർവീസ് കമ്പനികളും സ്ഥാപനങ്ങളും സുസജ്ജമാണ്. വിദേശ ഉംറ തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന പ്രോട്ടോകോളുകളും മാനദണ്ഡങ്ങളും പൂർണമായും പാലിച്ചാണ് തീർഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക.
മക്കയിൽ ഹോട്ടൽ, ഗതാഗത, വ്യാപാര മേഖലകളിൽ ബിസിനസ് 25 ശതമാനം തോതിൽ വർധിക്കാൻ വിദേശ തീർഥാടകർക്കുള്ള അനുമതി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം ഘട്ടത്തിൽ വിദേശ തീർഥാടകർ പുണ്യഭൂമിയിലെത്തുന്നതിലൂടെ ബന്ധപ്പെട്ട മേഖലകളിലെ സ്ഥാപനങ്ങൾക്ക് 25 കോടി റിയാലിന്റെ വരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വിദേശ ഉംറ തീർഥാടകരുടെ ബുക്കിംഗ് ആരംഭിക്കുന്നത് 6,500 ഓളം വിദേശ ഉംറ ഏജൻസികളും 32 സൈറ്റുകളും പോർട്ടലുകളും കാത്തിരിക്കുകയാണ്.
പ്രതിസന്ധികൾ കൈകാര്യം ചെയ്യൽ, ആൾക്കൂട്ട നിയന്ത്രണം, എയർപോർട്ടുകളിലും ഹോട്ടലുകളിലും തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകൽ, തീർഥാടകരുടെ വിശുദ്ധ ഹറമിലേക്കുള്ള പ്രവേശനത്തിന് മേൽനോട്ടം വഹിക്കൽ, 'ഇഅ്തമർനാ' ആപ്പ് വഴി ഉംറക്കുള്ള പെർമിറ്റ് നേടൽ എന്നീ കാര്യങ്ങളിൽ ഉംറ മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പരിശീലനങ്ങൾ നൽകാൻ തുടങ്ങിയിട്ടുണ്ട്. നിലവിൽ രണ്ടാം ഘട്ടത്തിലും സഊദിക്കകത്തു നിന്നുള്ള സ്വദേശികൾക്കും വിദേശികൾക്കും മാത്രമാണ് ഉംറ അനുമതിയുള്ളത്.
വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലെ റൗദ ശരീഫിലും നമസ്‌കാരങ്ങൾ നിർവഹിക്കാനും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്താനും ഈ ഘട്ടത്തിൽ പെർമിറ്റുകൾ അനുവദിക്കുന്നുണ്ടെന്നും ഹാനി അലി അൽഉമൈരി പറഞ്ഞു.
അതേ സമയം സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ യാത്രാ അനുമതി ലഭിച്ച വിദേശ രാജ്യങ്ങളിലെ തീർഥാടകർക്ക് മാത്രമേ ഉംറക്ക് അനുമതി ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."