ഹാത്രസ് കൂട്ടബലാത്സംഗക്കൊല: പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് സി.ബി.ഐ
ലക്നൗ: ഹാത്രസ് കൂട്ടബലാത്സംഗക്കേസിലെ നാലു പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സി.ബി.ഐ. പ്രതിയുടെ സ്‌കൂള്‍ മാര്‍ക്ക് ലിസ്റ്റില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് സി.ബി.ഐ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ക്ക് ലിസ്‌റ്റെന്നു പറയുന്ന ഒരു ചിത്രവും ഇന്ത്യാടുഡേ പങ്കുവെച്ചിട്ടുണ്ട്. ഇത് പ്രകാരം പ്രതി ജനിച്ചത് 2/12/2002 ആണ്.
കേസില്‍ യു.പി പൊലിസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയെയും സി.ബി.ഐ രൂക്ഷമായി വിമര്‍ശിച്ചു.
നിലവില്‍ കേസിലെ നാലു പ്രതികളെയും അലിഗഢ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. തിങ്കളാഴ്ച നാലുപേരെയും 8 മണിക്കൂറോളം സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
സെപ്തംബര്‍ 14 നായിരുന്നു പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായത്.ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി സെപ്തംബര്‍ 29ന് മരിച്ചു. കുട്ടിയുടെ മൃതദേഹം വീട്ടുകാരെ പോലും കാണിക്കാതെ പാതിരാവില്‍ തന്നെ പൊലിസ് സംസ്‌ക്കരിക്കുകയും ചെയ്തു.
ആദ്യഘട്ടത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ബലാത്സംഗം നടന്നിട്ടില്ലെന്നും പൊലിസ് പറഞ്ഞിരുന്നു. തുടക്കം മുതല്‍ ഈ കേസില്‍ സവര്‍ണ ജാതിക്കാരായ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് പൊലിസ് നടത്തിവന്നിരുന്നതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം ശക്തമായിരുന്നു. ഇതോടെ കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു. ഒക്ടോബര്‍ പതിനൊന്നിനാണ് കേസന്വേഷണം സി.ബി.എക്ക് വിടാന്‍ ഉത്തരവിട്ടത്.
അതേസമയം ഹാത്രസ് കേസില്‍ സി.ബി.ഐ അന്വേഷണമല്ല വേണ്ടത് കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചാല്‍ മാത്രമേ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുകയുള്ളൂ എന്ന് ദലിത് ആക്റ്റിവിസ്റ്റുകള്‍ വ്യക്തമാക്കിയിരുന്നു.
പെണ്‍കുട്ടിയുടെ കുടുംബം നിര്‍ദേശിക്കുന്ന രണ്ട് പേരെങ്കിലും പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടണം എന്നും ആവശ്യം ഉയര്‍ന്നിരുന്നു.
വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയതിനിടെയാണ് പെണ്‍കുട്ടിയെ ഠാക്കൂര്‍ വിഭാഗത്തില്‍പ്പെടുന്ന നാല് പേര്‍ ചേര്‍ന്ന് ക്രൂരബലാത്സംഗത്തിന് ഇരയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."