ശാപമോക്ഷം കാത്ത് മുളയന്‍കാവ് യു.പി.സ്‌കൂള്‍
കൊപ്പം: ഒന്‍പതര പതിറ്റാണ്ട് കാലം ഒരു ഗ്രാമത്തിന് മുഴുവന്‍ അക്ഷരവെളിച്ചം പകര്‍ന്ന് നല്‍കിയ മുളയന്‍കാവ് യു.പി.സ്‌കൂള്‍ അതിന്റെ ഗതകാല പ്രൗഢി വീണ്ടെടുക്കാനൊരുങ്ങുന്നു. തങ്ങളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം എന്ന ഒരു ശരാശരി രക്ഷിതാവിന്റെ സ്വപ്നങ്ങള്‍ക്ക് മീതെ വിദ്യാഭ്യാസ കച്ചവടക്കാര്‍ വലവിരിച്ചതും, മുളയന്‍കാവ് യു.പി.സ്‌കൂളിന്റെ മാനേജ്‌മെന്റ് തര്‍ക്കവും, ഇവരുടെ കെടുകാര്യസ്ഥതയും, പിടിപ്പുകേടുമൊക്കെ സ്‌കൂളിന്റെ പ്രശസ്തിക്ക് മങ്ങലേല്‍പിച്ചു. എന്നാല്‍ അധ്യാപകരുടെ കാര്യക്ഷമമായ ഇടപെടലുകളും, പരിശീലന മികവും അര്‍പണ ബോധവും മൂലമാണ് വിദ്യാലയം ഇന്നും നിലനില്‍ക്കുന്നത്. മുളയന്‍കാവ് എന്ന നാടിന്റെ പേരില്‍ നിലനില്‍ക്കുന്ന രണ്ട് സ്ഥാപനങ്ങളില്‍ ഒന്നാണ് മുളയന്‍കാവ് യു.പി.സ്‌കൂള്‍.
സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മുളയന്‍കാവ് യു.പി.സ്‌കൂളിന്റെ പഴയ പ്രതാപം വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയത്.
നിലവിലുള്ള സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയില്‍ ക്ലാസ്മുറികളും പഠനോപകരണങ്ങളും നവീകരിക്കുകയും സ്‌കൂളില്‍ പുതിയതായി നഴ്‌സറി ക്ലാസുകള്‍ തുടങ്ങുകയും കുട്ടികള്‍ക്ക് സ്‌കൂളിലെത്തുന്നതിനായി വാഹന സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ടെന്ന് പൂര്‍വ വിദ്യാര്‍ഥി സംഘം ഭാരവാഹികള്‍ പറഞ്ഞു.
ഈ മാതൃവിദ്യാലയം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ ഒന്‍പതിന് സ്‌കൂള്‍ അങ്കണത്തില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും നടക്കും. നിരൂപണ സാഹിത്യകാരന്‍ ഡോ. എന്‍.പി. വിജയകൃഷ്ണന്‍ സംഗമം ഉദ്ഘാടനം ചെയ്യും. കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലൈഖ ടീച്ചര്‍ അധ്യക്ഷയാകും.
ദീര്‍ഘകാലം ഈ സ്‌കൂളിലെ അധ്യാപകനും, പ്രധാന അധ്യാപകനുമായി പ്രവര്‍ത്തിച്ച ടി.വി. ചന്ദ്രശേഖര വാര്യരെ ആദരിക്കും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ പ്രസിഡന്റ് ജയന്‍മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ഥികള്‍ അനുഭവങ്ങള്‍ പങ്കിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."