സുശീല്‍ കുമാര്‍ ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍നിന്ന് പിന്‍മാറി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക്‌സ് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍നിന്ന് പിന്‍മാറി.
മോശം ഫോമിനെ തുടര്‍ന്നാണ് താരം പിന്‍മാറിയതെന്നാണ് സൂചന. ഏഷ്യന്‍ ഗെയിംസില്‍ സുശീല്‍ കുമാര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. പരുക്കിനെ തുടര്‍ന്നായിരുന്നു താരത്തിന് ഏഷ്യന്‍ ഗെയിംസില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതിരുന്നത്.
ഇന്ത്യയുടെ മികച്ച ഗുസ്തി താരം അടുത്തിടെയായി മികച്ച ഫോമിലല്ല. ഒക്ടോബര്‍ 20 മുതല്‍ ഹംഗറിയില്‍ നടക്കണ്ടുന്ന ചാംപ്യന്‍ഷിപ്പില്‍നിന്നാണ് താരം പിന്മാറിയത്. സുശീല്‍ കുമാറിന് പുറമെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ദിവ്യയുടെയും പിന്മാറ്റം റെസ്‌ലിങ് അസോസിയേഷന്‍ സ്ഥിരീകരിച്ചു.
പരുക്ക് കാരണമാണ് ദിവ്യയുടെ പിന്മാറ്റം. സുശീല്‍ കുമാറിന് പകരം 74 കിലോഗ്രാം വിഭാഗത്തില്‍ ജിതേന്ദ്ര കുമാറും ദിവ്യയ്ക്കു പകരം 68 കിലോഗ്രാം വിഭാഗത്തില്‍ നവജ്യോത് കൗറും മത്സരിക്കും. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിനിടെ പരുക്കേറ്റ ദിവ്യ ഇതിനുശേഷം വിശ്രമത്തിലാണ്. പിന്മാറ്റത്തെക്കുറിച്ച് സുശീല്‍ കുമാര്‍ പ്രതികരിച്ചിട്ടില്ല. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടാന്‍ കഴിയാതിരുന്ന ഒളിംപിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്കും ബുഡാപെസ്റ്റില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ സീറ്റുറപ്പിച്ചിട്ടില്ല. 62 കിലോഗ്രാം വിഭാഗത്തില്‍ പങ്കെടുക്കാന്‍ സരിത മോറുമായി സാക്ഷി മത്സരിക്കും. മികച്ച ടീമുമായെത്തുന്ന ഇന്ത്യക്ക് കൂടുതല്‍ മെഡല്‍ പ്രതീക്ഷയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."