പാരിപ്പള്ളി മെഡിക്കല്‍ കോളജ്: എന്‍.കെ പ്രേമചന്ദ്രന്റെ ഹരജി ഫയലില്‍ സ്വീകരിച്ചു
കൊല്ലം: പാരിപ്പളളി മെഡിക്കല്‍ കോളജിന് ഈ അധ്യയന വര്‍ഷംതന്നെ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി സുപ്രിംകോടതി നിയമിച്ച മേല്‍നോട്ട കമ്മിറ്റിയായ ലോധാ കമ്മിറ്റി മുന്‍പാകെ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. എം.പിയുടെ ഹര്‍ജിയിമെല വിവരങ്ങള്‍ പരിശോധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ കമ്മിറ്റി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി.
ലോധാ കമ്മിറ്റിയുടെ അംഗീകാരത്തോടു കൂടി നല്‍കിയിട്ടുളള നിര്‍ദ്ദേശത്തിന്‌മേല്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുളളതായും ലോധാ കമ്മിറ്റി സെക്രട്ടറി, എം.പിയ്ക്ക് രേഖാമൂലം അറിയിപ്പ് നല്‍കി.
കോളജിന്റെ അനുമതിയ്ക്കായി നടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് എം.പി നേരിട്ട് ലോധാ കമ്മിറ്റിയെ സമീപിച്ചത്. കോളജ് അട്ടിമറിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍തിരിഞ്ഞിട്ടില്ല. വിഷയം ലോധാ കമ്മിറ്റി പരിഗണിക്കുമ്പോള്‍ ഏറ്റവും പ്രധാനമായി പരിശോധിക്കുന്ന ഒന്നാണ് കോളജ് പ്രിന്‍സിപ്പാളിന്റെ തസ്തിക.
ഏപ്രില്‍ 30 ന് പ്രിന്‍സിപ്പാള്‍ പെന്‍ഷനായിട്ടും ഇതുവരെ പുതിയ പ്രിന്‍സിപ്പാളിനെ നിയമിച്ചിട്ടില്ല. ലോധാ കമ്മിറ്റി മുന്‍പാകെ കൂടുതല്‍ കുറവുകള്‍ ഉണ്ടാക്കുകയെന്ന ഉദ്ദേശത്തോടു കൂടിയാണിത്. നിയമാനുസരണം രൂപീകരിച്ചിട്ടുളള മെഡിക്കല്‍ കൗണ്‍സിലിന്റെ അഭിപ്രായം കോളജിന്റെ അനുമതിയ്ക്ക് നിര്‍ണ്ണായകവുമാണ്.
കുറവുകള്‍ നികത്തിയ കംപ്ലൈന്‍സ് റിപ്പോര്‍ട്ട് മെഡിക്കല്‍ കൗണ്‍സിലിന് സമര്‍പ്പിക്കണമെന്നുള്ള നിയമപരമായ ബാദ്ധ്യത നിറവേറ്റുവാന്‍ പാരിപ്പള്ളി കോളജ് അധികാരികളോ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറിയോ തയ്യാറാകാത്തത് ദുരൂഹമാണെന്ന് എം.പി പറഞ്ഞു.
സുപ്രിം കോടതി നിയമിച്ച മേല്‍നോട്ടകമ്മിറ്റി വിഷയം പരിഗണിക്കുമ്പോള്‍ നിയമപരമായ നടപടികള്‍ പാലിച്ചുവെന്ന് ഉറപ്പു വരുത്തണമെങ്കില്‍ കംപ്ലൈന്‍സ് റിപ്പോര്‍ട്ട് മെഡിക്കല്‍ കൗണ്‍സിലിന് നല്‍കുകയും പുന:പരിശോധനയ്ക്കുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.
കേന്ദ്ര സര്‍ക്കാരില്‍ നിന്നും കോളജിന്റെ അനുമതിക്ക് അനുകൂലമായി സമീപനം സ്വീകരിച്ച് അനുമതി തള്ളിയ മെഡിക്കല്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മടക്കി നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സമയോചിതമായ തുടര്‍ നടപടി സ്വീകരിക്കാത്തതും കംപ്ലൈന്‍സ് റിപ്പോര്‍ട്ട് നല്‍കാത്തതുമാണ് വീണ്ടും തള്ളിയത്.
കേന്ദ്ര സര്‍ക്കാരും ലോധാ കമ്മിറ്റിയും അന്തിമ തീരുമാനം എടുക്കുന്നതിനു മുമ്പ് മെഡിക്കല്‍ കൗണ്‍സിലില്‍ കംപ്ലൈന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുളള നിയമപരമായ ബാദ്ധ്യത നിറവേറ്റുവാനും പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ നിയമനം നടത്തി മറ്റു കുറവുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകണമെന്നും എം.പി പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നിയമപരമായ ബാദ്ധ്യതകള്‍ നിറവേറ്റാന്‍ തയ്യാറായാല്‍ ഈ വര്‍ഷം തന്നെ കോളേജിന് അനുമതി ലഭ്യമാക്കുവാന്‍ കേന്ദ്ര സര്‍ക്കാരിലും ലോധാ കമ്മിറ്റിയിലും നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."