കോണ്‍.മണ്ഡലം പ്രസിഡന്റ് സി.പി.എം പിന്തുണയോടെ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയില്‍
കരിങ്കുന്നം: പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കത്തേത്തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍ കൂടിയായ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവച്ചു. തുടര്‍ന്ന് സി.പി.എം. പിന്തുണയോടെ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തോമസ്‌കുട്ടി കുര്യനാണ് സി.പി.എമ്മുമായി ചേര്‍ന്ന് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായത്.
കോണ്‍ഗ്രസ് വനിത അംഗമായ ലില്ലി ബേബി വിപ്പ് ലംഘിച്ച് തോമസുകുട്ടിക്ക് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്തു. പതിനൊന്നര വര്‍ഷമായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന തോമസ്‌കുട്ടിയുടെ രാജി പാര്‍ട്ടിക്ക് അപ്രതീക്ഷിത തിരിച്ചടിയായി. ഇന്നലെ സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് തോമസ്‌കുട്ടി മലക്കം മറിഞ്ഞത്.
രാവിലെ സി.പി.എം. സംസ്ഥാന സമിതി അംഗം കെ.പി. മേരി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി.മത്തായി എന്നിവരുമായി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തോമസ്‌കുട്ടി കുര്യനും പത്രിക നല്‍കിയത്. അഞ്ചാം വാര്‍ഡ് മെമ്പര്‍ ദിലീപ്കുമാറായിരുന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. കേരളാ കോണ്‍ഗ്രസി (എം)ന്റെ ജാസ്മിന്‍ റോസും പത്രിക നല്‍കിയിരുന്നു. ഒഴിവുണ്ടായിരുന്ന രണ്ടു സീറ്റിലേക്ക് ഇതോടെ മൂന്നു സ്ഥാനാര്‍ഥികളായി. പതിമൂന്നംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ കോണ്‍ഗ്രസ് അഞ്ച്, കേരളാ കോണ്‍ഗ്രസ് (എം)അഞ്ച്, സി.പി.എംമൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. സി.പി.എമ്മിന്റെ മൂന്നുപേരും കോണ്‍ഗ്രസിലെ ഏഴാംവാര്‍ഡ് മെമ്പര്‍ ലില്ലി ബേബിയും പിന്തുണച്ചതോടെ അഞ്ചുപേരുടെ വോട്ട് തോമസ്‌കുട്ടിക്ക് ലഭിച്ചു.
ജാസ്മിന്‍ റോസിനും ദിലീപ്കുമാറിനും നാല് വോട്ടുകള്‍ വീതമാണ് ലഭിച്ചത്. ടോസിട്ടപ്പോള്‍ ദിലീപ്കുമാര്‍ വിജയിച്ച് സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ എത്തുകയും ചെയ്തു. ഇതോടെ തോറ്റ ജാസ്മിനെ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തു. യു.ഡി.എഫ് ധാരണപ്രകാരം ആദ്യ രണ്ടരവര്‍ഷം കേരളാ കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനവും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനവും കോണ്‍ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവുമായിരുന്നു. രണ്ടുമാസം മുമ്പ് ഈ ധാരണപ്രകാരം പ്രസിഡന്റ് ബീനാ ബിജുവും ഒരു മാസം മുമ്പ് വൈസ് പ്രസിഡന്റ് തോമസ്‌കുട്ടി കുര്യനും രാജിവച്ചിരുന്നു. ധാരണപ്രകാരം കേരളാ കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിനാണ് ലഭിക്കേണ്ടത്. കേരള കോണ്‍ഗ്രസിലെ ജോജി തോമസ് വൈസ് പ്രസിഡന്റായതോടെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഒഴിവു വന്നു.
ഈ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അഞ്ചാം വാര്‍ഡ് മെമ്പര്‍ ദിലീപ്കുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പാര്‍ട്ടിയോട് ആലോചിക്കാതെ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ചയാളെ പരിഗണിക്കരുതെന്ന് തോമസ്‌കുട്ടി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയോടും ജില്ലാ കമ്മിറ്റിയോടും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലത്രേ. എന്നാല്‍ വിശദീകരണം പോലും ചോദിക്കാതെ ഇയാളെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് സി.പി.എമ്മുമായി ചേര്‍ന്ന് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് തോമസുകുട്ടി പറഞ്ഞു. നിലവില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ തോമസ്‌കുട്ടി കുര്യനും ദിലീപ്കുമാറും സി.പി.എമ്മിലെ ഗീതാ വിജയനുമാണുള്ളത്. രണ്ട് വോട്ട് ഉള്ളതിനാല്‍ തോമസ്‌കുട്ടി ചെയര്‍മാനാകുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."