മുന്നോക്ക സമുദായത്തിന് 10% സാമ്പത്തിക സംവരണം: പി.എസ്.സി ചട്ടഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം
തിരുവനന്തപുരം: മുന്നോക്ക സമുദായത്തിന് പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനായി പി.എസ്.സി നിര്‍ദേശിച്ച ചട്ടഭേദഗതികള്‍ മന്ത്രിസഭ അംഗീകരിച്ചു. സര്‍ക്കാര്‍ നിയമനങ്ങളില്‍ അടക്കം ഈ സംവരണം നിലവില്‍ വരും.
ഇനി വിജ്ഞാപനം ഇറങ്ങുന്നതോടെ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സര്‍ക്കാര്‍ ജോലികളില്‍ സംവരണാനുകൂല്യം ലഭിക്കും. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം കഴിഞ്ഞ ഓഗസ്റ്റ് 25ന് നടന്ന പി.എസ്.സി യോഗമാണ് അംഗീകരിച്ചത്. കേരള സര്‍വിസ് ചട്ടങ്ങള്‍ ഭേദഗതിചെയ്യാനുള്ള നിര്‍ദേശം പന്നീട് പി.എസ്.സി സര്‍ക്കാരിന് നല്‍കുകയായിരുന്നു.
2020 ജനുവരി ഒന്നിനാണ് മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചത്. ഇതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് കെ. ശ്രീധരന്‍നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളാണ് ചില ഭേദഗതികളോടെ സര്‍ക്കാര്‍ അംഗീകരിച്ചത്. തുടര്‍ന്ന് പി.എസ്.സിക്ക് കൈമാറുകയായിരുന്നു.
Read more at: മുന്നാക്ക സംവരണം പിന്നാക്കക്കാര്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ സംഭവിക്കുന്നത് വന്‍ നഷ്ടം
സംവരണ മാനദണ്ഡം ഇങ്ങനെ
- കുടുംബ വാര്‍ഷിക വരുമാനം നാലു ലക്ഷമോ അതില്‍ താഴെയോ ആയിരിക്കണം. കുടുംബസ്വത്ത് പഞ്ചായത്ത് പ്രദേശങ്ങളില്‍ പരമാവധി 2.5 ഏക്കറിലും മുനിസിപ്പാലിറ്റിയില്‍ 75 സെന്റും കോര്‍പറേഷനില്‍ 50 സെന്റുമാകണം. കുടുംബത്തിന്റെ വീട്ടുവളപ്പിന്റെ വിസ്തൃതി മുനിസിപ്പല്‍ പ്രദേശത്ത് 20 സെന്റിലും കോര്‍പറേഷന്‍ പ്രദേശത്ത് 15 സെന്റിലും കൂടാന്‍ പാടില്ല.
- എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗം റേഷന്‍ കാര്‍ഡുകാര്‍ ആനുകൂല്യത്തിന് അര്‍ഹരാണ്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം, ഉത്സവബത്ത, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, യാത്രാബത്ത, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ മേഖലകളിലെ ഹൗസ് പ്ലോട്ടിലെ കാര്‍ഷിക വരുമാനം എന്നിവ വാര്‍ഷിക വരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നീക്കിവയ്ക്കുക ജനറല്‍ വിഭാഗത്തില്‍ നിന്ന്
സര്‍ക്കാര്‍ ജോലികളില്‍ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള തീരുമാനത്തിനെതിരേ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. സംസ്ഥാന സര്‍വിസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഓപണ്‍ ക്വാട്ടയിലെ (ജനറല്‍ വിഭാഗം) ഒഴിവില്‍ നിന്നുള്ള 10 ശതമാനമാണ് മുന്നാക്ക സംവരണത്തിനു നീക്കി വെക്കുക. മെറിറ്റിന്റെ മാത്രം അടിസ്ഥാനത്തില്‍ അര്‍ഹരായവര്‍ക്ക് ലഭിക്കേണ്ട 10 ശതമാനം തസ്തികകളാണ് ഇതോടെ നഷ്ടമാകുന്നത്.
ചരിത്രത്തിലൊരു കാലത്തും സാമൂഹികമായ വിവേചനങ്ങളോ ഗുരുതരമായ എന്തെങ്കിലും അനീതികളോ നേരിടേണ്ടി വന്നിട്ടില്ലാത്ത, എന്നാല്‍ പലനിലയ്ക്കുള്ള പരിഗണനകള്‍ക്കും അര്‍ഹരായ ഒരു വിഭാഗമാണ് സംവരണത്തിന്റെ മറവില്‍ അര്‍ഹരുടെ അവസരത്തിന് തടസമാകുന്നത്. ഇതിനെതിരേ നേരത്തെ വി.ടി ബല്‍റാം എം.എല്‍.എയും മറ്റും പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.
ഇടതുപക്ഷമാണ് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നടപ്പിലാക്കണം എന്നാവശ്യപ്പെടുന്നതെന്നും ഇടത് സര്‍ക്കാരില്‍ നിന്നും ഇങ്ങനെയാരു തീരുമാനം വന്നതില്‍ അതിശയോക്തിയില്ലെന്നുമായിരുന്നു ദലിത് നേതാക്കളുടെ വിമര്‍ശനം.
എന്നാല്‍ സംവരണം നല്‍കുന്നതിനുള്ള മാനദണ്ഡം തയാറാക്കിയത് ആ വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് തന്നെ അതിന്റെ ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതേക്കുറിച്ച് വിശദീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."