തളിപ്പറമ്പ് സബ് ട്രഷറി; പ്രവേശനം പ്രധാന കവാടം വഴിയാക്കണമെന്ന് ആവശ്യം
തളിപ്പറമ്പ്: തളിപ്പറമ്പ് മിനി സിവില്‍സ്റ്റേഷന്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന സബ് ട്രഷറിയിലേക്കുളള പ്രവേശനം മിനി സിവില്‍ സ്റ്റേഷന്റെ പ്രധാന കവാടം വഴിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഴയ ട്രഷറി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് 2011 ല്‍ ആണ് മിനി സിവില്‍സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് നിരവധി ഓഫിസുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്.
സിവില്‍ സ്റ്റേഷന്‍ നടുത്തളത്തില്‍ നിന്നും ട്രഷറിയിലേക്ക് വഴിയുണ്ടെങ്കിലും നിര്‍മാണ ഘട്ടത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി പിറകുവശത്തു കൂടി കവാടം നിര്‍മിക്കുകയായിരുന്നു. മിനി സിവില്‍സ്‌റ്റേഷനിലെ പ്രധാന ഓഫിസായി പ്രവര്‍ത്തിക്കേണ്ട സബ് ട്രഷറി ഇന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്.
തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളും, കുറുമാത്തൂര്‍, പരിയാരം, പട്ടുവം, ചെങ്ങളായി എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന സബ് ട്രഷറിയില്‍ നിരവധി പണമിടപാടുകളാണ് നടക്കുന്നത്. ട്രഷറിയുടെ സുരക്ഷയെ ബാധിക്കുന്ന രീതിയിലാണ് രണ്ടു ഭാഗങ്ങളിലേക്കുളള കവാടങ്ങളും സ്ഥിതി ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.
ദിനം പ്രതി ലക്ഷക്കണക്കിനു രൂപയുടെ ഇടപാട് നടക്കുന്ന ക്യാഷ് കൗണ്ടറിലും വിലപിടിപ്പുളള സര്‍ക്കാര്‍ വകകള്‍ സുക്ഷിക്കുന്ന സ്‌ട്രോങ്ങ് റൂമിലും ട്രഷറി ഓഫിസറുടെ നേരിട്ടുളള ശ്രദ്ധ പതിയാത്ത നിലയാണ് ഇന്നുളളത്. മിനി സിവില്‍ സ്റ്റേഷന്റെ പിറകുവശത്തു കൂടി നിര്‍മിച്ച താല്‍ക്കാലിക കവാടം ഒഴിവാക്കി പ്രധാന കവാടം തന്നെ ഉപയോഗിക്കുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ നടത്തുകയും. ട്രഷറി സ്‌ട്രോങ്ങ് റൂം ക്യാഷ് കൗണ്ടര്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സമയവും ട്രഷറി ഓഫിസര്‍ക്ക് നിരീക്ഷിക്കാവുന്ന രീതിയില്‍ സുരക്ഷാ കാമറകള്‍ സ്ഥാപിക്കണമെന്നുമുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."