'അടിത്തറ ഇളകുന്നതെന്തുകൊണ്ടാണെന്ന് പരിശോധിച്ച് നോക്കണം': ഏക്നാഥ് ഗഡ്സെയുടെ രാജിയില്‍ ബിജെപിയോട് ഉദ്ദവ് താക്കറെ
മുംബൈ: ഏക്നാഥ് ഗഡ്സെയുടെ രാജിക്ക് പിന്നാലെ ബിജെപിയുടെ അടിത്തറ ഇളകുന്നത് പരിശോധിക്കണമെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ.
വിജയത്തിന്റെ കൊടിമുടി കയറുമ്പോള്‍ അടിത്തറ ഇളകുന്നത് എന്തുകൊണ്ടാണെന്ന് സമയം കിട്ടുമ്പോള്‍ ആലോചിക്കണം. മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഏക്നാഥ് ഗഡ്സെ പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് ഉദ്ദവ് താക്കറെയുടെ പ്രതികരണം. ബുധനാഴ്ച്ചയാണ് ഏക്നാഥ് ഗഡ്സെ ബി.ജെ.പി വിട്ട് എന്‍.സി.പിയിലേക്ക് പോകുമെന്ന് അറിയിച്ചത്.
ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യത്തിലേക്ക് ഗഡ്സയെ നിശ്ചയമായും സ്വീകരിക്കുമെന്നും ഉദ്ദവ് താക്കറെ മാധ്യമങ്ങളോട് പറഞ്ഞു.വെള്ളിയാഴ്ച്ച ഗഡ്സെ എന്‍.സി.പിയില്‍ ചേരുമെന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ജയന്ത് പട്ടീല്‍ പറഞ്ഞത്. 35 വര്‍ഷമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഗഡ്സെ.
ബി.ജെ.പിയിലെ മറ്റ് ചില നേതാക്കളും വിവിധ തലങ്ങളിലുള്ള നിരവധി പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും വൈകാതെ തന്നെ ഗഡ്സെയുടെ മാതൃക സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയന്ത് പട്ടീല്‍ പറഞ്ഞിരുന്നു.തെരഞ്ഞെടുക്കപ്പെട്ട ചില നിയമസഭാ സാമാജികരും ബി.ജെ.പി വിട്ടേക്കാമെന്ന സൂചനയും പാട്ടീല്‍ നല്‍കിയിട്ടുണ്ട്.
എന്‍.സി.പി പ്രസിഡന്റ് ശരദ് പവാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ ഗഡ്സെ സാഹിബ് സന്നദ്ധത പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."