മെഡിക്കല്‍ കോളജിന്റെ വീഴ്ചയ്‌ക്കെതിരേ നടപടിയില്ല കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം
കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ വീഴ്ചവരുത്തിയ സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരെ രോഗിയുടെ ബന്ധുക്കള്‍ രംഗത്ത്.
ഈ മാസം രണ്ടിനു മരിച്ച പത്തനാപുരം മഞ്ചല്ലൂര്‍ മനോജ് ഭവനില്‍ ദേവരാജ(63)ന്റെ മൃതദേഹമാണ് അധികൃതരുടെ അനാസ്ഥയില്‍ 19 ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലുള്ളത്. മൃതദേഹം സംസ്‌കരിക്കുന്നതിലെ അനിശ്ചിതത്വം തുടരുകയാണ്. സംഭവം വിവാദമായതോടെ മൃതദേഹം സംസ്‌കരിക്കുന്നതു സംബന്ധിച്ച് പത്തനാപുരത്തെ ആരോഗ്യവകുപ്പ് അധികൃതരില്‍ നിന്നു തീരുമാനമുണ്ടാകുമെന്ന ഉറപ്പും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
ദേവരാജന്‍ മരിച്ചപ്പോള്‍ സംസ്‌കരിക്കാന്‍ വീട്ടില്‍ സ്ഥലമില്ലാത്തതിനാല്‍ മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിക്കാമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞദിവസം മറ്റൊരു പ്രശ്‌നത്തില്‍ പൊലിസ് സ്റ്റേഷനെ സമീപിച്ചതോടെയാണ് മൃതദേഹം ഇതുവരെ അടക്കിയിട്ടില്ലെന്ന് വീട്ടുകാര്‍ അറിഞ്ഞത്. ഇതിനിടെ സംസ്‌കാരം നടന്നിട്ടില്ലെന്ന് അറിയാതെ ദേവരാജന്റെ മരണാനന്തര ചടങ്ങുകള്‍ കുടുംബം നടത്തുകയും ചെയ്തു.
സെപ്റ്റംബര്‍ 18ന് ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ദേവരാജനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഭാര്യ പുഷ്പയും ദേവരാജനൊപ്പം കൂട്ടിരിപ്പിനുണ്ടായിരുന്നു. ചികിത്സയിലിരിക്കെ ദേവരാജന് കൊവിഡ് സ്ഥിരീകരിച്ച് നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയതോടെ ഭാര്യ വീട്ടിലേക്ക് മടങ്ങി. പിന്നാലെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. അവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
ഇതിനു ശേഷമാണ് ഈമാസം രണ്ടിന് ദേവരാജിന്റെ മരണവിവരം ആശുപത്രിയില്‍ നിന്ന് കുടുംബത്തെ അറിയിച്ചത്. സംസ്‌കാരത്തിനായി സ്വന്തമായി വീടും സ്ഥലവുമില്ലെന്ന് അറിയിച്ചപ്പോള്‍ മൃതദേഹം കൊല്ലത്തെ ഏതെങ്കിലും ശ്മശാനത്തില്‍ സംസ്‌കരിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയെന്നും കുടുംബം പറയുന്നു. മോര്‍ച്ചറിയിലുള്ള മൃതദേഹം സംസ്‌കരിക്കണമെങ്കില്‍ ബന്ധുക്കളുടെ സത്യവാങ്മൂലം ആവശ്യമാണെന്നും എന്നാല്‍ ദേവരാജന്റെ ബന്ധുക്കള്‍ ഇത് നല്‍കിയിട്ടില്ലെന്നുമാണ് സംഭവം വിവാദമായതിനെ തുടര്‍ന്ന് അധികൃതരുടെ ന്യായീകരണം.
എന്നാല്‍ സത്യവാങ്മൂലത്തിന്റെ കാര്യം കുടുംബത്തിന് അറിയില്ലായിരുന്നു. ഇക്കാര്യം ആശുപത്രി അധികൃതര്‍ കുടുംബത്തെ ബോധ്യപ്പെടുത്തിയിരുന്നുമില്ല. കഴിഞ്ഞ ദിവസം പൊലിസ് സ്റ്റേഷനിലെത്തിയാണ് കുടുംബാംഗങ്ങള്‍ സംസ്‌കാരത്തിനുള്ള സത്യവാങ്മൂലം എഴുതി നല്‍കിയത്. ഇന്നലെ മൃതദേഹം സംസ്‌കരിക്കുമെന്ന് പൊലിസ് കുടുംബത്തിന് നല്‍കിയ ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."