പൊലിസിനുനേരെ ആക്രമണം നടത്തിയ രണ്ട് ഭീകരരെ കൊലപ്പെടുത്തി
ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ഹൈവേക്കടുത്ത് കാക്രിയാലിലെ ശ്രീമാതാ വൈഷ്ണോ ദേവി സര്‍വകലാശാലക്കടുത്ത് പൊലിസ് സംഘത്തിനുനേരെ ആക്രമണം നടത്തിയ മൂന്നംഗ ഭീകരരില്‍ രണ്ടുപേരെ വധിച്ചു. മൂന്നാമനെ കണ്ടെത്തുന്നതിനായി ഇന്നലെ ഏറെ വൈകിയും തിരച്ചില്‍ തുടരുകയാണ്. പൊലിസും സി.ആര്.പി.എഫും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ഏറ്റുമുട്ടലില്‍ എട്ട് പൊലിസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഝാജര്‍ കോട്ലി, കാക്രിയാല് എന്നിവിടങ്ങളില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലിസ് തിരച്ചില്‍ തുടങ്ങിയിരുന്നു. ശ്രീനഗറില്‍ നിന്ന് വരികയായിരുന്ന ഒരു ട്രക്കിലാണ് മൂന്ന് ഭീകരര്‍ എത്തിയതെന്ന വിവരത്തെ തുടര്‍ന്നായിരുന്നു തിരച്ചില്‍. ഇതിനിടയില്‍ ഭീകരര്‍ പൊലിസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചുള്ള പ്രത്യാക്രമണത്തിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. അതേസമയം ഭീകരരെ ഇവിടേക്ക് എത്തിച്ചുവെന്ന കേസില്‍ ട്രക്ക് ഡ്രൈവര്‍ പുല്‍വാമ സ്വദേശി റിയാസ് അഹമ്മദ്, സഹായി മുഹമ്മദ് ഇഖ്ബാല്‍ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൂന്ന് ഭീകരര്‍ സഹായം അഭ്യര്‍ഥിച്ച് തന്റെ വീട്ടില്‍ എത്തിയിരുന്നതായി സുദര്ശന് എന്ന ഗ്രാമീണന് പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഭീകരരെ കണ്ട് തന്റെ ഭാര്യ ബോധരഹിതയായെന്നും ഇയാള്‍ പറഞ്ഞു. ഭക്ഷണം ആവശ്യപ്പെട്ടാണ് ഇവര്‍ എത്തിയത്.
മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ട് എന്നറിയിച്ചതിനെതുടര്ന്ന് ബിസ്ക്കറ്റും ആപ്പിളും നല്കി. പിന്നീട് ഇവര്‍ ജമ്മു-ശ്രീനഗര്‍ ഹൈവേ ലക്ഷ്യമാക്കിയാണ് പോയതെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്നാണ് പൊലിസ് തിരച്ചില്‍ നടത്തി ഇവരില്‍ രണ്ടുപേരെ വധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."