പച്ചവെള്ളത്തിനു രുചിയുണ്ടോ?
പച്ചവെള്ളം ചവച്ചു കുടിക്കുന്നവനെന്ന് ചിലരെ കുറിച്ച് നാട്ടുകാര്‍ പറയാറില്ലേ. എങ്കില്‍ അങ്ങനെ ചവച്ചുകുടിക്കുന്നവരുണ്ടോ. ഉണ്ടെങ്കിലും ഇല്ലെങ്കിലും പച്ചവെള്ളം രുചിയറിഞ്ഞു കുടിക്കണമെന്നാണ് പ്രമാണം. വെറും ദാഹം മാറാന്‍ ഗള്‍പ്..ഗള്‍പ് എന്നു മടുമടാ കുടിച്ചാല്‍ പോരാ. പച്ചവെള്ളം ദാഹത്തിനുമാത്രമല്ല കുടിക്കുന്നതെന്നും അറിയണം.
ആഹാരം കഴിക്കുന്നതിനു നിബന്ധനകളും നിയമങ്ങളും ഉള്ളതായി അറിയാമല്ലോ. പലരും അത് പാലിക്കാറില്ല. അഥവാ പാലിക്കാന്‍ സമയമില്ല. കേരളത്തിനു പുറത്ത് പല സംസ്ഥാനങ്ങളിലും നിന്നുകൊണ്ട് ആഹാരം കഴിക്കുന്നവരെ കാണാം.
കേരളത്തിലും തട്ടുകടകളുടെ മുന്നിലും മറ്റും നിന്നുകൊണ്ട് ആഹാരം കഴിക്കുന്നവരെയും കാണാം. എന്നാല്‍ ആഹാരം കഴിക്കുന്നതിനുള്ള നിബന്ധനകള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമാണ് ആ പ്രവര്‍ത്തി എന്നറിയുക. ആഹാരം ഇരുന്നുകൊണ്ടു മാത്രമേ കഴിക്കാവൂ.
ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജാവു വന്നാല്‍ പോലും എഴുന്നേല്‍ക്കരുതെന്ന ചൊല്ലുള്ളതും ഓര്‍ക്കുക. ആഹാരം കഴിക്കുന്നതുപോലെതന്നെയാണ് പച്ചവെള്ളം കുടിക്കുമ്പോഴും. ശരിയായ രീതില്‍ പച്ചവെള്ളം കുടിക്കുന്നത് ശരീരത്തിന് കൂടുതല്‍ ഗുണകരമാണെന്ന് വിദഗ്ധരും പറയുന്നു. അതിനുള്ള കാരണങ്ങളെന്തെന്നു നോക്കാം.
വെള്ളം എപ്പോഴൊക്കെ
- ദാഹിക്കുമ്പോള്‍ മാത്രമായിരിക്കരുത് വെളളം കുടിക്കുന്നത്. വെള്ളം കുടിക്കാന്‍ സമയക്രമമില്ല. എങ്കിലും ചില നിര്‍ദേശങ്ങളുണ്ട്.
- ഉണര്‍ന്നെണീറ്റാലുടന്‍ രണ്ടു ഗ്ലാസ് പച്ചവെള്ളം കുടിക്കുക.
- എപ്പോഴും എല്ലാത്തരം ആഹാരത്തിനു മുന്‍പും ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നത് ശീലമാക്കുക.
- കുളിക്കാന്‍ പോകുന്നതിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളം നിര്‍ബന്ധമായും കുടിക്കുക.
- രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളം മറക്കാതെ കുടിക്കുക.
- വ്യായാമങ്ങള്‍ ചെയ്യുന്നതിനു മുന്‍പും ചെയ്തതിനു ശേഷവും ഒരു ഗ്ലാസ് വെള്ളം കുടിക്കുക.
- കുപ്പിയില്‍ നിന്നു വെള്ളം കുടിക്കുന്ന ശീലം ഉപേക്ഷിക്കു. ഗ്ലാസ് ഉപയോഗിച്ചുമാത്രം കുടിക്കുക.
- ഒരു സമയം അധികം വെള്ളം കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
- ശരീരത്തിന് സുഖക്കേടുള്ളപ്പോഴും രോഗഗ്രസ്ഥമാകുമ്പോഴും കൂടുതല്‍ വെള്ളം കുടിക്കാന്‍ ശ്രമിക്കുക.
ഇരുന്നു കുടിക്കുക
പച്ചവെള്ളം കുടിക്കുന്നത് ഇരുന്നുകൊണ്ടുവേണമെന്നതാണ് ആദ്യ നിയമം. ആര്‍ക്കോവേണ്ടി വേഗം തീര്‍ക്കേണ്ട ഒരു ജോലി അല്ല അത്. ചെടിക്ക് വെള്ളം ഒഴിക്കുന്നതുപോലെ അടുപ്പില്‍ തീ കത്തിക്കുന്നതുപോലെ പതിയെ വേണം ഈ കര്‍ത്തവ്യം നിര്‍വഹിക്കേണ്ടത്. പ്രകൃതി ചികിത്സയിലും ആയുര്‍വേദ സംഹിതകളിലും പറയുന്നത് നിന്നു കൊണ്ട് വെള്ളം കുടിക്കുമ്പോള്‍ ഈ വെള്ളം വന്‍കുടലിലൂടെ അതിവേഗം യാത്ര ചെയ്തുപോകുന്നു എന്നാണ്. അതായത് അതിവേഗം കുതിക്കുന്ന വെള്ളത്തിലെ പോഷകങ്ങളെ വന്‍കുടലിന് ആഗിരണം ചെയ്യാനുള്ള സമയം ലഭിക്കുന്നില്ല. ദാഹം മാറ്റുന്ന ഒരു വെറും പ്രവര്‍ത്തിയായി ഇത് അധപ്പതിക്കുന്നു.
അതേസമയം ഇരുന്നു കുടിച്ചാല്‍ മടങ്ങിക്കിടക്കുന്ന വന്‍കുടലിലൂടെ വെള്ളം സാവധാനം യാത്ര ചെയ്യുന്നു. ആവശ്യമുള്ള പോഷകങ്ങള്‍ വന്‍കുടല്‍ സ്വീകരിക്കുന്നു. ഇതുവഴി സന്ധിവേദന, വൃക്ക തകരാര്‍, ദഹനക്കേട് എന്നിവയില്‍ നിന്നു രക്ഷനേടാം.
രുചിച്ച് കുടിക്കുക
പച്ചവെള്ളത്തിനു രുചിയുണ്ടോ എന്നു ചോദിച്ചില്ലേ. രുചി അറിഞ്ഞു കുടിക്കണമെന്നാണ് നിയമം. അതായത് സാവധാനം കുടിക്കുക. ഗ്ലാസ് ഉപയോഗിച്ചുള്ള കുടി നിര്‍ത്തി കുപ്പികളിലുള്ള കുടി ആയതോടെയാണ് ഒറ്റയടിക്ക് വെള്ളം അകത്താക്കാന്‍ ഒരു കാരണമെന്നു വേണമെങ്കില്‍ പറയാം. വെള്ളം പതിയെ കുടിയ്ക്കണമെന്ന് പറയാന്‍ വേറെയും കാരണങ്ങളുണ്ട്. നമ്മുടെ ഉമിനീരിന് ക്ഷാരഗുണമാണുള്ളത്. അത് വയറിലേക്ക് വെള്ളവുമായി കലര്‍ന്നെത്തുന്നത് വയറിലെ ആസിഡുകളെ മയപ്പെടുത്താന്‍ സഹായിക്കും. ദഹനപ്രക്രിയയെ ഏകോപിപ്പിക്കാന്‍ വെള്ളം ഗതിവേഗം കുറഞ്ഞ് എത്തുന്നതിലൂടെ സാധിക്കും. അതിവേഗം എത്തുന്ന വെള്ളം വയര്‍ അസ്വസ്ഥമാകാന്‍ കാരണവുമാകും.
കുടിക്കേണ്ടതെപ്പോള്‍
ദാഹം തോന്നുമ്പോള്‍ മാത്രമാണ് വെള്ളം കുടിക്കുന്നതെന്നാണ് ഉത്തരമെങ്കില്‍ അത് തെറ്റായ പ്രവണതയാണ്. വെള്ളം ഇടയ്ക്കിടക്ക് അല്‍പാല്‍പമായി കഴിച്ചുകൊണ്ടേയിരിക്കണം. അങ്ങനെയാവുമ്പോള്‍ കൂടുതല്‍ സംതൃപ്തി ലഭിക്കുന്നതായി മനസിലാവും. മാത്രമല്ല വെള്ളം ഇപ്പോള്‍ കിട്ടിയെങ്കിലേ പറ്റൂ എന്ന ആഗ്രഹം കുറയ്ക്കാനും സാധിക്കും. ഇത് ടെന്‍ഷനും ഒഴിവാക്കും. അമിതമായി ഭക്ഷണം കഴിക്കുന്നതും ഇങ്ങനെ അല്‍പാല്‍പമായി വെള്ളം കുടിക്കുന്നതുകൊണ്ട് ഒഴിവാക്കാനാവും. പലപ്പോഴും നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന വിശപ്പ് എന്ന അനുഭവം ദാഹമായിരിക്കും. അത് തിരിച്ചറിയുന്നില്ല എന്നു മാത്രം. അതറിയാന്‍ ഒരു വഴിയുണ്ട്. വിശക്കുമ്പോള്‍ വെളളം അല്‍പാല്‍പമായി കുടിച്ചുനോക്കുക. എന്നിട്ടും വിശപ്പ് എന്ന അനുഭവം നിലനില്‍ക്കുന്നു എങ്കില്‍ മാത്രം ഭക്ഷണത്തിലേക്ക് തിരിയുക.
അധികം തണുത്തത് വേണ്ട
ഏതുതരത്തിലുള്ള വെള്ളമാണ് കുടിക്കേണ്ടതെന്ന് അറിവുവേണം. ഗാര്‍ഹിക താപനിലയ്ക്കനുസൃതമായ വെള്ളമാണ് കുടിക്കേണ്ടത്. അധികം തണുപ്പുള്ള വെള്ളം ദാഹം ശമിപ്പിക്കില്ല. മാത്രമല്ല, തണുത്തവെള്ളം ദഹനേന്ദ്രിയ രസങ്ങളെ നശിപ്പിക്കുകയും ഇന്ദ്രിങ്ങള്‍ക്ക് ആഘാതമേല്‍പിക്കുകയും ചെയ്യുമെന്നും പഠനങ്ങള്‍ പറയുന്നു. അതുപോലെ ആയുര്‍വേദം പറയുന്നത് ആഹാരത്തിനൊപ്പം തണുത്തവെള്ളം കുടിച്ചാല്‍ അത് ദഹന പ്രക്രിയയില്‍ ജൈവിക വിഷമുണ്ടാകാന്‍ കാരണമാകുമെന്നാണ്.
ആഹാരത്തിനു മുന്‍പ്
ആഹാരത്തിനുമുന്‍പ് വെള്ളം കുടിക്കാവുന്നതാണ്. എന്നാല്‍ അധികമാവരുത്. അധികം വെള്ളം കുടിച്ച് നന്നായി ഭക്ഷണവും കഴിച്ചാല്‍ ദഹനേന്ദ്രിയ പ്രക്രിയ നടക്കാന്‍ കാലതാമസം നേരിടും. ആയുര്‍വേദം പറയുന്നതുപോലെ വയറില്‍ 50 ശതമാനം മാത്രമേ ആഹാരം പാടുള്ളൂ എന്നാണ്. ശേഷം 25 ഭാഗം വെള്ളമായിരിക്കണം. മറ്റുള്ള 25 ഭാഗം ദഹനേന്ദ്രിയ പ്രക്രിയക്കുവേണ്ടി നീക്കിവയ്ക്കണം. ദഹനേന്ദ്രിയ പ്രക്രിയക്ക് സ്ഥലമനുവദിക്കുന്ന വിധം മാത്രമായിരിക്കണം ഭക്ഷണ രീതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."