കൊച്ചാക്കുന്നവനാണ് കൊച്ചാവുക
ചുരത്തിനു മുകളില്‍നിന്ന് താഴേക്കുനോക്കിയപ്പോള്‍ കണ്ട കൗതുകക്കാഴ്ചകള്‍ അവനു മറച്ചുപിടിക്കാന്‍ കഴിഞ്ഞില്ല. അച്ഛനോട് വലിയ വായില്‍ അവന്‍ പറഞ്ഞു: ''അച്ഛാ, കണ്ടില്ലേ മനുഷ്യരെല്ലാം എത്ര ചെറുതാണ്... വാഹനങ്ങളെല്ലാം തീപ്പെട്ടിക്കൂടുപോലെ തോന്നുന്നു...''
അപ്പോള്‍ അച്ഛന്റെ പ്രതികരണം: ''അവര്‍ നമ്മെയും വളരെ ചെറുതായാണ് കാണുക''.
''അതെങ്ങനെ ശരിയാകും...? ഇത്ര ഉന്നതിയിലെത്തിയിട്ടും നമ്മള്‍ ചെറിയവരാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ...?''
''നീ ഈ മാനത്തേക്കുനോക്ക്. ഭൂമിയേക്കാള്‍ എത്രയോ മടങ്ങ് വലിപ്പമുള്ള ഗോളങ്ങളും താരങ്ങളുമാണ് ആ കാണുന്നത്. എന്നിട്ടും ചെറിയൊരു മൂടിയുടെ വലിപ്പത്തിലല്ലേ നാം അതിനെ കാണുന്നത്...''
പാഠം: മുകളിലുള്ളവര്‍ താഴെയുള്ളവരെ ചെറുതായി കാണുമ്പോള്‍ താഴെയുള്ളവര്‍ മുകളിലുള്ളവരെയും ചെറുതായി കാണും.
ഓരോരുത്തര്‍ക്കും അവരുടെതായ വിലയും നിലയുമുണ്ട്. അതു വകവച്ചുകൊടുക്കുന്ന സമീപനമാണ് എപ്പോഴും അഭികാമ്യം. താന്‍ ഉന്നതങ്ങളിലെത്തിയെന്നു കരുതി താഴെയുള്ളവരെ മുഴുവന്‍ ചെറുതായി കണ്ടാല്‍ അവര്‍ തന്നെയും ചെറുതായി കാണുമെന്നോര്‍ക്കണം. താന്‍ ഉന്നതനായി എന്ന് തനിക്കുമാത്രം തോന്നിയിട്ടു കാര്യമില്ല... മറ്റുള്ളവര്‍ക്കുകൂടി അതു തോന്നണം. അവര്‍ക്കു ഞങ്ങളെല്ലാം ചെറിയവരും നിങ്ങള്‍ വലിയവരുമാണെന്ന് അനുഭവപ്പെടണമെങ്കില്‍ നിങ്ങള്‍ ഉന്നതിയിലെത്തിയാലും ചെറുതാകണം. ചെറുതാകുമ്പോള്‍ അവര്‍ പറയും നിങ്ങള്‍ ചെറുതല്ല, ഉന്നതനാണെന്ന്.
ചുരത്തിനു മുകളില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ വലിപ്പം അളക്കേണ്ടത് ചുരത്തിന്റെ അടിമുതല്‍ നിങ്ങളുടെ മുടി വരെയല്ല... നിങ്ങളുടെ അടിമുതല്‍ മുടിവരെയാണ്. അത്രയേ നിങ്ങള്‍ക്കു അവിടെ നില്‍ക്കുമ്പോഴും വലിപ്പമുള്ളൂ. ബാക്കിയെല്ലാം ചുരത്തിന്റെ വലിപ്പവും നീളവുമാണ്. അതെല്ലാം തന്റെതന്നെ വലിപ്പമാണെന്നു ചിന്തിച്ചാല്‍ അടിതെറ്റിവീഴും.
പ്രധാനമന്ത്രിക്കസേരയിലെത്തിയാല്‍ പോലും ഇടക്കിടെ തന്റെ വലിപ്പം അളന്നുനോക്കുന്നതു നന്നായിരിക്കും. പ്രധാനമന്ത്രിയാകുന്നതിനു മുന്‍പത്തെ അതേ വലിപ്പം തന്നെയല്ലേ ഇപ്പോഴുമുള്ളതെന്നു പരിശോധിച്ചുറപ്പുവരുത്തുക. ബാക്കിയെല്ലാം കസേരയുടെ വലിപ്പമാണെന്നു മനസിലാകും. ആ കസേര തെറിച്ചാല്‍ ചന്തിയടിച്ചായിരിക്കും താന്‍ നിലത്തുവീഴുക എന്ന് എപ്പോഴും ഓര്‍മവയ്ക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.
ഏറ്റവും മുകളിലെത്തുമ്പോഴാണ് ശരിക്കും ഏറ്റവും കൂടുതല്‍ ഭയം വേണ്ടത്. താഴെ നില്‍ക്കുന്നവരെ നോക്കി അവരെത്ര ഭാഗ്യവാന്മാര്‍ എന്നു ചിന്തിക്കുകയും വേണം. കാരണം, വീണാല്‍ അവര്‍ക്ക് വലിയ പരുക്കുപറ്റില്ല. മുകളില്‍ നില്‍ക്കുന്ന താന്‍ വീണാലായിരിക്കും പെറുക്കിയെടുക്കാന്‍ പോലും ബാക്കിയില്ലാതാവുക. മാത്രവുമല്ല, മുകളില്‍ നി ല്‍ക്കുന്ന തനിക്കാണ് വീഴ്ചയ്ക്ക് ഏറെ സാധ്യതയുള്ളത്. താഴെയുള്ളവര്‍ക്ക് ആ സാധ്യത വളരെ കുറവാണ്. അതിനാല്‍ അവര്‍ നടക്കുന്നപോ ലെ തനിക്കു നടക്കാന്‍ പറ്റില്ല. തന്റെ നടത്തവും ഇരുത്തവും എപ്പോഴും സൂക്ഷിക്കേണ്ടി വരും. ഒന്നടി തെറ്റിയാല്‍ തന്റെ കഥ കഴിഞ്ഞു...
ഇമാം അബൂഹനീഫ(റ) ഒരിക്കല്‍ എവിടേയ്‌ക്കോ പോവുകയായിരുന്നു. വഴിക്കുവച്ച് അദ്ദേഹം ഒരു കുട്ടിയെ കാണാനിടയായി. മണ്ണില്‍ കളിക്കുകയായിരുന്നു അവന്‍. ഇമാം അവനോട് പറഞ്ഞു: ''വീഴാതെ സൂക്ഷിക്കണം''. അപ്പോള്‍ കുട്ടി ഉടന്‍ പ്രതികരിച്ചു: ''ഞാനല്ല, അങ്ങാണ് വീഴാതെ സൂക്ഷിക്കേണ്ടത്. കാരണം, പണ്ഡിതന്റെ കാലിടറിയാല്‍ ലോകംതന്നെ വീഴും.''
പുറംകണ്ണ് ചിലപ്പോള്‍ നമ്മെ വല്ലാതെ വഞ്ചിച്ചുകളയും. പര്‍വതത്തിനു മുകളില്‍നിന്ന് നോക്കുമ്പോള്‍ താഴെയുള്ളവരെയെല്ലാം വളരെ ചെറുതാക്കിയാണ് അതു നമുക്ക് കാണിച്ചുതരിക. എന്നാല്‍, കാണുന്നത്ര ചെറുതല്ല അവര്‍ എന്നു ബോധ്യമാകണമെങ്കില്‍ അകക്കണ്ണു പ്രവര്‍ത്തിക്കണം. അകക്കണ്ണു പ്രവര്‍ത്തിക്കാത്തവര്‍ ഇവിടെ വഞ്ചിക്കപ്പെടും. അവരാണ് ഉന്നതങ്ങളിലെത്തുമ്പോള്‍ മറ്റുള്ളവരെ നിസാരപ്പെടുത്താന്‍ ശ്രമിക്കുന്നത്. അതുവഴി അവര്‍ വിളിച്ചുപറയുന്നത് തങ്ങളുടെ ന്യൂനതയാണ്. തങ്ങളില്‍ അകക്കണ്ണു പ്രവര്‍ത്തിക്കുന്നില്ലെന്ന ന്യൂനത.
മറ്റുള്ളവരെ ചെറുതായി കണ്ടാല്‍ അവര്‍ ചെറുതാകുമെന്ന വിശ്വാസം മൗഢ്യമാണ്. അവരല്ല, താനാണ് അതുവഴി ചെറുതാവുക. അവര്‍ അവരുടെ വലിപ്പത്തില്‍ നില്‍ക്കും. താന്‍ തന്റെ വലിപ്പത്തില്‍നിന്ന് താഴേക്കുപോവുകയും ചെയ്യും. മറ്റുള്ളവരെ ചെറുതാക്കാന്‍ ശ്രമിക്കുക വഴി താന്‍ ചെറുതായിപ്പോകുന്ന വൈപരീത്യം...! താന്‍ തൊടുത്തുവിട്ട അമ്പ് തനിക്കുതന്നെ കൊള്ളുന്ന ദയനീയത.
ഖുര്‍ആന്‍ പറഞ്ഞു: ജനങ്ങളില്‍നിന്ന് നീ മുഖം തിരിച്ചുകളയരുത്. അഹന്ത കാണിച്ച് നീ ഭൂമിയില്‍ നടക്കുകയുമരുത്. നിശ്ചയം, അഹങ്കാരിയും ദുരഭിമാനിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.(31: 18) സൂറ ഇസ്‌റാഇല്‍ ഇങ്ങനെ കാണാം: ''ഭൂതലത്തില്‍ അഹന്തപൂര്‍വം നീ നടക്കരുത്. ഭൂമിയെ കീറിമുറിക്കാനോ, പര്‍വതങ്ങളുടെ ഉയരം
പ്രാപിക്കാനോ നിനക്കാവില്ല തീര്‍ച്ച.''(17: 37)
വലിയവരെ കണ്ടാല്‍ ഇങ്ങനെ പറയുക: ''എന്നെക്കാള്‍ ഒരുപാട് നന്മകള്‍ ചെയ്യാന്‍ ഭാഗ്യം ലഭിച്ചവരാണിവര്‍. അതിനാല്‍ എന്നെക്കാള്‍ മെച്ചം ഇവരാണ്..'' ചെറിയവരെ കണ്ടാല്‍ പറയുക: ''ഇവരെക്കാള്‍ കൂടുതല്‍ തിന്മ ചെയ്തവനല്ലേ ഞാന്‍. അവരുടെ ഏടില്‍ എന്റെയത്ര തിന്മകള്‍ രേഖപ്പെട്ടുകാണില്ല. അതിനാല്‍ ഇവരാണ് എന്നെക്കാള്‍ മികച്ചവര്‍.'' നേതാക്കളെ കാണുമ്പോള്‍ പറയുക: ''ഒരുപാട് ആളുകള്‍ക്ക് വഴികാണിക്കാന്‍ സൗഭാഗ്യം ലഭിച്ചവര്‍... എനിക്കതിന് കഴിഞ്ഞിട്ടില്ലല്ലോ... ഇവരെല്ലാം എന്നെക്കാളെത്ര മുകളില്‍...!''. അണികളെ കാണുമ്പോള്‍ പറയുക: ''ഇവരെല്ലാം എത്ര ഭാഗ്യവാന്മാര്‍... ഇവര്‍ക്കെല്ലാം ചുമതലകള്‍ വളരെ തുച്ഛം. ഇവര്‍ക്ക് സ്വന്തംകാര്യം നോക്കിയാല്‍ മതി. എനിക്ക് എന്റെതിനു പുറമെ ഇവരുടെതും നോക്കണം. അതില്‍ വല്ല പിഴവും വന്നാല്‍ മറുപടി പറയേണ്ടത് ഞാനാണ്...''. ദരിദ്രനെ കണ്ടാല്‍ പറയുക: ''ഇവനൊക്കെ ദൈവസമക്ഷം കണക്കുബോധിപ്പിക്കാന്‍ അല്‍പ്പമേയുണ്ടാകൂ. അതിനാല്‍, എന്നെക്കാളും മുന്‍പില്‍ സ്വര്‍ഗത്തില്‍പോകാം''.
ധനികനെ കണ്ടാല്‍ പറയുക: ''എന്തെല്ലാം നന്മകള്‍ ചെയ്യാന്‍ അവസരങ്ങളുള്ളവനാണ്...! എനിക്കത്രയില്ലല്ലോ...''
ഉയര്‍ച്ച ലഭിക്കാന്‍ സ്വയം ഉയരുകയല്ല, മറ്റുള്ളവരെ ഉയര്‍ത്തുകയാണ് മാര്‍ഗം. മറ്റുള്ളവരെ ചെറുതാക്കുന്നവന്‍ സ്വന്തത്തെയാണ് ചെറുതാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."