എ.ഐ.ടി.യു.സി കേരകേദാരം: സംസ്ഥാനതല ഉദ്ഘാടനം
ആലപ്പുഴ: പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി എ.ഐ.ടി.യു.സി സംഘടിപ്പിക്കുന്ന കേരകേദാരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ ചേര്‍ത്തലയില്‍ നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ അറിയിച്ചു. തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍, പൊതു സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുന്ന പരിപാടിയാണിത്. ഒരു സെന്റ് ഭൂമിയില്‍ ഒരു തെങ്ങിന്‍ തൈ എന്ന ലക്ഷ്യമാണ് കേരകേദാരത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുക. എ.ഐ.ടി.യു.സി നൂറാം വാര്‍ഷിക ജന്മശതാബ്ദി ആഘോഷത്തിന്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കള്ള് ചെത്ത് വ്യവസായവും കയര്‍ വ്യവസായവും സംരക്ഷിക്കുകയാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. രാവിലെ ഏഴുമണിക്ക് ചേര്‍ത്തല കയര്‍ഫാക്ടറി വര്‍ക്കേഴ്‌സ് യുനിയന്‍ (എ.ഐ.ടി.യു.സി) ഓഫിസ് അങ്കണത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു, ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് പങ്കെടുക്കും. പരിസ്ഥിതി ദിനം വിജയമാക്കുവാന്‍ യൂനിയനുകളും തൊഴിലാളികളും മുന്നിട്ടിറങ്ങണമെന്ന് കെ.പി രാജേന്ദ്രന്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."