പാകിസ്താന്‍ നടപടി അപലപനീയം
പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്ന് ഐ.എസ്.ഐയും പാക് സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് അലങ്കോലപ്പെടുത്തിയത് അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. പാക് നടപടിയെ അപലപിച്ചുകൊണ്ട് ഇന്ത്യാ ഗവണ്‍മെന്റ് പാക് ഭരണകൂടത്തെ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സ്ഥാനപതി അജയ് ബിസാരിയുടെ ക്ഷണം സ്വീകരിച്ചെത്തിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും മറ്റു പ്രമുഖ വ്യക്തികള്‍ക്കുമാണ് പാക് അധികൃതരില്‍നിന്ന് ഇത്തരത്തിലൊരു തിക്താനുഭവം ഉണ്ടായത്. അതിഥികളെ അകത്തേക്കു കടത്തിവിടാതെ അവരെ തടഞ്ഞുവയ്ക്കുകയും അപമാനിക്കുകയും ചെയ്തതിനു ശേഷം തിരിച്ചയക്കുകയായിരുന്നു. ചിലര്‍ക്ക്‌നേരെ കൈയേറ്റം നടന്നതായും പരാതിയുണ്ട്.
വിരുന്ന് സംഘടിപ്പിച്ച ഹോട്ടലിന് മുമ്പില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് അതിഥികളെ തടഞ്ഞത് തീര്‍ത്തും അപരിഷ്‌കൃതവും നാഗരിക സംസ്‌കാരം തൊട്ടുതീണ്ടാത്തതുമായിപ്പോയി. വന്നവര്‍ അതിക്രമിച്ചുകയറുന്നവരോ പാക് സര്‍ക്കാരിന് അനഭിമതരോ ആയിരുന്നില്ല. എന്നിട്ടും ഇത്തരമൊരു സംഭവം ഒരുക്കിയെടുത്തത് ബോധപൂര്‍വം തന്നെയായിരുന്നു. ഇതിനു കാരണമായി പറയുന്നത് ഡല്‍ഹിയില്‍ പാക് നയതന്ത്ര കാര്യാലയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് ഡല്‍ഹി പൊലിസ് ഇടപെട്ട് പ്രശ്‌നങ്ങളുണ്ടാക്കി എന്നാണ്. അത്തരമൊരു സംഭവമുണ്ടായിട്ടുണ്ടെങ്കില്‍തന്നെ അത് നിര്‍ഭാഗ്യകരവും അപലപനീയവുമാണ്. പാകിസ്താന്‍ അവരുടെ പ്രതിഷേധം ഇന്ത്യാ ഗവണ്‍മെന്റിനെ മാന്യമായ രീതിയില്‍ അറിയിക്കുകയായിരുന്നു വേണ്ടിയിരുന്നത്. കഴിഞ്ഞ 12 വര്‍ഷമായി പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇഫ്താര്‍ വിരുന്ന് നടത്തിവരുന്നുണ്ട്. ഇതുവരെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല.
പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ-പാക് ബന്ധത്തില്‍ നേരത്തെ ഉണ്ടായിരുന്ന അസ്വാരസ്യം കൂടുതല്‍ കടുത്തതായിതീര്‍ന്നിട്ടുണ്ട്. ഭീകരാക്രമണത്തിനു ശേഷം ഇന്ത്യന്‍ സൈന്യം ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ താവളങ്ങള്‍ ബോംബിട്ട് നശിപ്പിക്കുകയും ചെയ്തു. അതിനെത്തുടര്‍ന്ന് പാകിസ്താനില്‍നിന്ന് നിരന്തരമായി പ്രകോപനങ്ങളും അതിര്‍ത്തിയില്‍ ഷെല്ലാക്രമണങ്ങളും നടന്നുവരികയാണ്. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കും പാക് അധികൃതരില്‍നിന്നു നിരന്തരമായ അവഹേളനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ വീടുകളിലെ ഗ്യാസ് വിതരണം പാകിസ്താന്‍ നിര്‍ത്തിയിരുന്നു. പിന്നീട് ഇന്റര്‍നെറ്റ് സേവനവും നിഷേധിച്ചു.
ജമ്മു- കശ്മിര്‍ അതിര്‍ത്തിയില്‍ നിത്യേനയെന്നോണം പാകിസ്താന്‍ വെടിവയ്പ്പും ഷെല്ലാക്രമണവും തുടരുന്നു. കഴിഞ്ഞ മാര്‍ച്ച് നാലിന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് കശ്മിരിലെ അഖ്‌നൂര്‍ മേഖലയില്‍ വെടിവയ്പ്പ് നിര്‍ത്തി. തൊട്ടടുത്ത ദിവസം കശ്മിരിലെ തന്നെ നൗഷേരയിലും വെടിവയ്പ്പുണ്ടായി. കശ്മിരിലെ പൂഞ്ചില്‍ ഏപ്രില്‍ മാസത്തില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. ഉറി മേഖലയില്‍ നടത്തിയ പാക് വെടിവയ്പില്‍ ഏഴ് നാട്ടുകാര്‍ക്ക് പരുക്കേറ്റിരുന്നു.
ഏപ്രില്‍ ഒന്നിനാണ് പാകിസ്താന്റെ എഫ് 16 ശ്രേണിയില്‍പെട്ട മൂന്നു വിമാനങ്ങള്‍ നിയന്ത്രണരേഖയ്ക്കരികില്‍വരെ എത്തിയത്. കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് അതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലെത്തിയ പാക് പൗരന്‍ മുഹമ്മദ് അഷ്‌റഫിനെ യാതൊരു പോറലുമേല്‍പിക്കാതെ ഇന്ത്യന്‍ സൈന്യം തിരികെ നല്‍കിയപ്പോള്‍ ബാലാകോട്ട് ആക്രമണത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സൈനികന്‍ അഭിനന്ദനനെ പിടിച്ചുനിര്‍ത്താനാണ് പാകിസ്താന്‍ ശ്രമിച്ചത്. അന്താരാഷ്ട്ര സമ്മര്‍ദത്തെതുടര്‍ന്നാണ് പാകിസ്താന്‍ അഭിനന്ദനനെ വിട്ടയച്ചത്. ഇത്രത്തോളം മാന്യത ഇന്ത്യാ ഗവണ്‍മെന്റില്‍നിന്ന് ഉണ്ടായിട്ടും തീര്‍ത്തും അപരിഷ്‌കൃതമായ സമീപനങ്ങളാണ് പാകിസ്താനില്‍നിന്ന് ഉണ്ടാകുന്നത്.
കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യ-കര്‍താപൂര്‍ ഇടനാഴിയുടെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചുകൊണ്ട് പാക് പ്രധാനമന്ത്രി പറഞ്ഞത് ഇന്ത്യ സമാധാനത്തിന് ഒരുചുവട് മുന്നോട്ടുവച്ചാല്‍ പാകിസ്താന്‍ രണ്ടു ചുവട് മുന്നോട്ടുവയ്ക്കുമെന്നായിരുന്നു. എന്നാല്‍, അതിനു ശേഷവും പാകിസ്താനില്‍നിന്ന് നിരന്തരമായ പ്രകോപനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനാലായിരുന്നു കഴിഞ്ഞ തവണ സാര്‍ക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചത്. ഇക്കാരണത്താല്‍ ഉച്ചകോടിതന്നെ ഉപേക്ഷിക്കേണ്ടിവന്നു. സാര്‍ക്ക് സംഘടന ഇപ്പോള്‍ ദുര്‍ബലവുമാണ്.
ഇന്ത്യ-കര്‍താപൂര്‍ ഇടനാഴി തറക്കല്ലിടല്‍ ചടങ്ങിലും ഇമ്രാന്‍ഖാന്‍ കശ്മിര്‍ പ്രശ്‌നം വലിച്ചിഴച്ചത് ബോധപൂര്‍വം തന്നെയായിരുന്നു. ഇതും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍വീഴ്ത്തി. ഇന്ത്യക്കെതിരേ നിരന്തരം ഭീകരാക്രമണം നടത്തുന്ന ഭീകരരെ സംരക്ഷിക്കുന്ന നിലപാടെടുക്കുന്ന പാകിസ്താനുമായി എങ്ങനെയാണ് ഇന്ത്യ സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വം സാധ്യമാക്കുക പാകിസ്താന്‍ എല്ലാ കാലവും സംഘര്‍ഷവും കലഹവുമായി കഴിയാനാണ് ഭാവമെങ്കില്‍ ആ രാഷ്ട്രത്തിന്റെ അധോഗതി തന്നെയായിരിക്കും അനന്തരഫലം. പാകിസ്താനില്‍ ജനാധിപത്യ ഭരണകൂടം എന്നത് അപ്രസക്തമായിരിക്കുന്നു. ഏതു രാഷ്ട്രീയകക്ഷി അധികാരത്തില്‍വന്നാലും പട്ടാളത്തിന്റെ താല്‍പര്യം മാത്രമേ അവിടെ പുലരൂ. ഭരണത്തിന്റെ രുചിയറിഞ്ഞ പാക് പട്ടാളം ബാരക്കിലേക്ക് മടങ്ങിപ്പോകാന്‍ കൂട്ടാക്കുന്നില്ല. അതുതന്നെയാണ് ആ രാഷ്ട്രത്തിന്റെ തകര്‍ച്ചയ്ക്കുള്ള കാരണവും. ഭരണത്തിന്റെ ആനുകൂല്യങ്ങളും ആഡംബരങ്ങളും ആസ്വദിക്കുകയാണ് പാക് പട്ടാളനേതൃത്വം. അതിന് വിഘ്‌നം വരുന്നതൊന്നും അവര്‍ പൊറുപ്പിക്കുകയില്ല. അതിനായി അതിര്‍ത്തിയില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ അവര്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് ഇന്ത്യയില്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുമായി സമാധാന ചര്‍ച്ച നടത്തുമ്പോള്‍ കാര്‍ഗില്‍ കുന്നുകളിലൂടെ നുഴഞ്ഞുകയറുകയായിരുന്നു ജനറല്‍ മുഷ്‌റഫിന്റെ പട്ടാളം.
ഇതൊക്കെ ഇന്ത്യക്കു ബോധ്യമുള്ളതുകൊണ്ടാണ് ഇന്ത്യ-കര്‍താപൂര്‍ ഇടനാഴി തുറന്നതുകൊണ്ടു മാത്രം ഇന്ത്യ-പാക് ചര്‍ച്ചയ്ക്ക് സാഹചര്യമില്ലെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് അന്ന് തുറന്നടിച്ചത്. പട്ടാളഭരണത്തിന്റെ ഉരുക്കുമുഷ്ടിയില്‍നിന്ന് എന്ന് പാകിസ്താന്‍ മോചിതമാകുന്നുവോ അന്നു മാത്രമേ ഭീകരരാഷ്ട്രം എന്ന ചീത്തപ്പേര് പാകിസ്താനില്‍നിന്ന് മാഞ്ഞുപോവുകയുള്ളൂ. സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തിലൂടെ മാത്രമേ പാകിസ്താന് പുരോഗതിയും ക്ഷേമവും കൈവരൂ. ഈ യാഥാര്‍ഥ്യം പാക് ജനത എന്ന് മനസ്സിലാക്കുന്നുവോ അന്നു മാത്രമേ ഭീകരരുടെ പിടിയില്‍നിന്നും ആ രാജ്യത്തിനും മോചനമുണ്ടാകൂ. അതുവരെ ഇഫ്താര്‍ വിരുന്നിനെത്തിയ അതിഥികളെ അപമാനിച്ചതു പോലുള്ള, പാകിസ്താനിലെ ഗുരുദ്വാര സന്ദര്‍ശിക്കാനെത്തിയ സന്ദര്‍ശകരെ സഹായിക്കാനെത്തിയ രണ്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടത്‌പോലുള്ള അപക്വവും അപരിഷ്‌കൃതവുമായ നടപടികള്‍ ഇനിയും പാകിസ്താനില്‍നിന്ന് ഉണ്ടായിക്കൊണ്ടിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."