സൗജന്യ കൊവിഡ് വാക്സിന് എല്ലാവര്ക്കും അവകാശപ്പെട്ടത്: ബിഹാറിലെ ബിജെപി പ്രഖ്യാപനത്തെ വിമര്‍ശിച്ച് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് ഇന്ത്യയില്‍ എല്ലാവര്ക്കും ലഭ്യമാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ബിഹാറികള്‍ക്ക് സൗജന്യമായി വാക്സിന് നല്‍കുമെന്ന ബി.ജെ.പി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മുഴുവന്‍ രാജ്യത്തിനും സൗജന്യമായി വാക്സിന് ലഭിക്കണം. എല്ലാവര്ക്കും അതിനുള്ള അവകാശമുണ്ട്.' അരവിന്ദ് കെജ്രിവാള് പറഞ്ഞു. ഡല്‍ഹി ശാസ്ത്രി പാര്‍ക്കിലെ ഫ്ളൈ ഓവര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെ ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കൊവിഡ് വാക്സിന് ലഭിക്കില്ലേ എന്ന് കെജ്രിവാള് ചോദിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന് ലഭ്യമാക്കുമെന്നാണ് ബി.ജെ.പി അവതരിപ്പിച്ച പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. കൊറോണ വൈറസ് വാക്സിന് വലിയതോതില്‍ ലഭ്യമാകുമ്പോള്‍, ബീഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്സിനേഷന് ലഭിക്കുമെന്നാണ് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് നിര്‍മ്മല സീതാരാമന് പറഞ്ഞത്.
ബി.ജെ.പിക്കെതിരെ ആര്.ജെ.ഡിയും രംഗത്തെത്തിയിട്ടുണ്ട്. കൊറോണ വൈറസ് വാക്സിന് രാജ്യത്തിന്റേതാണ്, ബി.ജെ.പിയുടേതല്ല എന്നാണ് ആര്.ജെ.ഡിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."