കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ യാത്രക്കാരായ വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി
ചേര്‍ത്തല: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ബസ് യാത്രക്കാരായ വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി. കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്സ് വിദ്യാര്‍ഥികളായ കഞ്ഞിക്കുഴി പഞ്ചായത്ത് 14-ാം വാര്‍ഡ് കാരിക്കുഴി കെ.സി അരവിന്ദ്(21), കൈതക്കാട് സൂരജ് തിലകന് (21) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റ ഇരുവരേയും ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂരജ് തിലകന് വൃക്ക, ഹൃദയസംബന്ധമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വര്‍ഷങ്ങളായി ചികിത്സയില്‍ കഴിയുന്നയാളാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് സംഭവം.
കെ.എസ്.ആര്.ടി.സി ബസില്‍ യാത്രക്കാരായ ഇരുവരും ചേര്‍ത്തലയിലേയ്ക്ക് വരുന്നതിനിടെ ബസ് പെട്ടി ഓട്ടോയുമായി എക്സറേ കവലയ്ക്ക് സമീപത്തുവച്ച് ഉരസിയിയെങ്കിലും ബസ് നിര്‍ത്തിയില്ല. പിന്തുടര്ന്ന് വന്ന പെട്ടി ഓട്ടോ സ്റ്റാന്‍ഡിന് സമീപത്ത് ബസിന് കുറുകെ ഇട്ട് തര്‍ക്കമായി. ഈ സമയം അരവിന്ദും സുരജും ഇത് മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ഇവര്‍ക്കെതിരേ തിരിഞ്ഞു. ബസില്‍ കയറി വിദ്യാര്‍ഥികളെ പിടിച്ചിറക്കി മര്‍ദിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങി ദൃശ്യങ്ങള്‍ നീക്കം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ വിശ്രമിക്കുന്ന മുറിയില്‍ കൊണ്ടുപോയും മര്‍ദിച്ചതായി വിദ്യാര്‍ഥികള്‍ പൊലിസിന് നല്കിയ പരാതിയില്‍ പറയുന്നു. ചേര്‍ത്തല പൊലിസ് കേസെടുത്തു. വിദ്യാര്‍ഥികളെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ച കെ.എസ്.ആര്.ടി.സി ജീവനക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ കഞ്ഞിക്കുഴി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."