വാളയാറില്‍ നീതി കണ്ണടച്ച ഒരാണ്ട്; പ്രതികളെ വെറുതെ വിട്ടിട്ട് ഇന്നേക്ക് ഒരു കൊല്ലം
ഒരു കൊല്ലമായി ഇവിടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരമ്മ അനിശ്ചിതത്വത്തിന്റെ പെരുമഴ നനയുകയാണ്. തെളിവുകളില്ലെന്നൊരു കണ്ടെത്തലില്‍ അവരെ പെരുമഴയിലേക്കിറക്കിറക്കി വിട്ടതാണ് നീതി. തന്റെ കുഞ്ഞുമക്കളുടെ ഊടലുകളിലെ മുറിവും സ്വകാര്യതകളിലെ കീറലുകളുമൊന്നും നോവിക്കാത്ത നീതിന്യായ വ്യവസ്ഥയുടെ കൈപിടിച്ച് അവരെ കീറിമുറിച്ചവര്‍ ചിരിച്ചു കൊണ്ടിറങ്ങി നടന്നപ്പോള്‍ കരയാന്‍ പോലുമാവാത്തൊരു നിസ്സഹായാവസ്ഥ പൊതിഞ്ഞു നിന്നു അവരെ.
2019 ഒക്ടോബര്‍ 25. അന്നാണ് കേരളെ മുഴുവന്‍ ഉറ്റുനോക്കിയ വാളയാര്‍ എന്ന് നമ്മള്‍ ഓമനപ്പേരിട്ടു വിളിച്ച ആ കേസിന്റെ വിധി വന്നത്. തെളിവുകളില്ലാത്തതിന്റെ പേരില്‍ രണ്ടു കുഞ്ഞുമക്കളെ പിച്ചിക്കീറി കൊന്നുകളഞ്ഞവര്‍ സ്വാതന്ത്രത്തിന്റെ വെളിച്ചത്തിലേക്കിറങ്ങി നടന്നത്. കേസിലെ പ്രധാന പ്രതികളെയെല്ലാം വെറുതേ വിട്ടു പാലക്കാട് പോക്‌സോ കോടതി.
ആ രണ്ടു പേര്‍ പേരില്ലാത്തവരായതിങ്ങനെ
ഒരു ചേച്ചിയും കുഞ്ഞനിയത്തിയും. 2017 ജനുവരി വരെ അവര്‍ക്ക് ചേലൊത്ത പേരുണ്ടായിരുന്നു. അതുവരെ അവരെ എല്ലാവരും വിളിച്ചിരുന്നത് അവരുടെ പേരുകളായിരുന്നു. 2017ല്‍ പെട്ടൊന്നൊരു ദിനം അവര്‍ പേരില്ലാത്തവരായി.
2017 ജനുവരി 13ന് 12 വയസ്സുള്ള മൂത്ത പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ താമസിച്ചിരുന്ന താല്‍ക്കാലിക ഷെഡ്ഡിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 52 ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 4 ന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നു. ആ കുട്ടിയുടെ പെറ്റിക്കോട്ടിനുള്ളില്‍ നിന്ന് ചേച്ചിയുടെ ഫോട്ടോ കണ്ടെടുക്കുന്നു. രണ്ടു പെണ്‍കുട്ടികളും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായിട്ടായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
സ്വന്തം ചേച്ചിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇളയ കുട്ടിയായിരുന്നു. അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ് കേസില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുകയുണ്ടായില്ല. കുട്ടികളുടെ അടുത്ത ബന്ധുക്കളും പ്രദേശവാസികളുമായ ചിലരെ പ്രതിചേര്‍ത്ത് വാളയാര്‍ പൊലിസ് അന്വേഷണം തുടങ്ങി.
തുടക്കം മുതല്‍ അനാസ്ഥ
ഇളയകുട്ടിയാണ് ചേച്ചി തൂങ്ങിമരിച്ച കാഴ്ച ആദ്യമായി കാണുന്നത്. നിയമപ്രകാരം ഇത്തരത്തില്‍ ഒരു ആത്മഹത്യ പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ എത്രയും പെട്ടെന്ന് പൊലിസ് ചെന്നന്വേഷിക്കണമെന്നാണ്. വിവരം പൊലിസില്‍ അറിയിക്കപ്പെടുന്നത് രാത്രി ഏഴരയോടെയാണ്. ഒമ്പതുമണിക്ക് മുന്നേ തന്നെ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടത്തപ്പെടുന്നു. ശരീരത്തില്‍ നടത്തിയ പരിശോധനയില്‍ പലയിടങ്ങളിലും പോറലുകളും ചെറിയ മുറിവുകളും മറ്റും ഉള്ളതായി കണ്ടെത്തപ്പെടുന്നു. അടുത്ത ദിവസം രാവിലെ ഏഴുമണിയോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് അയക്കുന്നു.
മൃതദേഹത്തിന്റെ ഓട്ടോപ്സി ഫലത്തില്‍ അസിസ്റ്റന്റ് സര്‍ജന്‍ ഗൗരവമുള്ള ചില നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. അതിലൊന്ന്, കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ കാണുന്ന അണുബാധയ്ക്ക് കാരണം ഒന്നുകില്‍ എന്തെങ്കിലും അസുഖമാകാം, അല്ലെങ്കില്‍ കുട്ടി ലൈംഗികപീഡനത്തിന് വിധേയമായതാകാം എന്നതായിരുന്നു. ഫോറന്‍സിക് പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ പോലും ലൈംഗികപീഡനം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്ന് റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറഞ്ഞിട്ടുണ്ടായിരുന്നു.
ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് യാതൊരു കാരണവശാലും പൊലിസ് നിസ്സാരമായി തള്ളിക്കളയാന്‍ പാടുണ്ടായിരുന്നില്ല. എന്നാല്‍, അങ്ങനെ സംഭവിച്ചു. ഈ കണ്ടെത്തലുകളുടെ ബലത്തില്‍ പ്രദേശവാസികളില്‍ സംശയമുള്ളവരെ ചോദ്യംചെയ്ത് വേണ്ട തെളിവുകള്‍ ശേഖരിക്കേണ്ട പൊലിസ് അങ്ങനെ യാതൊന്നും തന്നെ ചെയ്തില്ല. ഒരു തുടരന്വേഷണവുമുണ്ടായില്ല. ഒരു ആത്മഹത്യയാണ് നടന്നത് എന്നുറപ്പിച്ചതോടെ അസ്വാഭാവികമരണത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുപോലും അന്വേഷണം അവസാനിപ്പിച്ചു.
എന്നാല്‍, ഈ സംഭവം നടന്നു കൃത്യം 52 ദിവസങ്ങള്‍ക്കുള്ളില്‍, അതായത് മാര്‍ച്ച് 4 -ന്, ആ വീട്ടില്‍ രണ്ടാമതൊരു അസ്വാഭാവിക മരണം കൂടി നടന്നു. അതേ മുറിയില്‍, അതേ മച്ചില്‍ തൂങ്ങി ഇളയകുട്ടിയും മരിച്ചു. അതോടെ കേസ് മാധ്യമശ്രദ്ധയാകര്‍ഷിച്ചു. ഇളയകുട്ടിയുടെ ഓട്ടോപ്സി റിപ്പോര്‍ട്ടില്‍ ആ കുട്ടി നിരവധി തവണ പീഡനത്തിന് വിധേയയാക്കപ്പെട്ടിട്ടുണ്ട് എന്ന് തെളിഞ്ഞു. അതോടെ പൊലിസ് പോക്‌സോ കൂടി ചുമത്തി ബലാത്സംഗക്കേസ് ചാര്‍ജ്ജ് ചെയ്ത് അന്വേഷണം തുടങ്ങി. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം ഏഴുപേര്‍ പ്രതിചേര്‍ക്കപ്പെട്ടു. പ്രതികളില്‍ ഒന്നാം പ്രതി വി മധു, നാലാം പ്രതി കുട്ടിമധു എന്ന എം മധു എന്നിവര്‍ മരണപ്പെട്ട കുട്ടികളുടെ അമ്മയുടെ അടുത്ത ബന്ധുക്കളായിരുന്നു. അതിനുപുറമെ രാജാക്കാട് സ്വദേശിയായ ഷിബു രണ്ടാം പ്രതിയായും, ചേര്‍ത്തല സ്വദേശിയായ പ്രദീപ് മൂന്നാം പ്രതിയായും പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു.
പ്രസ്തുത കേസിന്റെ വിചാരണയ്ക്കൊടുവിലാണ് പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി (പോക്‌സോ) പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. മൂന്നാം പ്രതിയായ പ്രദീപിനെ സെപ്തംബര്‍ 30 -ന് ഇതേ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടിരുന്നു. ഒന്നും, നാലും പ്രതികളായ രണ്ടു മധുക്കളും കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയുടെ അടുത്ത ബന്ധുക്കളാണ്. രണ്ടാം പ്രതി ഷിബു അച്ഛനമ്മമാരുടെ സഹപ്രവര്‍ത്തകനും വീട്ടില്‍ സ്ഥിരമായി വന്നുപോയ്‌ക്കൊണ്ടിരുന്ന ഒരാളുമായിരുന്നു.
തങ്ങളുടെ മക്കളെ പ്രതികള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന് തങ്ങള്‍ തന്നെ ഒരിക്കല്‍ സാക്ഷിയായിട്ടുണ്ട് എന്ന് ആദ്യത്തെ കുട്ടിയുടെ മരണം നടന്നപ്പോള്‍ തന്നെ പൊലീസിന് മൊഴികൊടുത്തിട്ടും അവര്‍ വേണ്ടത്ര ഗൗരവത്തിലെടുക്കുകയുണ്ടായില്ല എന്ന് കുട്ടികളുടെ അച്ഛനമ്മമാര്‍ പറഞ്ഞു. അന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ ചില രാഷ്ട്രീയക്കാര്‍ ഇടപെട്ട് മണിക്കൂറുകള്‍ക്കകം ജാമ്യത്തിലിറക്കുകയായിരുന്നു എന്നും അവര്‍ പറയുന്നു.
ഈ കുട്ടികള്‍ ലൈംഗികമായ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് വിചാരണക്കൊടുവില്‍ കോടതിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, അത് ചെയ്തത് കുറ്റം ആരോപിക്കപ്പെട്ട പ്രതികള്‍ തന്നെയാണെന്നു സംശയാതീതമായി തെളിയിക്കാന്‍ പൊലിസിനും പ്രോസിക്യൂഷനും സാധിച്ചിട്ടില്ല എന്ന നിരീക്ഷണത്തോടെയാണ് സെഷന്‍സ് കോടതി പ്രതികളെ വെറുതെ വിട്ടത്.
വീഴ്ച പറ്റിയെന്ന് ജുഡീഷ്യല്‍ സമിതിയും
വാളയാര്‍ കേസ് തോറ്റത് എങ്ങനെയെന്ന് പരിശോധിക്കാനായിരുന്നു സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി പി കെ ഹനീഫയെ കമ്മീഷനായി ചുമതലപ്പെടുത്തി. പൊലിസിനും പ്രോസിക്യൂഷനും ഒരു പോലെ വീഴ്ച പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. തുടര്‍ന്ന് വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടായിട്ടില്ല.
കേസ് വീണ്ടും കോടതിയില്‍
വാളയാര്‍ വിധി റദ്ദാക്കണമെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഏതന്വേഷണത്തിനും സന്നദ്ധമാണെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു. നവംബര്‍ 9 ന് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.
വാളയാര്‍ കേസില്‍ സെഷന്‍സ് കോടതി വിധി റദ്ദാക്കി കൂടുതല്‍ അന്വേഷണം നടത്തി പുനര്‍ വിചാരണയ്ക്ക് അനുമതി നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അമ്മ സമര്‍പ്പിച്ച അപ്പീലും ഇതിനൊപ്പം പരിഗണിക്കും.
നീതിതേടി അമ്മ വീണ്ടും തെരുവിലേക്ക്
കോടതി വിധിയുടെ ഒന്നാം വര്‍ഷികത്തില്‍ നീതിക്കായി വീടിന് മുന്നില്‍ സത്യഗ്രഹം തുടങ്ങുകയാണ് ഈ അമ്മ. നീതി കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്ന് അമ്മ വ്യക്തമാക്കി. തെരുവില്‍ കിടന്ന് മരിക്കേണ്ടി വന്നാലും നീതി കിട്ടുന്നത് വരെ സമരം ചെയ്യുമെന്നാണ് അമ്മ പറയുന്നത്. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ചതിച്ചതായും ഈ അമ്മ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."