'യോഗിയെ പോലെ അവര്‍ ഇരകളെ അടിച്ചമര്‍ത്തുന്നില്ല; നീതി നിഷേധിക്കപ്പെടുന്നിടത്ത് ഞാനെത്തും'- ബി.ജെ.പി നേതാക്കളുടെ പരിഹാസത്തിന് രാഹുലിന്റെ മറുപടി
ന്യൂഡല്‍ഹി: പഞ്ചാബില്‍ആറുവയസ്സുള്ള ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍, പ്രതിഷേധവുമായി പഞ്ചാബിലേക്ക് പോകാത്തത് എന്തുകൊണ്ടെന്ന ബി.ജെ.പി നേതാക്കളുടെ പരിഹാസത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ പോലെ ഇരകളുടെ കുടുംബത്തെ ബന്ധികളാക്കുകയോ നീതിക്കായുള്ള അവരുടെ പോരാട്ടത്തെ തടയുകയോ പഞ്ചാബ് രാജസ്ഥാന്‍ സര്‍ക്കാറുകള്‍ ചെയ്യുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങിനെയൊന്നുണ്ടായാല്‍ താന്‍ അവിടെയുമെത്തുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
'യു.പിയെ പോലെ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന വസ്തുത പോലും നിഷേധിച്ചവരല്ല
രാജസ്ഥാന്‍ പഞ്ചാബ് സര്‍ക്കാറുകള്‍. ഇരകളുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും നീതിക്കായുള്ള അവരുടെ വഴി തടയുകയും ചെയ്തിട്ടില്ല. അവരങ്ങിനെ ചെയ്താന്‍ നീതിക്കുവേണ്ടി പോരാടാന്‍ ഞാന്‍ അവിടേയുമെത്തും'- രാഹുല്‍ ട്വീറ്റ് ചെയ്തു.
ഗാന്ധി കുടുംബത്തിന് നേരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കറും നിര്‍മല സീതാരാമനുമാണ് രംഗത്തത്തിയത്. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോള്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എന്തുകൊണ്ട് ഇതുവരെ പഞ്ചാബിലേക്ക് പോയില്ലെന്നായിരുന്നു ചോദ്യം.
ഉത്തര്‍പ്രദേശിലേക്ക് 'പൊളിറ്റിക്കല്‍ ടൂര്‍' നടത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ കാണുന്നില്ലെന്നും ജാവദേക്കര്‍ കുറ്റപ്പെടുത്തി.
പഞ്ചാബില്‍ ആറുവയസ്സുള്ള ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. പ്രതികളുടെ വീട്ടില്‍ നിന്നാണ് പാതി കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തണ്ടയിലെ ജലാല്‍പുര്‍ ഗ്രാമത്തിലാണ് സംഭവം.
ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയുടെ മകളെയാണ് പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെടുത്തിയത്. സംഭവത്തില്‍ ഗുര്‍പ്രീത് സിങ്, ഇയാളുടെ മുത്തച്ഛന്‍ സുര്‍ജിത് സിങ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. കൊലപാതകം, ബലാത്സംഗം എന്നിവയ്ക്ക് പുറമേ പോക്സോ വകുപ്പും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയെ ഗുര്‍പ്രീത് വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും കുട്ടി മരിച്ചതോടെ ഗുര്‍പ്രീത് മുത്തച്ഛനായ സുര്‍ജിത്തിന്റെ സഹായത്തോടെ മൃതദേഹം കത്തിക്കുകയായിരുന്നുവെന്നുമാണ് പൊലിസ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."