വാഹനമിടിച്ച് കുരങ്ങന്‍കുഞ്ഞ് മരിച്ചു; ഭക്ഷണം കഴിക്കാതെ പ്രതിഷേധിച്ച് വാനരക്കൂട്ടം
തൃക്കരിപ്പൂര്‍: വാഹനമിടിച്ച് കുരങ്ങന്‍കുഞ്ഞ് മരിച്ചു. കാവുപരിസരത്തെ റോഡുവഴിയുളള വാഹനം തടഞ്ഞു നിര്‍ത്തിയും വഴിയാത്രക്കാരെ കോക്രികാണിച്ചും പ്രതിഷേധിച്ച് വാനരക്കൂട്ടം. കുട്ടിക്കുരങ്ങന്റെ ശവശരീരത്തിന് ചുറ്റും തലങ്ങും വിലങ്ങും ഓടിനടന്ന് പ്രതിഷേധിക്കുന്ന വാനരന്മാരുടെ സങ്കടം കണ്ടുനിന്നവരില്‍ കണ്ണീര്‍ പൊഴിച്ചു. ഇടയിലെക്കാട് കാവിലെ നാല്‍പതോളമുള്ള വാനരസംഘത്തിലെ ഒരു കുഞ്ഞിനാണ് ഇന്നലെ ഉച്ചയോടെ കാവിനടുത്ത റോഡിലേക്കുകടന്നു വരുന്നതിനിടെ മിനിലോറി തലയ്ക്കിടിച്ച് ദാരുണാന്ത്യം സംഭവിച്ചത്.
തുടര്‍ന്ന് അതുവഴി വന്ന ഒരു സ്‌കൂട്ടര്‍ യാത്രികന്‍ ശവശരീരത്തിനടുത്തേക്ക് നീങ്ങിയതോടെ കുരങ്ങു പട വാഹനം വളഞ്ഞ് ഹെല്‍മറ്റ് കൈക്കലാക്കി പ്രതിഷേധിച്ചു. വാനരര്‍ക്ക് നിത്യവും ചോറൂട്ടുന്ന ചാലില്‍ മാണിക്കം ചോറ്റുപാത്രവുമായി എത്തിയതോടെ അവരുടെ സങ്കടം ഇരട്ടിച്ചു. കുരങ്ങുകളില്‍ ഭൂരിഭാഗവും എത്ര നിര്‍ബന്ധിച്ചിട്ടും ചോറുരുള തിന്നാന്‍ കൂട്ടാക്കിയില്ല. നാട്ടുകാര്‍ ചേര്‍ന്ന് ശവശരീരം കാവിനരികില്‍ തന്നെ കുഴികുത്തി സംസ്‌കരിച്ചു.
മൃതശരീരം എടുക്കുമ്പോഴും കുഴികുത്തുമ്പോഴും പ്രതിഷേധശബ്ദം മുഴക്കി മരച്ചില്ലകള്‍ കുലുക്കിയും സങ്കട ഭാവത്തോടെ തലതാഴ്ത്തിപ്പിടിച്ചും തങ്ങളുടെ കൂടപ്പിറപ്പിനെ യാത്രയാക്കുന്ന രംഗം കണ്ടുനിന്ന നാട്ടുകാരിലും നീറ്റലായി. സന്ധ്യയായിട്ടും ഭൂരിഭാഗം കുരങ്ങുകളും ശവമടക്കിയ കുഴിയുടെ നേരെയുള്ള വേലിയില്‍ സങ്കടം സഹിക്കാനാകാതെ ദുഃഖത്തില്‍ മുങ്ങിനിന്ന അവസ്ഥയിലായിരുന്നു.
റോഡിന്റെ തെക്കുഭാഗത്തുവച്ച് സഞ്ചാരികള്‍ തീറ്റനല്‍കുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ ഇതിനു മുന്‍പും വാഹനങ്ങളുടെ പാച്ചിലിനിടയില്‍ കുരങ്ങുകള്‍ റോഡില്‍ ചതഞ്ഞരഞ്ഞ സംഭവമുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."