രണ്ടു താരങ്ങള്‍ സെഞ്ച്വറിയടിച്ചിട്ടും രക്ഷയുണ്ടായില്ല; റണ്‍മഴ പിറന്ന മല്‍സരത്തില്‍ പാകിസ്താനോട് ഇംഗ്ലണ്ട് കീഴടങ്ങി
നോട്ടിങ്ഹാം: കഴിഞ്ഞദിവസം വെസ്റ്റിന്‍ഡീസിനോട് ഏറ്റുവാങ്ങിയ തോല്‍വിക്ക് ആതിഥേരെ മലയര്‍ത്തിയടിച്ച് പാക്കിസ്ഥാന്റെ പ്രായാശ്ചിത്തം. രണ്ടുതാരങ്ങള്‍ സെഞ്വറിയടിച്ചിട്ടും പാകിസ്താനു മുന്‍പില്‍ ഇംഗ്ലണ്ട് പരാജയം രുചിച്ചു. 14 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ തോല്‍വി. ഒരു സെഞ്ചുറി പോലും പിറക്കാതെ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 349 റണ്‍സ് വിജയലക്ഷ്യം രണ്ടുസെഞ്ചുറികളുണ്ടായിട്ടും ഇംഗ്ലണ്ടിനു മറികടക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സ്. ഈ ലോകകപ്പിലെ ഉയര്‍ന്ന സ്‌കോറും ലോകകപ്പ് ചരിത്രത്തില്‍ പാക്കിസ്ഥാന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറുമാണിത്. മറുപടി ബാറ്റിങ്ങില്‍ ജോ റൂട്ട് (107), ജോസ് ബട്‌ലര്‍ (103) എന്നിവര്‍ സെഞ്ച്വറി നേടിയെങ്കിലും നിശ്ചിത ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുക്കാനെ ഇംഗ്ലണ്ടിനായുള്ളൂ.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ പിഴച്ചു. ജെയ്‌സന്‍ റോയി എട്ട് റണ്‍സുമായി പുറത്തായി. കഴിഞ്ഞ കളി ആവര്‍ത്തിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ജോണി ബെയര്‍സ്‌റ്റോയും പുറത്തായി. 32 റണ്‍സിന് ബെയര്‍സ്റ്റോ പുറത്തായത്. എന്നാല്‍ ജോ റൂട്ട് ഉറച്ചുനിന്നതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ വര്‍ധിച്ചു.
നായകന്‍ ഇയാന്‍ മോര്‍ഗന്‍ ഒമ്പത് റണ്‍സും കഴിഞ്ഞ കളിയിലെ താരം ബെന്‍ സ്‌റ്റോക്‌സ് 13 റണ്‍സും മാത്രമെടുത്ത് പുറത്തായെങ്കിലും ജോസ് ബട്ട്‌ലര്‍ റൂട്ടിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് ശക്തമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 104 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് റൂട്ട് 107 റണ്‍സെടുത്തത്. ട്വന്റി20 ശൈലിയില്‍ തകര്‍ത്തടിച്ച ബട്‌ലര്‍ 76 പന്തില്‍ ഒന്‍പതു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 103 റണ്‍സെടുത്തു. ബട്ട്‌ലര്‍ കൂടി പുറത്തായതോടെയാണ് ഇംഗ്ലണ്ടിന് അനുകൂലമായിരുന്ന കളി പൊടുന്നനെ കൈവിട്ടത്.
മോഇന്‍ അലിയും ക്രിസ് വോക്‌സും പ്രതീക്ഷയായി അവസാന ഓവറുകളിള്‍ വീശിയടിച്ചെങ്കിലും തുടരെ തുടരെയുള്ള രണ്ട് പന്തുകളില്‍ രണ്ട് പേരേയും മടക്കി അയച്ച് വെറ്ററന്‍ ബൗളര്‍ വഹാബ് റിയാസ് പാക്കിസ്ഥാന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. പാക്കിസ്ഥാനായി വഹാബ് റിയാസ് 10 ഓവറില്‍ 82 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഷതാബ് ഖാന്‍ 10 ഓവറില്‍ 63 റണ്‍സ് വഴങ്ങിയും മുഹമ്മദ് ആമിര്‍ 10 ഓവറില്‍ 67 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഹഫീസ്, ശുഐബ് മാലിക്ക് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. തുടര്‍ച്ചയായി 11 മത്സരങ്ങള്‍ തോറ്റതിന് ശേഷമാണ് പാക്കിസ്ഥാന്‍ ഒരു ഏകദിനം ജയിക്കുന്നത് എന്നതും ഈ വിജയത്തിന്റെ മധുരം കൂട്ടുന്നു.
നേരത്തെ, ഏകദിനത്തിലെ 38ാം അര്‍ധസെഞ്ച്വറി നേടിയ മുഹമ്മദ് ഹഫീസാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. 62 പന്തു നേരിട്ട ഹഫീസ് എട്ടു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 84 റണ്‍സെടുത്തു. ബാബര്‍ അഅ്‌സം (66 പന്തില്‍ 63), ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് (44 പന്തില്‍ 55) എന്നിവരും പാക്കിസ്ഥാനായി അര്‍ധസെഞ്ച്വറി നേടി. ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹഖ് (58 പന്തില്‍ 44), ഫഖര്‍ സമാന്‍ (40 പന്തില്‍ 36) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ആസിഫ് അലി (11 പന്തില്‍ ഒരു സിക്‌സ് സഹിതം 14), ശുഐബ് മാലിക്ക് (എട്ടു പന്തില്‍ എട്ട്), വഹാബ് റിയാസ് (രണ്ടു പന്തില്‍ നാല്), ഹസന്‍ അലി (അഞ്ചു പന്തില്‍ പുറത്താകാതെ 10), ഷതാബ് ഖാന്‍ (നാലു പന്തില്‍ പുറത്താകാതെ 10) എന്നിങ്ങനെയാണു മറ്റു താരങ്ങളുടെ പ്രകടനം.
ഇംഗ്ലണ്ടിനായി 10 ഓവറില്‍ 53 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത മോയിന്‍ അലിയുെട പ്രകടനം ശ്രദ്ധേയമായി. ക്രിസ് വോക്‌സിനും മൂന്നു വിക്കറ്റുണ്ടെങ്കിലും എട്ട് ഓവറില്‍ 71 റണ്‍സ് വഴങ്ങി. മാര്‍ക്ക് വുഡ് 10 ഓവറില്‍ 53 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി. അതേസമയം, ഇംഗ്ലണ്ടിന്റെ മുഖ്യ പ്രതീക്ഷയായിരുന്ന ജോഫ്ര ആര്‍ച്ചര്‍ 10 ഓവറില്‍ 79 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നും കിട്ടിയുമില്ല.
മല്‍സരത്തിലാകെ നാലു ക്യാച്ച് സ്വന്തമാക്കിയ ഇംഗ്ലണ്ട് താരം ക്രിസ് വോക്‌സ്, ഇക്കാര്യത്തില്‍ നിലവിലെ ലോകകപ്പ് റെക്കോര്‍ഡിനൊപ്പമെത്തി. മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് (2003ല്‍ ശ്രീലങ്കയ്‌ക്കെതിരെ), ബംഗ്ലദേശ് താരം സൗമ്യ സര്‍ക്കാര്‍ (2015ല്‍ സ്‌കോട്‌ലന്‍ഡിനെതിരെ), പാക്കിസ്ഥാന്റെ ഉമര്‍ അക്മല്‍ (2015ല്‍ അയര്‍ലന്‍ഡിനെതിരെ) എന്നിവരാണ് ലോകകപ്പില്‍ ഒരു മല്‍സരത്തില്‍ നാലു ക്യാച്ചു സ്വന്തമാക്കിയിട്ടുള്ള ഫീല്‍ഡര്‍മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."