ഉല്‍പാദനം ഉയര്‍ത്തി ജലനിരപ്പ് കുറയ്ക്കാനുള്ള ശ്രമം പാളുന്നു
ഒരു ജനറേറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ മറ്റൊന്ന് ഷട്ട്ഡൗണില്‍
തൊടുപുഴ: പൂര്‍ണ സംഭരണശേഷിയോട് അടുക്കുന്ന ഇടുക്കി പദ്ധതിയില്‍ ഉല്‍പാദനം ഉയര്‍ത്തി ജലനിരപ്പ് കുറയ്ക്കാനുള്ള ശ്രമം പാളുന്നു. മൂലമറ്റം പവര്‍ ഹൗസില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ജനറേറ്റര്‍ തകരാറാണ് വില്ലനാകുന്നത്. കഴിഞ്ഞ ദിവസം ഒന്നാം നമ്പര്‍ ജനറേറ്റര്‍ കൂടി ഷട്ട് ഡൗണ്‍ ആയതോടെ ആദ്യഘട്ടത്തിലെ മൂന്ന് ജനറേറ്ററുകളുടെയും പ്രവര്‍ത്തനം നിലച്ചിരുന്നു. രണ്ടാം നമ്പര്‍ ജനറേറ്റര്‍ പൊട്ടിത്തെറിയെത്തുടര്‍ന്നും മൂന്നാം നമ്പര്‍ വാര്‍ഷിക അറ്റകുറ്റപ്പണിയുടെ ഭാഗമായുമാണ് പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നത്.
അതേസമയം ശനിയാഴ്ച രാത്രി 11.45 ഓടെ തകരാര്‍ പരിഹരിച്ച് ഒന്നാം നമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തനം വീണ്ടും തുടങ്ങിയിട്ടുണ്ട്. മൂന്നാം നമ്പര്‍ ജനറേറ്ററിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി തീര്‍ത്ത് കഴിഞ്ഞ ദിവസം ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ ശക്തമായ ഓയില്‍ ലീക്കുണ്ടായിരുന്നു. എന്നാല്‍ ഇത് ലീക്കല്ലെന്നും ഓയില്‍ ഒഴിച്ചപ്പോള്‍ റണ്ണറില്‍ വീഴുകയും ഇത് ട്രയല്‍ റണ്ണിനിടെ തെറിച്ച് പുറത്തേക്ക് വീഴുകയായിരുന്നുവെന്നുമാണ് അധികൃതരുടെ വിശദീകരണം. രണ്ട് ദിവസത്തിനകം ഈ ജനറേറ്ററും പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കെ.എസ്.ഇ.ബി അധികൃതര്‍ വ്യക്തമാക്കി.
ജനുവരി 20 ന് പൊട്ടിത്തെറിച്ച് പ്രവര്‍ത്തനം നിലച്ച രണ്ടാം നമ്പര്‍ ജനറേറ്ററില്‍ വീണ്ടും തകരാര്‍ കണ്ടെത്തിയിട്ടുണ്ട്. ജനറേറ്ററിന്റെ ഇന്‍സുലേഷനാണ് തകരാര്‍. വോള്‍ട്ടേജ് കൃത്യമായി കാണിക്കുന്നില്ല. തകരാര്‍ കണ്ടെത്തണമെങ്കില്‍ സ്റ്റേറ്ററിന്റെ വൈന്‍ഡിങ് പൂര്‍ണമായും പരിശോധിക്കേണ്ടതുണ്ട്. എവിടെയാണ് തകറാറെന്ന് കണ്ടെത്താന്‍ സമയമെടുക്കുമെന്ന് ജനറേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അണക്കെട്ടിലെ ജലനിരപ്പ് ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പിന്നിട്ടതോടെയാണ് മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പാദനം ഉയര്‍ത്തിയത്. ശരാശരി നാല് ദശലക്ഷം യൂനിറ്റായിരുന്ന ഉല്‍പാദനം കഴിഞ്ഞ 14 മുതല്‍ ഇരട്ടിയിലധിമായി വര്‍ധിപ്പിച്ചിരുന്നു. അധികമായി വരുന്ന വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ച് വഴി വില്‍പന നടത്തി വരികയുമായിരുന്നു. തുടര്‍ച്ചയായുള്ള തകരാര്‍ വൈദ്യുതി ഉല്‍പാദനത്തിന് തിരിച്ചടിയാകുകയാണ്. 130 മെഗാവാട്ട് വീതം ശേഷിയുള്ള 6 ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കാനായാല്‍ 18.72 മില്യണ്‍ യൂനിറ്റ് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കാനാകുക. 6.678 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉല്‍പാദനം.
ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ് 2393.98 അടിയാണ്. കഴിഞ്ഞ ദിവസം 2394.02 അടി വരെ ഉയര്‍ന്നെങ്കിലും മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ കാരണം. 24 മണിക്കൂറിനിടെ 5.821 മില്യണ്‍ യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തിയപ്പോള്‍ 6.678 മില്യണ്‍ യൂനിറ്റായിരുന്നു ഉല്‍പാദനം. സംഭരണശേഷിയുടെ 92 ശതമാനം വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. അടുത്തയാഴ്ച തുലാമഴ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."