പുത്തുമല പുനരധിവാസം 'തറ' നോക്കി നെടുവീര്‍പ്പിട്ട് ദുരന്തബാധിതര്‍
കല്‍പ്പറ്റ: പ്രളയ ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ നിര്‍മാണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞെങ്കിലും പുത്തുമലയിലെ ദുരന്തബാധിതര്‍ ഇപ്പോഴും വാടകവീടുകളില്‍ തന്നെ. കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള റീബില്‍ഡ് പുത്തുമല പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിര്‍മാണം ഇഴയുന്നതാണ് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്.
ജൂണ്‍ 23നാണ് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് നാലു മാസം പിന്നിട്ടിട്ടും 52 വീടുകളില്‍ ഒന്നുപോലും പൂര്‍ത്തിയായിട്ടില്ല. ഇതില്‍ തന്നെ വിരലിലെണ്ണാവുന്ന വീടുകളുടെ തറ നിര്‍മാണം മാത്രമാണ് ഇതുവരെ നടന്നത്. ഇത്രയും വീടുകളില്‍ ഒരു വീട് ലിന്റല്‍ പൊക്കമെത്തിയത് മാത്രമാണ് ഇതിനൊരപവാദം. സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലു ലക്ഷം രൂപ ലഭിക്കാത്തതാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇഴയാനുള്ള പ്രധാന കാരണം. 17 കുടുംബങ്ങള്‍ക്ക് ഇനിയും ഈ തുക കൈമാറിയിട്ടില്ല. ഇതോടെ ഇവരുടെ വീടു നിര്‍മാണം നിലയ്ക്കുന്ന അവസ്ഥയാണുള്ളത്.
ഇതുവരെ തുക കൈമാറാത്തതിനാല്‍ തറ നിര്‍മാണം കഴിഞ്ഞാല്‍ പ്രവൃത്തി തല്ക്കാലം നിര്‍ത്തിവയ്ക്കുമെന്ന് നിര്‍മാണം ഏറ്റെടുത്തവര്‍ കുടുംബങ്ങളെ അറിയിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനം ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ടവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെങ്കിലും തുക ലഭ്യമാക്കാന്‍ ഒരു നടപടിയുമുണ്ടായിട്ടില്ല. കൊവിഡ് പ്രതിസന്ധിയില്‍ ജോലിയും ഇല്ലാതായതോടെ വാടക നല്കാന് പോലും കഴിയാത്ത അവസ്ഥയിലാണ് പല കുടുംബങ്ങളും.
ദുരന്ത സമയത്ത് വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പത്തു ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുനരധിവാസത്തിന് മാതൃഭൂമി ചാരിറ്റബ്ള്‍ ട്രസ്റ്റ് ഭൂമി വാങ്ങിനല്കിയതോടെ പത്തു ലക്ഷത്തില്‍ നാലു ലക്ഷം മാത്രമാണ് സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്കു നല്‍കുന്നത്. ബാക്കി തുക വീടു നിര്‍മാണം ഏറ്റെടുത്ത സംഘടനകളാണ് വഹിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലു ലക്ഷം കൃത്യമായി വിതരണം ചെയ്യാന്‍ അധികൃതര്‍ക്കായിട്ടില്ല. കൂടാതെ ഏറ്റെടുത്ത സ്ഥലത്ത് വെള്ളത്തിന്റെ സൗകര്യമില്ലാത്തതും കുടുംബങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ്. നിലവില്‍ നിര്‍മാണപ്രവൃത്തികള്‍ക്കു പോലും മറ്റു സ്ഥലങ്ങളില്‍ നിന്നാണ് വെള്ളമെത്തിക്കുന്നത്.
അതേസമയം, ഉരുള്‍പൊട്ടലുണ്ടായ പുത്തുമല പച്ചക്കാട്ടില്‍ സ്ഥലമുണ്ടായിരുന്നവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ല. ഇവരെ സര്‍ക്കാര്‍ പരിഗണിക്കുക പോലും ചെയ്യുന്നില്ലെന്നും ഭൂമി നഷ്ടപ്പെട്ടവര്‍ കുറ്റപ്പെടുത്തി. കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ച മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം യുദ്ധകാലാടിസ്ഥാനത്തില്‍ നല്കിയ സര്‍ക്കാര്‍ ദുരന്തബാധിതരോട് ഇപ്പോഴും അവഗണന തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."