കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയുടെ ഈദ് ആശംസകള്‍
കോഴിക്കോട്: ആത്മീയതയുടെ അനിര്‍വചനീയമായ അനുഭൂതി നുകര്‍ന്ന് നിര്‍വൃതിയടഞ്ഞ വിശ്വാസിക്ക് സന്തോഷത്തിന്റെ സുദിനമായെത്തിയ പെരുന്നാള്‍ പുലരിയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഈദാശംസകള്‍ നേരുന്നു.
ആഹ്ലാദത്തിന്റെ നിറ പുഞ്ചിരിയുമായി വീണ്ടുമൊരു ഈദുല്‍ഫിത്വര്‍. വിശ്വാസികളുടെ ആത്മാവിലേക്ക് അനുഗ്രഹങ്ങള്‍ പെയ്തിറങ്ങിയ പുണ്യമാസത്തിന്റെ വേര്‍പ്പാടിനുശേഷമാണ് ഈ ആഘോഷം നമ്മെ തൊട്ടുണര്‍ത്തുന്നത്.
അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും പ്രാര്‍ഥനയിലൂടെയും സത്കര്‍മങ്ങളിലൂടെയും ഒരു മാസക്കാലം ആര്‍ജിച്ചെടുത്ത പുതിയ വെളിച്ചം വിശ്വാസികളുടെ തുടര്‍ ജീവിതത്തിലും അണയാതെ സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും കഴിയേണ്ടതുണ്ട്.
പാപങ്ങളിലേക്കു കാലിടറി വീഴാതെ, നന്മയുടെ പച്ചതുരുത്തുകള്‍ ഹൃദയത്തില്‍ പടുത്തുയര്‍ത്തി, റമദാന്‍ നല്‍കിയ പുതു ചൈതന്യം എല്ലാവര്‍ക്കും എല്ലാക്കാലവും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കഴിയട്ടെ.
സന്തോഷത്തിന്റെ ഈ സുദിനത്തില്‍ നമ്മുടെ സഹോദരങ്ങളിലേക്കും അയല്‍വാസികളിലേക്കും ഈ സുകൃതങ്ങള്‍ പകര്‍ന്ന് കൊടുക്കാന്‍ സാധിക്കണം. പെരുന്നാള്‍ ദിനത്തില്‍ ഒരാളുപോലും പട്ടിണി കിടക്കരുതെന്ന മഹത്തായ ആശയമാണ് ഫിത്വര്‍ സകാത്ത് നല്‍കുന്ന സന്ദേശം.
പരസ്പര സ്നേഹവും സാഹോദര്യവും നിലനിര്‍ത്താനും, കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും, സഹജീവികളോട് സഹനവും കാരുണ്യവും കാണിക്കാനും ഈ സുദിനത്തില്‍ നമുക്ക് സാധിക്കണം. നന്മയും സ്നേഹവും ഐക്യവും പരസ്പരം കാത്തുസൂക്ഷിക്കാന്‍ ഈ വേളയില്‍ നാം തയാറാവുക. വ്രത ശുദ്ധിയില്‍ കരസ്ഥമാക്കിയ ഊര്‍ജം ഭാവിജീവിതത്തിലേക്കൊരു വഴിവിളക്കാവട്ടെ. ഏവര്‍ക്കും ഈദ് ആശംസകള്‍.
അല്ലാഹു അക്ബര്‍..... വലില്ലാഹില്‍ ഹംദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."