നികുതി പുതുക്കി നല്‍കണമെന്ന്
പുല്‍പ്പള്ളി: പാടിച്ചിറ വില്ലേജില്പെട്ടവര്ക്ക് ഭൂനികുതി അടച്ചുപുതുക്കി നല്കാന് അധികൃതര്‍ തയാറാകുന്നില്ലെന്ന് പരാതി. റീസര്‍വേയുമായി ബന്ധപ്പെട്ട പരാതി നല്കിയ കര്‍ഷകരുടെ ഭൂമിയുടെ നികുതി പുതുക്കി നല്‍കാത്തത് കാരണം ബാങ്കുകളില്‍ വായ്പ എടുക്കുന്നതിനോ മറ്റ് ആവശ്യങ്ങള്‍ക്കോ കഴിയാത്ത അവസ്ഥയാണ്.
2016 ജനുവരി ഒന്നു മുതല്‍ പാടിച്ചിറ വില്ലേജില്‍ റീസര്‍വേ പൂര്‍ത്തിയായെന്ന് റവന്യൂവകുപ്പ് പ്രഖ്യാപനം നടത്തിയെങ്കിലും പകുതിയോളം കര്‍ഷകരുടെ ഭൂമികള്‍ രേഖയില്ലാതായതോടെയാണ് കര്‍ഷകര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത്.
എന്നാല്‍, ഒരു വര്‍ഷം പിന്നിടുമ്പോഴും അധികൃതര്‍ ഭൂമി അളക്കാന്‍ തയാറായിട്ടില്ല. ഇതുമൂലം പലര്‍ക്കും ഭൂമി വില്ക്കാന് പോലും കഴിയാത്ത അവസ്ഥയാണ്. റീസര്‍വേയിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജിലെത്തുന്നവരെ മാനന്തവാടി റീസര്‍വേ ഓഫിസിലേക്ക് പറഞ്ഞയക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
റീസര്‍വേയിലെ അപാകതയുമായി ബന്ധപ്പെട്ട് വിവിധ-രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും പ്രശ്നത്തിന് യാതൊരു പരിഹാരവുമായില്ല.
പാടിച്ചിറ വില്ലേജിലെ റീസര്‍വേയിലെ അപാകതകള്‍ പരിഹരിച്ച് കര്‍ഷകര്‍ക്ക് നികുതി അടയ്ക്കാനുള്ള സൗകര്യമേര്‍പ്പെടുത്താന്‍ റവന്യൂവകുപ്പ് തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."